കൊച്ചി : കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഹൃദ്രോഗ ചികിത്സാ രംഗത്തെ പ്രമുഖരായ കാരുണ്യ ഹൃദയാലയയുമായി കൈ കോർക്കുന്നു. കൊച്ചി ഐ.എം.എ ഹൗസിൽ സംഘടിപ്പിച്ച ചടങ്ങിൽ ആശുപത്രി സെക്രട്ടറി അജയ് തറയിലും കാരുണ്യ ഹൃദയാലയ ഓപ്പറേഷൻസ് മാനേജർ പി ബാലുവും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. പ്രശസ്ത ഹൃദ്രോഗ വിദഗ്ദനായിരുന്ന ഡോ. എ.കെ. അബ്രാഹം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ തുടങ്ങിവച്ച സേവ് ഹാർട്ട് പദ്ധതിയെ കൂടുതൽ ആധുനികവൽക്കരണത്തോടെ നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് അജയ് തറയിൽ പറഞ്ഞു.

കാരുണ്യ ഹൃദയാലയയുടെ നേതൃത്വത്തിൽ നൂതന കാത്ത്ലാബ് സൗകര്യങ്ങളും, ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവ ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കുമെന്ന് ഇന്റർവെൻഷൻ കാർഡിയോളജിസ്റ്റായ ഡോ.നിജിൽ ക്ലീറ്റസ് പറഞ്ഞു. ജില്ലയിലെ ഏറ്റവും ചെലവ് കുറഞ്ഞ ഹൃദ്രോഗ ചികിത്സാ കേന്ദ്രമായി ഇന്ദിരാഗാന്ധി ആശുപത്രി മാറുമെന്നും ഡോ.നിജിൽ പറഞ്ഞു.

ഹൃദ്രോഗ ചികിത്സ സാധാരണക്കാർക്കുകൂടി പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ തിരൂർ നേഴ്സിങ് ഹോം, കോഴിക്കോട് ചെസ്റ്റ് ഹോസ്പിറ്റൽ എന്നിവയ്ക്ക്ക് പുറമേ മൂന്നാമത്തെ സെന്ററാണിത്. സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ ഇല്ലാത്തവർക്കും മിതമായ നിരക്കിൽ വിദഗ്ദ ചികിത്സ ഇവിടെ ലഭിക്കുമെന്ന് പി.ബാലു പറഞ്ഞു. ആരോഗ്യ സുരക്ഷാ കാർഡുകളായ കെഎഎസ്‌പി / എബി, പിഎംജെഎവൈ ( KASP/AB, PMJAY) തുടങ്ങിയവ ഉള്ളവർ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് ആശുപത്രിയുമായി ബന്ധപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ആശുപത്രി പ്രസിഡന്റ് എം.ഒ.ജോൺ, വൈസ് പ്രസിഡന്റ് ഡോ. ഹസീന മുഹമ്മദ്, ഡയറക്ടർമാരായ അഡ്വ.ജെബി മേത്തർ ഇഷാം, സി.പി.ആർ ബാബു, പി.വി.അഷറഫ്, കാർഡിയോളജിസ്റ്റ് ഡോ. കെ.എ ചാക്കോ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ് സച്ചിദാനന്ദ കമ്മത്ത്, ഹൃദയാലയ ബ്രാൻഡിങ് മാനേജർ രഞ്ജിത് തുടങ്ങിയവരും പങ്കെടുത്തു.ചികിത്സാ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് 9288020660 നമ്പറിൽ ബന്ധപ്പെടുക.