ബോള വൈറസിനു സമാനമായ മാർബർഗ് വൈറസിന്റെ സാന്നിദ്ധ്യം ആഫ്രിക്കയിൽ കണ്ടെത്തിയത് ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഈ വൈറസിന്റെ ആക്രമണത്തിൽ പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനിയയിൽ ഒരാൾ മരണമടഞ്ഞതോടെയാണ് ഈ മാരക വൈറസിന്റെ സാന്നിദ്ധ്യം ലോകമറിയുന്നത്. മാർബർഗ് വൈറസ്സാണ് മരണകാരണമെന്ന് ഗിനിയൻ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. രക്തം വാർന്നൊഴുകി മനുഷ്യർ മരിക്കുന്ന ഒരുതരം പനിയാണ് ഈ വൈറസ് മൂലമുണ്ടാവുക.

1967-ൽ ജർമ്മൻ നഗരമായ മാർബർഗിലായിരുന്നു ആദ്യമായി ഈ വൈറസിനെ കണ്ടെത്തിയത്. അതിനുശേഷം ഇന്നുവരെ അതീഭീകരമായ 12 വ്യാപനങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതിൽ അധികവും സംഭവിച്ചത് തെക്കൻ ആഫ്രിക്കയിലും കിഴക്കൻ ആഫ്രിക്കയിലുമായിരുന്നു. ഫ്രാങ്ക്ഫർട്ട്, ബെൽഗ്രേഡ്, സേർനിയ എന്നിവിടങ്ങളിൽ ഒരിക്കൽ ഒരേസമയം ഈ വൈറസിന്റെ വ്യാപനം നടന്നിരുന്നു. എന്നാൽ, പശ്ചിമ ആഫ്രിക്കയിൽ ഈ മാരക വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തുന്നത് ഇതാദ്യമായാണ്.

12 പേരുടെ മരണത്തിനിടയാക്കിയ എബോളയിൽ നിന്നും മുക്തി നേടി രണ്ടു മാസങ്ങൾ കഴിഞ്ഞപ്പോഴാണ് കഴിഞ്ഞയാഴ്‌ച്ച മാർബർഗ് വൈറസിന്റെ സാന്നിദ്ധ്യം ഗിനിയയിൽ കണ്ടെത്തിയത്. രോഗം ബാധിച്ച് ഒരു പ്രാദേശിക ആശുപത്രിയിൽ ചികിത്സതേടിയ രോഗിയുടെ രോഗം പിന്നീട് മൂർച്ഛിക്കുകയായിരുന്നു എന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഗിനിയയിലെ നാഷണൽ ഹെമൊറേജിക് ഫീവർ ലബോറട്ടറിയും ഇൻസ്റ്റിറ്റ്യൂട്ട് പാസ്റ്ററലും ഈ വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

അതിമാരകമായ ഈ വൈറസ് പരക്കെ പടർന്നു പിടിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ യുദ്ധകാലാടിസ്ഥാനത്തിൽ എടുക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ റീജിയണൽ ഡയറക്ടർ മാത്സിഡിസോ മൊട്ടി നിർദ്ദേശിച്ചു. ഗിനിയയുടെ എബോളയെ തുരത്തുന്നതിൽ നേടിയ പ്രവർത്തി പരിചയവും മുൻകാല അനുഭവങ്ങളും അടിസ്ഥാനമാക്കി ഈ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള പദ്ധതികൾ പ്രായോഗികമാക്കി കൊണ്ടിരികുകയാണെന്ന് അധികൃതരും അറിയിച്ചിട്ടുണ്ട്.

മാർബർഗ് വൈറസും അതുപോലെ ഈ വർഷം ആദ്യം ഗിനിയയെ വിറപ്പിച്ച എബോളയുടെ സാന്നിദ്ധ്യവും ആദ്യമായി കണ്ടെത്തിയത് ഗെക്കേഡോ ജില്ലയിലാണ്. ലൈബീരിയയുമായും ഐവറികോസ്റ്റുമായും അതിർത്തി പങ്കിടുന്ന ജില്ലയാണിത്.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എബോള വ്യാപനമായ 2014-2016-ലെ എബോള വ്യാപനവും പൊട്ടിപ്പുറപ്പെട്ടത് ഇതേ മേഖലയിൽ നിന്നായിരുന്നു. ഗിനിയയുടെ തെക്ക് കിഴക്കൻ വനമേഖലയിൽ ഉൾപ്പെടുന്ന പ്രദേശം കൂടിയാണിത്.