കണ്ണൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പറയുമ്പോഴും ആവശ്യത്തിന് വാക്‌സിൻ ലഭിക്കുന്നില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുൽ ഖാദർ മൗലവി പറഞ്ഞു. മുസ്ലിംലീഗ് കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാക്‌സിൻ വിതരണ അപാകതക്കെതിരേ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പതിനഞ്ച് ലക്ഷത്തോളം വരുന്ന പ്രവാസികൾ നട്ടം തിരിയുകയാണ്. കോവിഡ് മൂന്നാം തരംഗം ആരംഭിച്ചിരിക്കുകയാണ്. കണ്ണൂർ ജില്ലയിൽ ഒരു ആശുപത്രികളിൽ പോലും ഐ.സി.യു വെന്റിലേഷൻ ഇല്ലാത്ത അവസ്ഥയാണ്. ആളുകൾക്ക് രോഗം വന്നാൽ കിടക്കാൻ സൗകര്യമില്ലെന്നും, വാക്‌സിൻ ആൾക്കാരിലേക്ക് എത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ ആശപത്രികളിൽ വാക്‌സിൻ ലഭിക്കുമ്പോഴും സർക്കാർ ആശുപത്രികൾക്ക് എന്തുകൊണ്ടാണ് ഇത് ലഭിക്കാത്തത്. വാക്‌സിനേഷൻ ആവശ്യമായ എല്ലാവർക്കും വാക്‌സിൻ നൽകണമെന്നും അദ്ദേഹം പറഞ്ഞു. കടകൾ തുറന്നെങ്കിലും ആളുകൾ കടകളിൽ കയറാൻ ഭയക്കുകയാണ്. അതിനാൽ സർക്കാരിന്റെ കോവിഡ് നയം തന്നെ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഫാറൂഖ് വട്ടപൊയിൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെ.ഷബീന ടീച്ചർ, സി.എറമുള്ളാൻ, സി.സമീർ, ഷമീമ ടീച്ചർ എന്നിവർ പ്രസംഗിച്ചു.