കണ്ണൂർ: കൊച്ചി, പാലാരിവട്ടം പാലത്തിന് സമാനമായി പുതുതായി നിർമ്മിച്ച കണ്ണൂർ പാപ്പിനിശേരി മേൽപാലത്തിൽ വീണ്ടും ഗർത്തം രൂപപ്പെട്ടു. നിർമ്മാണത്തിൽ വൻ ക്രമക്കേട് നടന്നതായി വിജിലൻസ് സംശയിക്കുന്ന ഘട്ടത്തിലാണ് പാലത്തിന്റെ ഏറ്റവും ഉയർന്ന ഭാഗത്ത് മൂന്ന് ഗർത്തങ്ങൾ വീണിരിക്കുന്നത്. താൽക്കാലിക അറ്റകുറ്റപ്പണി നടത്തി പ്രശ്‌നം പരിഹരിക്കാനുള്ള അധികൃതരുടെ പരിശ്രമം പാഴായിരിക്കുകയാണ്. കുഴികളിൽ നിന്നും വാർക്ക കമ്പികൾ പുറത്തേക്ക് കാണാൻ തുടങ്ങിയിട്ടുണ്ട്.

നേരത്തെ പാലത്തിന്റെ ജോയന്റുകളിലുണ്ടായ വിള്ളൽ ഗുരുതരമാണെന്നാണ് വിജിലൻസ് കണ്ടെത്തിയിരുന്നു. പാലാരിവട്ടം പാലം നിർമ്മിച്ച ആർ.ഡി.എക്‌സ് കമ്പനി തന്നെയാണ് പാപ്പിനിശേരി മേൽപാലവും നിർമ്മിച്ചിരിക്കുന്നത്.

പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ വിള്ളൽ രൂപപെട്ടതിനെ തുടർന്നുള്ള പരാതിയിന്മേൽ പാപ്പിനിശേരി മേൽപാലത്തിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു. പാലം നിർമ്മാണത്തെ ചൊല്ലി രാഷ്ട്രീയ വിവാദങ്ങൾ നിലനിൽക്കവെയാണ് പാലത്തിൽ ഗർത്തം രൂപപ്പെട്ടത്.