- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധനാപഹരണത്തിന് പുറത്താക്കിയ ജീവനക്കാരനെ തിരിച്ചെടുക്കുന്നതിൽ പ്രതിഷേധം; പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ കുത്തിയിരുപ്പ് സമരം നടത്തി

കണ്ണൂർ: മലബാർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ നിന്നും ധനാപഹരണത്തിന് പുറത്താക്കിയ ജീവനക്കാരനെ തിരിച്ചെടുക്കാനുള്ള നടപടിക്കെതിരേ ട്രസ്റ്റി ബോർഡ് ചെയർമാൻ കുത്തിയിരുപ്പ് സമരം നടത്തി. ദേവസ്വം വകുപ്പു മന്ത്രിക്ക് പരാതി നൽകിയതിനു തൊട്ടുപിന്നാലെയാണ് പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ട്രസ്റ്റി ബോർഡ് ചെയർമാൻ കെ.എം വാസുദേവൻ തിരുമുമ്പ് ക്ഷേത്രം എക്‌സി. ഓഫിസറുടെ ഓഫിസിനു മുന്നിൽ ചൊവ്വാഴ്‌ച്ച രാവിലെ മുതൽ വൈകുന്നേരം വരെ കുത്തിയിരുപ്പ് സമരം നടത്തിയത്.
ക്ഷേത്രത്തിൽ സാമ്പത്തിക ക്രമക്കേട് നടത്തിയ ജീവനക്കാരനെതിരേ പയ്യന്നൂരിലെ അഭിഭാഷകന്റെ നേതൃത്വത്തിൽ മുൻപ് അഭ്യന്തര അന്വേഷണം നടത്തിയിരുന്നു. കമീഷൻ റിപോർട്ട് പ്രകാരം ക്രമക്കേട് നടത്തിയ ജീവനക്കാരനെ സർവീസിൽ നിന്നും നീക്കംചെയ്യുവാനും തീരുമാനമായിരുന്നു. എന്നാൽ തീരുമാനങ്ങളുടെ പകർപ്പിനായി പലവട്ടം ചോദിച്ചിട്ടും എക്സി. ഓഫിസർ നൽകിയില്ലെന്നും ഒടുവിൽ രേഖാമൂലം മൂന്നുമാസം മുമ്പാവശ്യപ്പെട്ടിട്ടും ഓഫിസർ നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. ക്ഷേത്രത്തെ സംരക്ഷിക്കാൻ ചുമതലപ്പെട്ടവർ തന്നെ കുറ്റവാളികൾക്ക് കൂട്ടുനിൽക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും കോടതിയാവശ്യത്തിനായി ചോദിച്ച രേഖകൾ നൽകണമെന്നുമാവശ്യപ്പെട്ടാണ് വാസുദേവൻ സമരം നടത്തിയത്.
1999ൽ വാച്ച്മാനായി നിയമിക്കുകയും പിന്നീട് വഴിപാട് ക്ലർക്കായി പ്രൊമോഷൻ ചെയ്യപ്പെടുകയും ചെയ്ത ജീവനക്കാരനെ വർഷങ്ങളോളം നടത്തിയ സാമ്പത്തിക തിരിമറികൾ കണ്ടെത്തിയത്. തുടർന്ന് അന്വേഷണ കമ്മീഷൻ റിപോർട്ട് പ്രകാരം സർവീസിൽ നിന്നും നീക്കം ചെയ്യുവാനും ഇതു സംബന്ധിച്ച കേസിൽ പ്രോസിക്യൂഷനെ സഹായിക്കാനും ട്രസ്റ്റി ബോർഡ് തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീടു വന്ന എക്‌സി. ഓഫിസർ ഇക്കാര്യത്തിൽ പ്രതിക്കനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നുമാണ് സമരം നടത്താൻ കാരണമായി പറയുന്നത്.


