ബെയ്ജിങ്: അവർ വീട്ടിലേക്ക് മടങ്ങുകയാണ്. അപ്പോഴും സർക്കാർ തന്നെ സുരക്ഷിത യാത്ര ഉറപ്പാക്കും. അങ്ങനെ കാട്ടിലേക്കു മടങ്ങുന്ന ചൈനയിലെ 'ദേശാടന' ആനകൾ വീണ്ടും ലോകത്തിന് കൗതുകവും വാർത്തയും സമ്മാനിക്കുകയാണ്.

ആനകൾ പോകുന്ന പാതയിൽനിന്ന് ഒന്നരലക്ഷം പേരെ ഒഴിപ്പിച്ചാണ് ചൈനീസ് സർക്കാരിന്റെ ഇടപെടൽ. യുനാൻ പ്രവിശ്യയിൽനിന്നാണ് ആളുകളെ താത്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. ആനക്കൂട്ടം ജനവാസ കേന്ദ്രങ്ങളിലെത്തിയാൽ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണിത്. ആനകൾ യാത്രാ വഴിയിൽ നിരവധി നാശനഷ്ടവും ഉണ്ടാക്കിയിരുന്നു. ഇതിന് നഷ്ടപരിഹാവും നൽകി.

യുനാൻ പ്രവിശ്യയിലെ മ്യാന്മാർ അതിർത്തിയോടുചേർന്ന സിഷ്വാങ്‌ബെന്ന ദായ് ദേശീയോദ്യാനത്തിൽനിന്നു 17 മാസം മുമ്പാണ് സംഘം സഞ്ചാരം ആരംഭിച്ചത്. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ വർഷം മാർച്ചിൽ. പൊലീസും അകമ്പടിയായി ഉണ്ടായിരുന്നു. ഡ്രോണുകളും പിന്തുടർന്നു. ടാപ്പിൽ നിന്ന് വെള്ളം കുടിച്ചും കണ്ണിൽ കണ്ടെതെല്ലാം തട്ടിക്കളഞ്ഞും യാത്ര. ഇതു മൂലം കഷ്ടത ഉണ്ടായവർക്ക് ചൈനീസ് സർക്കാർ ഇൻഷുറൻസ് പരിരക്ഷയും നൽകി.

യാത്ര അവസാനിപ്പിച്ച് അവർ പഴയ ലാവണത്തിലേക്ക് മടങ്ങുന്നുവെന്നാണ് സൂചന. നേരത്തേയുണ്ടായിരുന്ന വാസസ്ഥലത്തുനിന്നു 200 കിലോമീറ്റർ അകലെയാണ് ഇപ്പോൾ ആനക്കൂട്ടമുള്ളത്. അവ യുവാൻജാങ് നദി കടന്നതായും തെക്കൻ ഭാഗത്തേക്കുള്ള യാത്ര തുടരുകയാണെന്നും നിരീക്ഷണ സംഘത്തിലെ തലവൻ വാൻ യോങ് പറഞ്ഞു.

25,000 പൊലീസ് ഉദ്യോഗസ്ഥർ ഡ്രോണുകളും വാഹനങ്ങളും ഉപയോഗിച്ച് ആനകളുടെ നീക്കം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ആനകളുടെ കൗതുകയാത്ര ലോകശ്രദ്ധ നേടിയിരുന്നു. വിനോദസഞ്ചാര മേഖലയായ കുന്മിങ്ങിനു സമീപംവരെ എത്തിയശേഷമാണ് മടക്കം. ഇതിനോടകം അവ 500 കിലോമീറ്റർ ദൂരം സഞ്ചരിച്ചു.

ആനകളുടെ പതിവില്ലാത്ത ദേശാടനത്തിന്റെ കാരണം വിദഗ്ദ്ധർക്ക് കണ്ടെത്താനായിട്ടില്ല. അനുഭവപരിചയമില്ലാത്ത നേതാവ് സംഘത്തെ നയിക്കുന്നതാണ് പലായനത്തിന് കാരണമെന്ന് ഒരു സംഘം അഭിപ്രായപ്പെടുന്നു. എന്നാൽ, പുതിയ വാസസ്ഥാനം തേടിയാണ് പ്രയാണമെന്നാണ് മറ്റൊരുവാദം.

വംശനാശഭീഷണി നേരിടുന്ന ഏഷ്യൻ ആനകളിൽ 300 എണ്ണം മാത്രമാണ് ചൈനയിൽ നിലവിൽ അവശേഷിക്കുന്നത്.