- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് നിലത്തു പോലും വീഴാത്ത അപകടം; വൻകുടലിന് ഗുരുതരമായി പരിക്കേറ്റയാൾ അഞ്ചാം ദിവസം ആശുപത്രിയിൽ മരിച്ചു
കൂത്താട്ടുകുളം: സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് നിലത്ത് പോലും വീഴാത്ത നിസ്സാര അപകടം. കാഴ്ചയിൽ നിസ്സാരം എന്ന് തോന്നിച്ചെങ്കിലും അപകടത്തിൽ പരിക്കേറ്റയാൾ അഞ്ചാം ദിവസം ആശുപത്രിയിൽ മരിച്ചു. സ്‌കൂട്ടർ യാത്രികനായിരുന്ന തൊടുപുഴ കുണിഞ്ഞി മാങ്ങാക്കുളത്ത് ജയ്‌സിങ് ജോൺ (55) ആണ് വൻ കുടലിന് പരിക്കേറ്റതിനെ തുടർന്ന് മരിച്ചത്്. കഴിഞ്ഞ 22ന് കൂത്താട്ടുകുളം ഓണംകുന്ന് കവലയിൽ ഉണ്ടായ നിസ്സാരമെന്ന് തോന്നിക്കുന്ന അപകടമാണ് മരണ കാരണമായത്.
നഗരമധ്യത്തിൽ എംസി റോഡിൽ സാവധാനത്തിൽ തിരിക്കുന്ന സ്‌കൂട്ടറിൽ രണ്ടു പേർ സഞ്ചരിച്ച ബൈക്ക് തട്ടുന്നു. ആരും നിലത്തു വീഴുക പോലും ചെയ്യാത്ത അപകടത്തിനു ശേഷം ഇരു കൂട്ടരും സ്‌നേഹത്തിൽ പിരിയുകയും ചെയ്തു. ഇപ്പോള് ഈ അപകടത്തിലെ ബൈക്ക് യാത്രികരെ തേടുകയാണ് പൊലീസ്.
അപകടത്തിന് ശേഷം വീട്ടിലെത്തിയ ജയ്‌സിങ് ജോണിന് അസ്വസ്ഥതകൾ ആരംഭിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. വൻകുടലിന് ഗുരുതരമായി പരുക്കേറ്റ ജയ്‌സിങ് അഞ്ചാം ദിവസം ആശുപത്രിയിൽ മരിച്ചു. സ്‌കൂട്ടറിന്റെ ഹാൻഡിൽ ഉദരഭാഗത്ത് തട്ടിയതിനെ തുടർന്ന് ഉണ്ടായ ആന്തരിക പരുക്ക് ചികിത്സയിൽ കണ്ടെത്തുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.
പുറമെ മുറിവുകളൊന്നും ഉണ്ടായിരുന്നില്ല. അപകടശേഷം വീട്ടിലെത്തിയ ജയ്‌സിങ് ജോലിയിൽ ഏർപ്പെടുകയും ചെയ്തിരുന്നു. കേസിൽ തുടർനടപടികൾക്ക് ഇടിച്ച ബൈക്ക് കണ്ടെത്തേണ്ടത് ആവശ്യമായതിനാൽ പൊലീസ് ദിവസങ്ങളായി അതിനുള്ള ശ്രമത്തിലാണ്.
നടുറോഡിൽ ഉണ്ടായ അപകടത്തിനു ശേഷം ബൈക്ക് അൽപം ദൂരേക്ക് മാറ്റി നിർത്തുന്നത് സിസി ക്യാമറ ദൃശ്യങ്ങളിൽ കാണാം. സ്‌കൂട്ടർ മാറ്റി നിർത്തി ഇറങ്ങി വന്ന ജയ്‌സിങ് ഇവരുമായി സംസാരിച്ച് കൈ കൊടുത്താണ് പിരിഞ്ഞതെന്ന് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പക്ഷേ, ബൈക്കിന്റെ നമ്പറോ ഓടിച്ചിരുന്ന ആളെയോ ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞിട്ടില്ല. വിവരം ലഭിക്കുന്നവർക്ക് കൂത്താട്ടുകുളം പൊലീസിന്റെ 04852252323 എന്ന ഫോൺനമ്പറിൽ അറിയിക്കാം.