- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിതാവിന്റെയും കാമുകിയുടേയും ക്രൂരത; ഷാർജയിലെ വീടു വിട്ടിറങ്ങിയ മലയാളി കുട്ടികൾ ഇന്ന് നാട്ടിലെത്തും
ദുബായ്: സ്വന്തം പിതാവിന്റെയും കാമുകിയുടേയും പീഡനം സഹിക്കാനാവാതെ വീടുവിട്ടിറങ്ങിയയ രണ്ടു മലയാളി ബാലന്മാർ ഇന്നു കേരളത്തിലെത്തും. മാനസികവും ശാരീരികവുമായ പീഡനം സഹിക്കവയ്യാതെ ഷാർജയിലെ താമസസ്ഥലത്ത് നിന്നു വീടു വീട്ടിറങ്ങുകയും ഒടുവിൽ ഷാർജ ഇന്ത്യൻ അസോസിയേഷന്റെ സഹായത്തോടെ പൊലീസിൽ അഭയം തേടുകയും ചെയ്ത കുട്ടികളാണ് ഇന്ന് നാട്ടിൽ അമ്മയ്ക്ക് അരികിൽ എത്തുക.
17ഉം 12ഉം വയസ്സുള്ള കുട്ടികളാണ് ഷാർജയിലെ ഫ്‌ളാറ്റിൽ കൊടിയ പീഡനത്തിന് ഇരയായത്. ക്രൂരത സഹിക്കാനാവാതെ കുട്ടികൾ വീടു വിട്ട് ഇറങ്ങുക ആയിരുന്നു. ഒരു മാസം മുമ്പാണ് കുട്ടികൾ വീടു വിട്ടിറങ്ങിയത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ മുഖേന ചൈൽഡ് പ്രൊട്ടക്ട് ടീം(സിപിടി) കേരളയുടെ യുഎഇ ഘടകമാണ് സംരക്ഷണം ഒരുക്കിയത്. കഴിഞ്ഞ ഒരു മാസമായി കുട്ടികൾ ഇവിടെയാണു സുരക്ഷിതരായി കഴിയുന്നത്.
ഷാർജയിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന കുട്ടികളുടെ മാതാവ് പിതാവുമായി പിണങ്ങി ഏകദേശം ഒരു വർഷം മുൻപാണ് നാട്ടിലേയ്ക്ക് പോയത്. മക്കളുടെ വിദ്യാഭ്യാസം കണക്കിലെടുത്ത് കുട്ടികളെ കൊണ്ടുപോയിരുന്നില്ല. അവർക്ക് ഇവിടെ വിദ്യാഭ്യാസം നൽകുകയായിരുന്നു മാതാവിന്റെ ആഗ്രഹം. എന്നാൽ, ഭാര്യയുടെ ബന്ധു സ്ത്രീയുമായി അടുപ്പത്തിലായ പിതാവ് അവരോടൊപ്പം താമസിച്ചുവരികയും മക്കളെ ഇവരോടൊപ്പം ചേർന്നു പീഡിപ്പിക്കുകയുമായിരുന്നു.
കുട്ടികളെ പൂർണമായും അവഗണിച്ചതിനാൽ ഇരുവരുടെയും വിദ്യാഭ്യാസവും മുടങ്ങി. ശാരീരിക പീഡനം സഹിക്കവയ്യാതെയാണ് ഒരു മാസം മുൻപ് കുട്ടികൾ വീടുവിട്ടിറങ്ങിയത്. വീസയുടെ കാലാവധി തീർന്നു വർഷങ്ങൾ കഴിഞ്ഞതിനാൽ രണ്ടു കുട്ടികൾക്കുമായി 1,67,000 ദിർഹം പിഴയൊടുക്കേണ്ടതുണ്ടായിരുന്നു. ഇതു ദുബായ് എമിഗ്രേഷൻ വകുപ്പ് ഒഴിവാക്കി.. നഷ്ടപ്പെട്ടതും അവധി കഴിഞ്ഞതുമായ പാസ്‌പോർട്ടുകൾക്ക് പകരം ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഔട് പാസുകൾ നൽകി.
കുട്ടികളെ തട്ടിക്കൊണ്ടു പോയി എന്നു തങ്ങൾക്കെതിരെ കുട്ടികളുടെ പിതാവ് ചൈൽഡ് ലൈനിലും വിവിധ പൊലിസ് സ്റ്റേഷനികളിലും നൽകിയ കേസുകൾ അടിസ്ഥാന രഹിതമാണെന്ന് ബോധ്യപ്പെട്ടതിനാൽ ഒഴിവാക്കിയതായി സിപിടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം മഹമൂദ് പറക്കാട്ട്, യുഎഇ ഘടകം പ്രസിഡന്റ് നാസർ ഒളകര, സെക്രട്ടറി ഷഫീൽ കണ്ണൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കുട്ടികളുടെ തുടർപഠനം പൂർണമായും സൗജന്യമായി കോഴിക്കോട് മർകസ് ഏറ്റെടുത്തിട്ടുണ്ട്.