പുഴുക്കളും കീടങ്ങളും നിറഞ്ഞ പഴകിയ അരി ശക്തമായ കീടനാശിനി ഉപയോഗിച്ച് കീടങ്ങളെ നശിപ്പിച്ച് കുട്ടികൾക്ക് ഓണക്കിറ്റ് ആയി വിതരണം ചെയ്യാനുള്ള പരിശ്രമം കഴിഞ്ഞദിവസം കൊട്ടാരക്കര സിവിൽ സപ്ലൈസ് ഗോഡൗണിൽ നാട്ടുകാർ തടഞ്ഞ സംഭവം ഏതൊരാളെയും ഞെട്ടിക്കുന്നതാണ്. 2018ൽ ഗോഡൗണിൽ സ്റ്റോക്ക് ചെയ്ത 2000 ചാക്ക് അരി അലുമിനിയം ഫോസ്‌ഫേഡ് (സെൽഫോസ്) എന്ന മാരക കീടനാശിനി ഉപയോഗിച്ച് വൃത്തിയാക്കി കുട്ടികൾക്കുള്ള ഓണക്കിറ്റാക്കി വിതരണം ചെയ്യാനുള്ള സപ്ലെക്കോ ജില്ലാ അധികൃതരുടെ നിർദ്ദേശമനുസരിച്ച് ഇതരസംസ്ഥാന തൊഴിലാളികളെക്കൊണ്ട് അതിനുവേണ്ടിയുള്ള ജോലി ചെയ്യിക്കുമ്പോഴാണ് പ്രദേശവാസികൾ വിവരം അറിഞ്ഞു പ്രശ്‌നമുണ്ടാക്കുന്നത്.

മണിക്കൂറുകൾ നീണ്ട തർക്കത്തിനും പ്രതിഷേധത്തിനും ഒടുവിൽ ഉയർന്ന ഉദ്യോഗസ്ഥരും പൊലീസും എത്തി പണി നിർത്തിവെക്കുകയായിരുന്നു. അവിടെ സ്റ്റോക്ക് ചെയ്തിരുന്ന അരിയിൽ കീടനാശിനി സാന്നിധ്യമുണ്ടോ എന്നും ഭക്ഷ്യയോഗ്യമാണോ എന്നും പരിശോധനക്ക് ശേഷം തീരുമാനമെടുക്കുമെന്നും സപ്ലെക്കോ അധികൃതർ പറഞ്ഞിരുന്നു. അടുത്തദിവസം തന്നെ സപ്ലെക്കോയുടെ വിശദീകരണം വന്നു. സപ്ലെക്കോയുടെ എല്ലാ ഗോഡൗണുകളിലും ഈ കീടനാശിനി പ്രയോഗമുണ്ടെന്നും അത് ഭക്ഷണ സാധനങ്ങളുടെ പഴക്കവും കേടും ഇല്ലാതാക്കാൻ അനിവാര്യമാണെന്നും എന്നാൽ കൊട്ടാരക്കരയിൽ സെൽഫോസ് അരിയിൽ നേരിട്ട് ഉപയോഗിച്ചു എന്നത് അവാസ്തവമാണെന്നും ആ വിശദീകരണത്തിൽ പറയുന്നു .

പൊതുവിതരണ ശൃംഖലകളിലുടെ നാം വാങ്ങുന്ന അരിയും ഗോതമ്പുമെല്ലാം അലുമിനയം ഫോസ്‌ഫേഡ് പോലെയുള്ള മാരക കീടനാശിനികൾ പ്രയോഗിച്ചതാണെന്ന് ആ വിശദീകരണം വ്യക്തമാക്കുന്നു. വിഷമില്ലാത്ത ഭക്ഷണസാധനങ്ങൾ, അതുവഴി ആരോഗ്യമുള്ള ഒരു സമൂഹം, എന്നത് മൗലികാവശമാണെന്നിരിക്കെ, ഒരു സർക്കാർ വകുപ്പ് തന്നെ ജനങ്ങൾക്ക് വിഷം നൽകുന്നത് എങ്ങനെയാണ് നീതീകരിക്കാൻ ആവുന്നത്? ഇത്തരം വിഷപദാർത്ഥങ്ങൾ ക്യാൻസർ അടക്കമുള്ള മാരകരോഗങ്ങൾക്ക് കാരണമാകും എന്നത് ആർക്കാണ് അറിയാത്തത്? അതിനേക്കാൾ ഞെട്ടിക്കുന്നതാണ് പ്രസ്തുത അരി കുട്ടികൾക്കുവേണ്ടി വിതരണം ചെയ്യാനായിരുന്നു എന്നത്. ദാരിദ്ര്യം അനുഭവിക്കുന്ന വീടുകളിലെ കുട്ടികളോടുള്ള സർക്കാരിന്റെ സമീപനം ഇതു വ്യക്തമാക്കുന്നുണ്ട്. റേഷൻകടകൾവഴി സർക്കാർ വിതരണംചെയ്യുന്ന അരി കഴിഞ്ഞ കുറച്ചുകാലമായി താരതമ്യാർത്ഥത്തിൽ വൃത്തിയുള്ളതായിരുന്നതിനുള്ള കാരണം സമർത്ഥമായ കീടനാശിനി പ്രയോഗമായിരുന്നു എന്നതും ഇത് വ്യക്തമാക്കുന്നു. അതായത് സർക്കാർ ജനങ്ങളെ അങ്ങേയറ്റം വഞ്ചിക്കുകയായിരുന്നു. കോവിഡ് മഹാമാരി സൃഷ്ടിച്ച ദാരിദ്ര്യം കാരണം ഇക്കാലത്ത് 85ലക്ഷം കുടുംബങ്ങളാണ് ഇത്തരത്തിൽ കീടനാശിനി പ്രയോഗം നടത്തിയ അരി വാങ്ങിയത്.

ഭക്ഷണസാധനങ്ങളിൽ പ്രത്യേകിച്ച് സർക്കാർ നൽകുന്ന അരിയിൽ കീടനാശിനിയുടെ അളവ് എത്രമാത്രമെന്നും, അത് ആരോഗ്യത്തിന് എത്ര ഹാനികരമാണെന്നും ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലങ്ങോളമിങ്ങോളമുള്ള ഗോഡൗണുകളിൽ പരിശോധന നടത്തണമെന്നും ഇത്തരം വിഷ അരി നീക്കം ചെയ്യണമെന്നും പ്രോഗ്രസീവ് പൊളിറ്റിക്കൽ ഫ്രണ്ട് ആവശ്യപ്പെടുന്നു. ഇത്തരം നിരുത്തരവാദപരമായ സമീപനത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും പിപിഎഫ് ആവശ്യപ്പെടുന്നു.