- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബി പി സി എൽ -കൊച്ചി റിഫൈനറി തൊഴിലാളികൾ ഓണനാളുകളിൽ 5 ദിവസത്തെ പണിമുടക്ക് നടത്തും
കൊച്ചി: 2018-ൽ കാലാവധി പൂർത്തിയായ ശമ്പള പരിഷ്‌ക്കരണകരാർ ഉടൻ പുതുക്കുക, ബി.പി.സി.എൽ സ്വകാര്യവൽക്കരണ അജണ്ടയിലൂന്നിയ കൗണ്ടർ ഡിമാന്റുൾ ദീർഘകാല കരാറിലൂടെ അടിച്ചേല്പിക്കരുത് തുടങ്ങിയ ഡിമാന്റുകൾ ഉന്നയിച്ചു കൊണ്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഓണ നാളുകളായ ഓഗസ്റ്റ് 20 മുതൽ 24 വരെയുള്ള 5 ദിവസം കൊച്ചി റിഫൈനറി തൊഴിലാളികൾ പണിമുടക്കും.
രാജ്യത്തെ ഇതര പെട്രോളിയം കമ്പനികളിലും ബി പി സി എൽ ലെ തന്നെ ഓഫീസർമാർക്കും ശമ്പളപരിഷ്‌ക്കരണം ഗവൺമെന്റ് പാറ്റേൺ അനുസരിച്ച് നടപ്പിലാക്കി. സ്വകാര്യ വൽക്കരണ ഭീഷണി നിലനിൽക്കുന്ന സ്ഥാപനമായതിനാൽകൊച്ചി റിഫൈനറിയെ മറ്റു സ്ഥാപനങ്ങളെ പോലെ കാണാൻ കഴിയില്ലെന്നും തൊഴിലാളികളുടെ ശമ്പള പരിഷ്‌ക്കരണം മറ്റു പൊതുമേഖല കമ്പനികളിലുള്ളതുപോലെ നൽകുവാൻ കഴിയില്ല എന്നുമുള്ള മാനേജ്മെന്റു വാദത്തെ തൊഴിലാളികൾ അംഗീകരിക്കുന്നില്ല.
കഴിഞ്ഞ രണ്ടു വർഷം ഡെപ്യൂട്ടി സെൻട്രൽ ലേബർ കമ്മീഷണറുടെ സാന്നിദ്ധ്യത്തിൽ നിരന്തര ചർച്ചകൾ നടന്നിട്ടും മാനേജ്‌മെന്റിന്റെ പിടിവാശി മൂലം കരാർ പുതുക്കുവാൻ കഴിഞ്ഞില്ല. അതിനാൽ ചർച്ച പരാജയപ്പെടുകയും ലേബർ കമ്മീഷണർ ഫെയ്‌ലർ റിപ്പോർട്ട് തൊഴിൽ മന്ത്രാലയത്തിലേക്ക് അയക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിയമപരമായി അനുവാദം കിട്ടിയ തൊഴിലാളി സമരമെന്ന നിലയിൽ യൂണിയനുകൾ 5 ദിവസത്തെ സമരത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 20 മുതൽ 24 വരെയുള്ള തീയതികളാൽ നടത്തുന്ന സമരത്തിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 12 ( ഇന്ന് ) രാവിലെ 7.15-ന് കൊച്ചി റിഫൈനറി ഗേറ്റിൽ സമര വിളംബര സമ്മേളനം നടക്കും. വിവിധ ട്രേഡ് യൂണിയനുകളുടെ നേതാക്കന്മാർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംയുക്ത സമരസമിതിക്കു വേണ്ടി പി. പ്രവീൺ കുമാർ, എസ്.കെ. നസിമുദ്ദിൻ എന്നിവർ അറിയിച്ചു.