- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഗീത സംവിധായകൻ ജയ്‌സൺ ജെ. നായർക്ക് നെരെ ആക്രമണം; വാൾ കൊണ്ടു വെട്ടി അപായപ്പെടുത്താനുള്ള ശ്രമത്തിനിടെ കഴുത്തിന് അടിയേറ്റു: സംഭവം ഏറ്റുമാനൂരിലുള്ള വീട്ടിലേക്ക് കാറോടിച്ച് പോകുമ്പോൾ
കടുത്തുരുത്തി: സംഗീത സംവിധായകൻ ജയ്‌സൺ ജെ. നായർക്ക് നേരെ ആക്രമണം. വീട്ടിലേക്കുള്ള യാത്രയ്ക്കിടെ മൂന്നംഗ സംഘം വാൾ കൊണ്ടു വെട്ടി അപായപ്പെടുത്താൻ ശ്രമിച്ചതായി അദ്ദേഹം പറഞ്ഞു. ജയ്‌സന്റെ കഴുത്തിന് അടിയേറ്റു. ചൊവ്വാഴ്ച രാത്രി 7.45ന് കല്ലറ-വെച്ചൂർ റോഡിൽ ഇടയാഴത്തിനും കല്ലറയ്ക്കും ഇടയിലായിരുന്നു സംഭവം.
വയലാർ ശരത്ചന്ദ്രവർമയുടെ വീട്ടിൽ പാട്ട് ചിട്ടപ്പെടുത്തുന്ന ജോലി കഴിഞ്ഞ് ഏറ്റുമാനൂരിലെ വീട്ടിലേക്ക് തനിയെ കാറോടിച്ചു മടങ്ങുമ്പോാണ് ആക്രമണം ഉണ്ടായത്. ഇടയ്ക്ക് ഫോൺ വന്നപ്പോൾ കാർ റോഡരികിൽ നിർത്തി സംസാരിച്ചു. ഇരുവശവും പാടങ്ങളുള്ള ആളൊഴിഞ്ഞ ഭാഗമായിരുന്നു. ഈ സമയം മൂന്നു പേർ കാറിന്റെ ഗ്ലാസിൽ തട്ടി. അപകടം നടക്കുന്ന വളവാണെന്നും കാർ മാറ്റിയിടണമെന്നും അവർ ആവശ്യപ്പെട്ടു. കാർ മുൻപോട്ടു മാറ്റിയിട്ടപ്പോൾ വീണ്ടും വന്ന് പണം ആവശ്യപ്പെട്ടെന്നും ഇല്ലെന്നു പറഞ്ഞപ്പോൾ കഴുത്തിന് അടിച്ചെന്നും ജയ്‌സൺ പറയുന്നു.
18 വയസ്സിൽ താഴെയുള്ള മൂന്നു പേരാണ് ആക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഒരാൾ അരയിൽ നിന്ന് വാൾ ഊരി വെട്ടാൻ ആഞ്ഞു. ഉപദ്രവിക്കരുതെന്ന് ജയ്‌സൺ അപേക്ഷിച്ചു. തുടർന്ന് കാർ വേഗത്തിൽ ഓടിച്ചാണു രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സംഭവം സമൂഹമാധ്യമങ്ങളിൽ എഴുതിയെങ്കിലും ജയ്‌സൺ പരാതി നൽകിയിട്ടില്ല. ആനച്ചന്തം, കഥ പറഞ്ഞ കഥ, എബി, മിഷൻ 90 ഡേയ്‌സ്, ഇത്രമാത്രം തുടങ്ങി വിവിധ സിനിമകൾക്കു സംഗീതം നൽകിയ അദ്ദേഹം വിവിധ ആൽബങ്ങൾക്കും സംഗീതമൊരുക്കി.