നെടുമങ്ങാട്: മകളെന്ന് പറഞ്ഞ് സ്ഥിരമായി വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്ന സ്ത്രീയെ തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിച്ച ശേഷം വയോധികൻ തീ കൊളുത്തി ആത്മഹത്യചെയ്തു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ യുവതിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കരകുളം നെല്ലിവിള പത്മവിലാസത്തിൽ വിജയമോഹനൻനായർ(മണിയൻ-64) ആണ് ഡീസൽ ശരീരത്തിലൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്. കരകുളം മുല്ലശേരി തൂമ്പടിവാരത്തിൽ ലീലയുടെ മകൾ സരിത(38)യെ ആണ് ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെ വിജയ മോഹനൻ നായരുടെ വീട്ടുമുറ്റത്താണ് സംഭവം. മുമ്പും സരിത നെല്ലിവിളയിലെ വിജയമോഹനന്റെ വീട്ടിലെത്തി താൻ മകളാണന്നു പറഞ്ഞ് പ്രശ്‌നങ്ങളുണ്ടാക്കുക പതിവായിരുന്നു. പലവട്ടം ഇതുമായി ബന്ധപ്പെട്ട് സ്‌കൂൾ വാൻ ഡ്രൈവറായ വിജയമോഹനൻനായർ നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയിരുന്നു.

വ്യാഴാഴ്ച വൈകീട്ടും വിജയമോഹനൻനായരുടെ വീടിനുമുന്നിലെത്തി സരിത ബഹളമുണ്ടാക്കി. നാട്ടുകാർ ഇടപെട്ടിട്ടും സരിത പിന്മാറാൻ തയ്യാറായില്ല. ബഹളം ശക്തമാകവേ വീടിനു സമീപത്തു കിടന്ന മൺവെട്ടികൊണ്ട് വിജയമോഹനൻനായർ സരിതയുടെ തലയ്ക്കടിച്ചു വീഴ്‌ത്തി.

ഗുരുതരമായി പരിക്കേറ്റ സരിതയെനാട്ടുകാർ ചേർന്ന് മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോകുന്നതിനിടെ വിജയമോഹനൻനായർ ഓട്ടോറിക്ഷയിൽ കയറി വട്ടപ്പാറ വേങ്കോട് പ്ലാത്തറയിലുള്ള അനുജൻ സതീഷിന്റെ വീട്ടിലെത്തി. കൈയിൽ കരുതിയിരുന്ന ഡീസൽ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. വീട്ടിന്റെ രണ്ടാംനിലയിലെ സിറ്റൗട്ടിൽ കയറിയ ശേഷമാണ് ആത്മഹത്യ ചെയ്തത്.

കെ.എസ്.ആർ.ടി.സി.യിൽനിന്നു വിരമിച്ചശേഷം സ്വന്തമായി വാഹനങ്ങൾ വാങ്ങി വട്ടപ്പാറയിലെ സ്വകാര്യ സ്‌കൂളിനു വേണ്ടി വാഹനമോടിക്കുകയായിരുന്നു മരിച്ച വിജയമോഹനൻനായർ. ഇന്ദിരയാണ് ഭാര്യ. മക്കൾ: സതീഷ്, സന്ധ്യ. സംഭവത്തിൽ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.