തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താൻ വീടില്ലാത്തവരെ കണ്ടെത്തുന്നതിന് ഒമ്പത് ഘടകങ്ങൾ (ക്ലേശഘടകങ്ങൾ) പരിഗണിക്കും. പിന്നാക്ക-അവശവിഭാഗങ്ങൾക്ക് യാത്രാസൗകര്യം കുറഞ്ഞ, ഒറ്റപ്പെട്ടതും ദരിദ്രവുമായ ഏതെങ്കിലും പ്രദേശത്ത് ഭൂമി നൽകി മറന്നുകളയുന്ന രീതി പാടില്ല. തൊഴിലെടുത്ത് ജീവിക്കാൻ സഹചര്യം കിട്ടത്തക്കവിധം പരമാവധി നഗരങ്ങളിലോ നഗര പ്രാന്തപ്രദേശങ്ങളിലോ സ്ഥലം കണ്ടെത്തണം. സമൂഹത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ശ്രദ്ധ ഉറപ്പാക്കണം. സർക്കാരിന്റെ ക്ഷേമപദ്ധതികൾ എത്തുന്നുവെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് പുതിയ മാർഗരേഖയിൽ പറയുന്നു.

നിർധന വിഭാഗങ്ങളുടെ വാസയോഗ്യമല്ലാത്ത വീടുകളുടെ പുനരുദ്ധാരണത്തിന് സാങ്കേതിക പരിശോധന നടത്തി പട്ടിക തയ്യാറാക്കും. പണി പൂർത്തിയാകാത്ത വീടുകളുള്ള കുടുംബങ്ങളുടെ പട്ടിക, സ്വന്തമായി ഭൂമിയുള്ള ഭവനരഹിതർ, ഭൂരഹിത ഭവനരഹിതർ എന്നിങ്ങനെ പട്ടിക തയ്യാറാക്കും.

ഒരേ റേഷൻകാർഡിൽ ഉൾപ്പെട്ടവരെ ഒറ്റകുടുംബമായി കണ്ട് ഒരുവീടിനായി പരിഗണിക്കും. മൂന്നുലക്ഷമാണ് വാർഷിക വരുമാന പരിധി. ഗ്രാമപ്പഞ്ചായത്തുകളിൽ 25 സെന്റിലോ നഗരസഭകളിൽ അഞ്ചുസെന്റിലോ അധികമുള്ളവരെ ഒഴിവാക്കണമെന്ന വ്യവസ്ഥ പട്ടികവർഗത്തിന് ബാധകമല്ല. ഉപജീവന ഉപാധിയെന്ന നിലയ്ക്കല്ലാതെ നാലുചക്രവാഹനം ഉള്ളവരെയും അവകാശിക്ക് വസ്തുഭാഗം ചെയ്തപ്പോൾ സ്വന്തം പേരിൽ സാങ്കേതികമായി ഭൂമിയില്ലാതായവരെയും ഒഴിവാക്കണമെന്നും മാർഗരേഖ പറയുന്നു.

ക്ലേശഘടകങ്ങൾ

*മാനസിക വെല്ലുവിളി നേരിടുന്നവരോ അന്ധരോ ശാരീരിക തളർച്ച ബാധിച്ചവരോ ആയ അംഗങ്ങളുള്ള കുടുംബങ്ങൾ.

*അഗതികൾ

*40 ശതമാനത്തിലേറെ അംഗവൈകല്യങ്ങളുള്ളവരുടെ കുടുംബങ്ങൾ

*ഭിന്നലിംഗക്കാർ

*ഗുരുതര, മാരകരോഗങ്ങളുള്ളവരുടെ കുടുംബങ്ങൾ

*അവിവാഹിതരായ അമ്മമാർ കുടുംബനാഥയായ കുടുംബങ്ങൾ

* രോഗമോ അപകടമോ കാരണം തൊഴിലെടുക്കാനാകാത്ത കുടുംബനാഥരുള്ള കുടുംബങ്ങൾ

*വിധവയായ കുടുംബനാഥയും സ്ഥിരവരുമാനമില്ലാത്ത അംഗങ്ങളുമുള്ള കുടുംബങ്ങൾ. 25 വയസ്സിൽക്കൂടുതലുള്ള ആൺമക്കളുള്ളവരെ പരിഗണിക്കില്ല.

*എച്ച്.ഐ.വി. ബാധിതരായ അംഗങ്ങളുള്ള കുടുംബങ്ങൾ.