കണ്ണൂർ: കാൽനൂറ്റാണ്ടിന്റെ നിറവിൽ കണ്ണൂർ സർവ്വകലാശാല രജത ജൂബിലിയാഘോഷത്തിന്റെ ഭാഗമായി മൂന്ന് പദ്ധതികൾ കൂടി നടപ്പിലാക്കുമെന്ന് കണ്ണുർ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കണ്ണൂർ സർവകലാശാലയുടെ മാനന്തവാടി ക്യാമ്പസിൽ ആൺകുട്ടികളുടെ ഹോസ്റ്റൽ, 'അക്കാദമിക് ബ്ലോക്ക്, ധർമ്മശാല ക്യാമ്പസിൽ 100 പെൺകുട്ടികൾക്ക് വേണ്ടിയുള്ള ഹോസ്റ്റൽ എന്നിവയുടെ ഉദ്ഘാടനം 16 ന് വൈകീട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് വൈസ് ചാൻസലർ അറിയിച്ചു.

മൾട്ടി ക്യാമ്പസ് രീതിയിൽ പ്രവർത്തിക്കുന്ന സർവകലാശാലയുടെ മാനന്തവാടി ക്യാമ്പസിൽ ബോയ്സ് ഹോസ്റ്റലും അക്കാദമിക് ബ്ലോക്കും 3.4 കോടി രൂപ ചെലവിലാണ് പണി പൂർത്തിയാക്കിയത്. 2.60 കോടി രൂപ ചെലവിലാണ് 23 കുട്ടികൾക്ക് താമസിക്കാൻ സൗകര്യമുള്ള ബോയ്സ് ഹോസ്റ്റൽ നിർമ്മിച്ചത്. ഗ്രാമീണ ഗോത്ര പഠന കേന്ദ്രം ജന്തു, സസ്യശാസ്ത്ര പഠനവിഭാഗങ്ങൾ എന്നിവ സംയോജിപ്പിച്ച് അന്താരാഷ്ട്ര ജൈവവൈവിധ്യ ഗോത്ര പഠന ഗവേഷണ കേന്ദ്രം എന്ന കണ്ണൂർ സർവകലാശാലയുടെ ആശയം സർക്കാരിന്റെ പരിഗണനയിലാണ്. നിലവിൽ ധർമ്മശാല ക്യാമ്പസിൽ 100 പെൺകുട്ടികൾക്ക് താമസിക്കാനുള്ള ഹോസ്റ്റലിന്റെ കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുന്നത്.

ഇനിയും 100 പേർക്ക് കൂടി താമസിക്കാനുള്ള സൗകര്യം അവിടെയുണ്ട്. അത് എത്രയും പെട്ടെന്ന് തന്നെ ഒരുക്കുമെന്ന് കണ്ണൂർ യൂനിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. കാസർകോട് മഞ്ചേശ്വരം ക്യാമ്പസിൽ അടുത്ത മാസം മുതൽ എൽഎൽഎം കോഴ്സ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് കാരണം വിദ്യാർത്ഥികൾക്ക് കർണാടകയിലേക്ക് പോകാൻ പറ്റാത്ത സാഹചര്യത്തിലാണ് മഞ്ചേശ്വരം ക്യാമ്പിൽ എൽഎൽഎം കോഴ്സ് ആരംഭിക്കുന്നത്. വരുന്ന മാസം തന്നെ എൽഎൽബി കോഴ്സും ക്യാമ്പസിൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ തലശ്ശേരി പാലയാട് ക്യാമ്പസിൽ മാത്രമാണ് എൽഎൽബി കോഴ്സ് ഉള്ളത്. ഔഷധ സസ്യ തോട്ടവും നിർമ്മിച്ചിട്ടുണ്ട്. ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും വൈകുന്നേരങ്ങളിൽ താവക്കര ക്യാമ്പസിൽ എംബിഎ ക്ലാസ് തുടങ്ങുന്നത് ആലോചനയിലാണ്. ഇന്റർ യൂണിവേഴ്സിറ്റി ജോയിൻ ഡിഗ്രി പ്രോഗ്രാം ഈ വർഷം തന്നെ ആരംഭിക്കുമെന്നും വി സിപറഞ്ഞു. വാർത്താ സമ്മേളനത്തിൽ പി.വി സി പ്രൊഫ എ. സാബു, സിൻഡിക്കേറ്റംഗം എൻ സുകന്യ എന്നിവർ പങ്കെടുത്തു.