ന്യൂഡൽഹി: വാക്സിനുകൾ മനുഷ്യരെ ചിമ്പാൻസികളാക്കുമെന്ന് പ്രചരിപ്പിച്ച 300-ലധികം അക്കൗണ്ടുകൾ ഫേസ്‌ബുക്ക് നിരോധിച്ചു. ആസ്ട്രസെനെക്ക, ഫൈസർ വാക്സിനുകൾക്കെതിരെ പ്രചരണം നടത്തിയ അക്കൗണ്ടുകളാണ് ഫേസ്‌ബുക്ക് പൂട്ടിക്കെട്ടിയത്. പ്രധാനമായും ഇന്ത്യ, ലാറ്റിനമേരിക്ക, യുഎസ് എന്നിവിടങ്ങളിലെ ഉപയോക്താക്കളെ ലക്ഷ്യമിട്ട ഈ അക്കൗണ്ടുകൾ റഷ്യയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

2020 നവംബർ, ഡിസംബർ മാസങ്ങളിലാണ് വാക്‌സിനുകളെ ലക്ഷ്യമിട്ട് ഈ അക്കൗണ്ടുകൾ പ്രവർത്തിച്ചു തുടങ്ങിയത്. ആസ്ട്രസെനെക്ക കോവിഡ് വാക്സിൻ ആളുകളെ ചിമ്പാൻസികളാക്കി മാറ്റുമെന്നുള്ള മീമുകളും കമന്റുകളും പോസ്റ്റ് ചെയ്ത ഈ അക്കൗണ്ടുകൾ തുടർന്ന് നിഷ്‌ക്രിയമായിരുന്നു. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം, 2021 മെയ് മാസത്തിൽ ഇവ വീണ്ടും സജീവമായി.

ചിമ്പാൻസികളുടെ ജീനുകളെ അടിസ്ഥാനമാക്കിയാണ് ആസ്ട്രസെനെക്ക വാക്സിൻ ഉണ്ടാക്കിയതെന്നും പരീക്ഷണത്തിൽ പാർശ്വഫലങ്ങൾ കാണിച്ച ഈ വാക്സിൻ നിരോധിക്കണമെന്നും അല്ലാത്തപക്ഷം നമ്മൾ എല്ലാവരും ചിമ്പാൻസികളാകുമെന്നായിരുന്നു പ്രചാരണം. 'സ്റ്റോപ് ആസ്ട്രസെനെക്ക', 'ആസ്ട്രസെനെക്ക കിൽസ്' തുടങ്ങിയ ഹാഷ്ടാഗ് അടക്കം ഉപയോഗിച്ചുള്ള പോസ്റ്റുകൾ ഇൻസ്റ്റഗ്രാമിലും പ്രത്യക്ഷപ്പെട്ടു. ഡിസംബർ 14 നും 21 നും ഇടയിൽ ഈ ഹാഷ്ടാഗുകൾ ഉൾപ്പെടുന്ന ഏകദേശം 10,000 പോസ്റ്റുകൾ സൃഷ്ടിക്കപ്പെട്ടുവെന്നും ഫേസ്‌ബുക്ക് പറഞ്ഞു.

തങ്ങളുടെ നയം ലംഘിച്ചതിന് 65 ഫേസ്‌ബുക്ക് അക്കൗണ്ടുകളും 243 ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും നീക്കം ചെയ്തുവെന്ന് ഫേസ്‌ബുക്ക് പറഞ്ഞു. ഈ നെറ്റ്‌വർക്ക് ഒരു ഡസനിലധികം പ്ലാറ്റ്‌ഫോമുകളിലും ഫോറങ്ങളിലും പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രേക്ഷകരെ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടു. ഈ പ്രചാരണങ്ങൾ പരസ്യ -വിപണന സ്ഥാപനമായ ഫാസുമായി (എമ്വ്വല ) ബന്ധപ്പെട്ടിരിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നും ഫാസിനെ ഞങ്ങളുടെ പ്ലാറ്റ്ഫോമിൽ നിരോധിച്ചുവെന്നും ഫേസ്‌ബുക്ക് കൂട്ടിച്ചേർത്തു.