കണ്ണൂർ: വെള്ളപ്പറമ്പിലെ ചെങ്കൽ ക്വാറിയിൽ പരിശോധനയ്ക്കെതിയ തലശേരി സബ് കലക്ടർ അനുകുമാരിയുടെ നടപടിയിൽ കടുത്ത പ്രതിഷേധവുമായി സി.പി. എമ്മും സി. ഐ.ടി.യുവും. തലശേരി സബ് കലക്ടർക്കും കൂടെയുണ്ടായിരുന്ന റവന്യൂ ഉദ്യോഗസ്ഥർക്കുമെതിരെ മുഖ്യമന്ത്രിക്കടക്കം ഇവർ പരാതി നൽകിയിട്ടുണ്ട്.

സംഭവത്തിനെതിരെ മട്ടന്നൂർ ഏരിയാകമ്മിറ്റി ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. വെള്ളപറമ്പിലെ ചെങ്കൽ ക്വാറിയിൽ വെള്ളിയാഴ്‌ച്ച രാവിലെ റെയ്ഡിനെത്തിയ കലക്ടറുടെ നേതൃത്വത്തിൽ 13 കല്ലുവെട്ടു യന്ത്രങ്ങൾ നശിപ്പിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. യന്ത്രങ്ങൾ തല്ലിതകർത്ത് ഇതിലുണ്ടായിരുന്ന ഇന്ധനങ്ങൾ പുറത്തേക്ക് ഒഴുക്കി വിടുകയാണ് ചെയ്തിട്ടുള്ളത്. ഇതിനെ തുടർന്ന് ചെങ്കൽ ഉടമകളും തൊഴിലാളികളും പ്രതിഷേധിക്കുകയും കലക്ടർക്കെതിരെ വാക്കേറ്റമുണ്ടാവുകയും ചെയ്തു.

ഈ വിവരമറിഞ്ഞ് മട്ടന്നൂർ പൊലിസും സ്ഥലത്തെത്തി. വെള്ളിയാഴ്‌ച്ച രാവിലെയാണ് തലശേരി സബ് കലക്ടർ അനുകുമാരിയുടെ നേതൃത്വത്തിലുള്ള സംഘം ക്വാറിയിൽ പരിശോധനയ്ക്കെത്തിയത്. തുടർന്ന് യന്ത്രങ്ങൾ വ്യാപകമായി നശിപ്പിച്ചുവെന്നാണ് പരാതി. ലക്ഷങ്ങളുടെനഷടമാണ് കലക്ടറുടെ നേതൃത്വത്തിൽ തങ്ങൾക്കുണ്ടാക്കിയതെന്നു ക്വാറി ഉടമകളിലൊരാളായ കെ.ജെ ജയപ്രകാശ്പറഞ്ഞു.മറ്റൊരു ഉടമയായ എ.ബി രാജേഷിനെ യന്ത്രങ്ങൾ നശിപ്പിക്കുന്നതു കണ്ടു കുഴഞ്ഞുവീണതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

എന്നാൽ അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറിയിൽ നിയമപരമായ പരിശോധനയാണ് നടത്തിയതെന്നു കലക്ടർ അനുകുമാരി അറിയിച്ചു. ഇവരിൽ നിന്നും 13 കല്ലുവെട്ട് യന്ത്രങ്ങൾ പിടിച്ചെടുത്തതായും ഇവർ പറഞ്ഞു. വെള്ളപറമ്പിലെ ഒന്നരയേക്കൽ സ്ഥലത്താണ് ക്വാറി പ്രവർത്തിക്കുന്നത്. കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി മിനി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം.രതീഷ് തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.

എസ്. ഐ കെ.വി ഗണേശന്റെ ന നേതൃത്വത്തിൽ പൊലിസ് സംഘം സ്ഥലത്തു ക്യാംപ് ചെയ്തിരുന്നു. നേരത്തെ തലശേരി നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ജില്ലാപ്രസിഡന്റ് എൻ. ഹരിദാസിന്റെ നാമനിർദ്ദേശപത്രിക തള്ളിയതുമായി ബന്ധപ്പെട്ടു വിവാദത്തിലായ ഉദ്യോഗസ്ഥയാണ് അനുകുമാരി.