പാലാ: രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജീവചരിത്രം ആനിമേഷനിലൂടെ കുട്ടികൾക്കു സൗജന്യമായി ലഭ്യമാകുന്നു. 'മൈ ഡിയർ ബാപ്പൂജി' എന്ന പേരിൽ തയ്യാറാക്കിയ ആനിമേഷൻ ചിത്രമാണ് ലോകമാകമാനമുള്ള വിദ്യാർത്ഥി സമൂഹത്തിനായി പുറത്തിറക്കുന്നത്. 'ഗാന്ധിജിയെ അറിയുക' എന്ന സന്ദേശമുയർത്തി മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ സംഘടിപ്പിച്ചു വരുന്ന പ്രചാരണ പരിപാടിയോടനുബന്ധിച്ചു കൊച്ചിയിലെ കൃഷ്ണ ഇൻഫോടെക് തയ്യാറാക്കിയ ചിത്രം ഇന്നു മുതൽ ഡിജി ക്ലാസ് യൂട്യൂബ് ചാനലിലൂടെ ലോകമെമ്പാടും ലഭ്യമാകുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അറിയിച്ചു. 41 മിനിറ്റ് ദൈർഘ്യമുള്ള ഇംഗ്ലീഷ് ആനിമേഷൻ ചിത്രം നിർമ്മിച്ചിരിക്കുന്നത് പാലാ സ്വദേശിയായ പി കെ രതീഷ് ആണ്. ഏ കെ സൈബറാണ് സംവീധായകൻ.

കുട്ടികൾക്ക് രസിക്കുന്ന രീതിയിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. പതിനൊന്ന് പന്ത്രണ്ട് വയസ്സുള്ള മൂന്ന് കുട്ടികൾക്ക് (ഒരു പെൺകുട്ടിയും രണ്ട് ആൺകുട്ടികളും) ഒരു ഭൂതത്തിനെ കിട്ടുന്നു. ഇതുവരെ നമ്മൾ അറിഞ്ഞിട്ടുള്ള ഭൂതങ്ങളിൽനിന്ന് വ്യത്യസ്തമായി ഈ ഭൂതം വിജ്ഞാനം പകരുകയാണു ചെയ്യുന്നത്. അറിവുനേടുന്നതിലൂടെ ജീവിതത്തിൽ വിജയം കൈവരിക്കാനാകുമെന്നുള്ള സന്ദേശം ഭൂതം കുട്ടികൾക്ക് നൽകുന്നു. കുട്ടികൾ ഭൂതത്തിനോട് മഹാത്മാഗാന്ധിയെക്കുറിച്ച് ചോദിക്കുന്നു. ഭൂതം കുട്ടികൾക്ക് ഇഷ്ടപ്പെട്ട മീന ടീച്ചറുടെ രൂപത്തിൽ വന്ന ഭൂതം ഗാന്ധിജിയുടെ കഥ പറയുന്നു. ഗാന്ധിജിയുടെ ജനനം മുതൽ മരണം വരെയുള്ള സംഭവങ്ങളിൽ പ്രസക്തമായവയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഗാന്ധിജിയുടെ സത്യസന്ധത, അഹിംസാ മാർഗ്ഗത്തിലുള്ള സമരങ്ങൾ, അവയുടെ ഉദ്ദേശശുദ്ധി, മതേതര കാഴ്ചപ്പാടുകൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് അവബോധമുണ്ടാകാൻ ഈ ആനിമേഷൻ ചിത്രത്തിലൂടെ ശ്രമിച്ചിട്ടുണ്ട്

ഗാന്ധിജിയുടെ ജനനം, അമ്മയുടെ ഈശ്വരഭക്തി, സ്‌കൂളിൽ പഠിക്കുമ്പോൾ ഗാന്ധിയുടെ സത്യസന്ധത, മാതാപിതാക്കളോടുള്ള സ്നേഹത്തിന്റെ ആഴം വർദ്ധിപ്പിക്കുന്ന പുരാണത്തിലെ ശ്രവണകുമാരന്റെ കഥ, കള്ളം നടത്തിയതിലുള്ള കുറ്റബോധത്താൽ അച്ഛനോട് പ്രായശ്ചിത്തം നടത്തുന്നത്, ലണ്ടനിൽ താമസിക്കുമ്പോൾ അമ്മയ്ക്കു നൽകിയ പ്രതിജ്ഞ പാലിക്കുന്നത്, ദക്ഷിണാഫ്രിക്കയിൽ ട്രെയിനിൽ നേരിടുന്ന വിവേചനം, അതിൽനിന്നു സാമൂഹ്യപ്രവർത്തനങ്ങളിലേയ്ക്കിറങ്ങുന്നത്, സമരങ്ങളുടെ നേതൃനിരയിലേയ്ക്കെത്തുന്നത്, ആദ്യത്തെ ഹർത്താൽ, ജാലിയൻ വാലാബാഗ് കൂട്ടക്കൊല, നിസ്സഹകരണ പ്രസ്ഥാനം, ഉപ്പുസത്യാഗ്രഹം, ജിന്നയുടെ പാക്കിസ്ഥാൻ വാദം, ഗാന്ധിജിയുടെ മതേതര കാഴ്ചപ്പാട്, വർഗീയലഹളകൾ, ഇന്ത്യയിലെ സാധാരണക്കാരെക്കുറിച്ചുള്ള ഗാന്ധിജിയുടെ കാഴ്ചപ്പാട് ഗോഡ്സെ ഗാന്ധിജിയെ വെടിവയ്ക്കുന്നതുവരെയുള്ള കാര്യങ്ങൾ കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ ലളിതമായി അവതരിപ്പിച്ചിട്ടുണ്ട്.

സ്വതന്ത്രസമരനേതാക്കളായ സുഭാഷ് ചന്ദ്രബോസ്, ഭഗത്സിങ്, ചന്ദ്രശേഖർ ആസാദ് തുടങ്ങിയ മഹാന്മാരുടെ ജീവിതകഥകളും ആനിമേഷൻ ചിത്രങ്ങളായി പുറത്തിറക്കാനും ഫൗണ്ടേഷൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. മലയാളിയായ മുൻരാഷ്ട്രപതി കെ.ആർ. നാരായണനെക്കുറിച്ചും ആനിമേഷൻചിത്രം തയ്യാറാക്കും.

ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ ആനിമേഷൻ ചിത്രം (15/08/2021) 11.30 ന് പുറത്തിറക്കും. ചിത്രത്തിന്റെ നിർമ്മാതാവ് പി കെ രതീഷിനെ മാണി സി കാപ്പൻ എം എൽ എ ആദരിക്കും. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിക്കും.

Trailer Link
https://youtu.be/TUPpMHfR7-8