- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെറുത്ത് നിൽപ്പില്ലാതെ മസർ ഇ ഷെരീഫും കീഴടങ്ങി; കാബൂൾ ഏത് സമയവും വിമതർ നിയന്ത്രണത്തിലാക്കും; ഭീകരർക്ക് കീഴടങ്ങില്ലെന്ന അഫ്ഗാൻ പ്രസിഡന്റിന്റെ അവകാശ വാദം ഒരിടത്തും പ്രതിഫലിക്കുന്നില്ല; അരക്ഷിതാവസ്ഥയിലേക്ക് അഫ്ഗാൻ; കാഴ്ചക്കാരായി അമേരിക്കയും
കാബൂൾ: അഫ്ഗാനിൽ താലിബാന്റെ മുന്നേറ്റം. രാജ്യതലസ്ഥാനമായ കാബൂൾ ഏതുസമയവും താലിബാൻ നിയന്ത്രണത്തിലാകും. ബാൽക് പ്രവിശ്യാതലസ്ഥാനമായ മസർ ഇ ഷെരീഫ് നഗരവും താലിബാൻ പിടിച്ചു. അഫ്ഗാൻ സൈന്യം ചെറുത്തു നിൽപ്പ് പോലും ഇല്ലാതെയാണ് കീഴടങ്ങുന്നത്. മണിക്കൂറുകൾക്കുള്ളിൽ കാബൂളും താലിബാന്റെ നിയന്ത്രണത്തിലാകും. ഇതോടെ അഫ്ഗാൻ വീണ്ടും പൂർണ്ണമായും താലിബാന് സ്വന്തമാകും.
കാബൂളിന്റെ സമീപ പ്രവിശ്യയായ ലോഗർ പിടിച്ച സംഘം ശനിയാഴ്ച തലസ്ഥാനത്തിന് 11 കിലോമീറ്റർമാത്രം അകലെയുള്ള ചാർ അസിയാബ് ജില്ലയിലെത്തിയതായി സർക്കാർവൃത്തങ്ങൾ സ്ഥിരീകരിച്ചിരുന്നു. ഈ പ്രവശ്യയും താലിബാൻ പിടിച്ചെടുത്തതായാണ് റിപ്പോർട്ട്. ചെറുത്തു നിൽപ്പ് കൂടാതെയാണ് കീഴടങ്ങൽ. നേരത്തെ ഭീകരർക്ക് കീഴടങ്ങില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി പറഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തിൽ സുരക്ഷാസേനയെ വീണ്ടും സംഘടിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും വിശദീകരിച്ചു. എന്നാൽ അതൊന്നും സാധ്യമാകുന്നില്ലെന്നതാണ് വസ്തുത.
ജനങ്ങളെ ഭീകരർക്ക് വിട്ടുകൊടുക്കില്ല. ശക്തമായ പ്രതിരോധംതീർക്കാൻ വിവിധതലത്തിലുള്ളവരുമായി കൂടിയാലോചനകൾ തുടരുകയാണെന്നും ഗനി അറിയിച്ചിരുന്നു. രാജ്യത്തെ 34 പ്രവിശ്യകളിൽ 21 എണ്ണത്തിന്റെയും നിയന്ത്രണം താലിബാൻ പിടിച്ചു. കാബൂൾ കൂടി സ്വന്തമാകുന്നതോടെ മറ്റിടങ്ങളിലേക്കും അതിവേഗം അവർ അതിക്രമിച്ച് കയറും. വിവിധ വിദേശരാജ്യങ്ങൾ തങ്ങളുടെ മന്ത്രാലയങ്ങളിലെ ജീവനക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.
കാബൂൾ നയതന്ത്രകാര്യാലയത്തിലെ ജീവനക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നതിനായി യു.എസിന്റെ 3000 സൈനികരും ബ്രിട്ടന്റെ 600 സൈനികരും കാബൂളിലെത്തി. സ്‌പെയിൻ, ഡെന്മാർക്ക്, ജർമനി തുടങ്ങിയ രാജ്യങ്ങളും നയതന്ത്രപ്രതിനിധികളെ തിരിച്ചുവിളിച്ചു. യുഎസിന്റേയും ബ്രിട്ടന്റേയും സൈനികർ താലിബാനെതിരെ വലിയൊരു പ്രതിരോധിക്കാൻ ശ്രമിക്കുന്നില്ല. മറിച്ച് അവരുടെ പൗരന്മാരുടെ സുരക്ഷ മാത്രമാണ് ഉറപ്പാക്കുന്നത്. അഫ്ഗാൻ വിമാനത്താവളത്തിൽ നിരവധി പേർ രക്ഷപ്പെടാനായി വിമാനവും കാത്ത് നിൽപ്പാണ്.
പാക്കിസ്ഥാനുമായി അതിർത്തിപങ്കിടുന്ന പകാതിക, വടക്കുകിഴക്കുഭാഗത്തുള്ള കുനാർ പ്രവിശ്യകൾ ശനിയാഴ്ചയാണ് താലിബാൻ പിടിച്ചെടുത്തത്. ബാൽക് പ്രവിശ്യാതലസ്ഥാനമായ മസർ ഇ ഷെരീഫ് നഗരം പിടിച്ചതോടെ കാബൂളും വീഴുമെന്ന് ഉറപ്പായി. കാണ്ഡഹാറിലെ റേഡിയോ സ്റ്റേഷൻ പിടിച്ചെടുത്ത താലിബാൻ അതിന്റെ പേരുമാറ്റി പ്രവർത്തനം പുനരാരംഭിച്ചു. അഫ്ഗാൻസർക്കാരിനെ പിന്തുണച്ച് ശനിയാഴ്ച യു.എസ്. സൈന്യം കാണ്ഡഹാറിൽ വ്യോമാക്രമണം നടത്തി. താലിബാൻ മേഖലയിൽ അഫ്ഗാൻ സൈന്യവും ആക്രമണം നടത്തി.
20 വർഷത്തെ ഭീകരവിരുദ്ധപോരാട്ടം അവസാനിപ്പിച്ച് യു.എസ്. സൈന്യം അഫ്ഗാനിൽനിന്ന് പിന്മാറാൻ തീരുമാനിച്ചതോടെയാണ് താലിബാൻ വീണ്ടും രാജ്യത്ത് പിടിമുറുക്കിത്തുടങ്ങിയത്.
മറുനാടന് മലയാളി ബ്യൂറോ