മലപ്പുറം: സദാചാര ഗുണ്ടാ ആക്രമണത്തിനിരയായ അദ്ധ്യാപകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയോറ പുത്തനങ്ങാടി സ്വദേശികളായ നിസാമുദ്ദീൻ (39), മുജീബ് റഹ്മാൻ (44) എന്നിവരാണു പിടിയിലായത്. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൂടുതൽ പ്രതികളുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

വലിയോറ ചിനക്കൽ കുറുക ഗവ.ഹൈസ്‌കൂൾ അദ്ധ്യാപകനും ചിത്രകാരനുമായ സുരേഷ് ചാലിയത്തിനെ ഒരു യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ചു വെള്ളിയാഴ്ച ഒരു സംഘം മർദിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സ തേടി വീട്ടിലെത്തിയ ശേഷം ശനി രാവിലെയാണു കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.