തിരുവനന്തപുരം: പിഎസ്‌സി റാങ്ക് പട്ടികകളിൽ ഉള്ളവരുടെ എണ്ണം കുറയ്ക്കുന്നത് ഉദ്യോഗാർഥികൾക്കു ദോഷവും സർക്കാരിനു ഗുണവും ആകും. ഇക്കാര്യത്തിൽ തിരക്കിട്ടു തീരുമാനം ഉണ്ടാകില്ലെന്നാണു സൂചന. കൂടുതൽ ഉദ്യോഗാർഥികൾ പട്ടികയിൽ ഉണ്ടെങ്കിൽ അവർക്കു സമരം നടത്തി പുതിയ തസ്തിക അനുവദിപ്പിക്കാനും നിലവിലുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ സമ്മർദം ചെലുത്താനും സാധിക്കും. ഏതെങ്കിലും വകുപ്പിൽ പെട്ടെന്ന് കുറെ ഒഴിവുകൾ വന്നാൽ ലിസ്റ്റിൽ ആളുണ്ടെങ്കിലെ നിയമനം നടക്കൂ. അതേസമയം റാങ്ക് പട്ടികയിൽ ഉള്ളവർ ജോലി തേടി സമരം ചെയ്യുന്നത് ഇല്ലാതാകുമെന്നതു സർക്കാരിന് ആശ്വാസമാകും. ഇതിന്റെ പേരിലുള്ള സമ്മർദ്ദങ്ങളിൽ നിന്നു സർക്കാരിനു രക്ഷപ്പെടുകയും ചെയ്യാം.

നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പിഎസ്‌സിയുടെ സപ്ലിമെന്ററി ലിസ്റ്റിലെ ഉദ്യോഗാർഥികളുടെ എണ്ണം 5 ഇരട്ടിയാക്കിയത്. ഇതനുസരിച്ച് മെയിൻ പട്ടികയിലെ എണ്ണത്തിന് ആനുപാതികമായി സംവരണ ഉദ്യോഗാർഥികളെ പട്ടികയിൽ ഉൾപ്പെടുത്തും. മെയിൻ പട്ടികയിൽ 100 പേരാണ് ഉള്ളതെങ്കിൽ 14% ഈഴവ സംവരണം ഉള്ളതിനാൽ 70 ഈഴവ ഉദ്യോഗാർഥികളെയാണു സപ്ലിമെന്ററിയിൽ ഉൾപ്പെടുത്തുക.12% മുസ്ലിം സംവരണം ഉള്ളതിനാൽ സപ്ലിമെന്ററിയിൽ 60 പേരെ ഉൾപ്പെടുത്തും. ഇങ്ങനെ എല്ലാ സംവരണ സമുദായക്കാരും പട്ടികയിൽ ഉണ്ടാകും. ഇവരിൽ നല്ലൊരു പങ്കിനും ജോലി ലഭിക്കാറില്ല.

മുഖ്യ പട്ടിക ചെറുതാക്കിയാൽ അനുബന്ധ പട്ടികയും ചെറുതാകും. മുഖ്യ പട്ടികയിലെ അവസാനത്തെ ആളിനെയും നിയമിച്ചു കഴിഞ്ഞാൽ സപ്ലിമെന്ററിക്കു നിലനിൽപില്ല. എണ്ണം കാര്യമായി കുറച്ചാൽ 3 വർഷത്തെ കാലാവധിക്കു മുൻപേ മുഖ്യ പട്ടിക തീരാൻ സാധ്യതയുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ പിഎസ്‌സികളും യുപിഎസ്‌സിയും ഒഴിവിന് ആനുപാതികമായുള്ള റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്. എന്നാൽ കേരളത്തിൽ കൂടുതൽ പേരെ ഉൾപ്പെടുത്തുന്നതാണു കീഴ്‌വഴക്കം. ഇത് പെട്ടെന്നു മാറ്റുന്നത് ഉദ്യോഗാർഥികളെ നിരാശരാക്കും.

ഇക്കാര്യത്തിൽ ശുപാർശ സമർപ്പിക്കാൻ ജസ്റ്റിസ് കെ.കെ.ദിനേശൻ കമ്മിഷനെ നിയമിച്ച സാഹചര്യത്തിൽ കമ്മിഷന്റെ ശുപാർശകൾ സർക്കാർ പഠിക്കും. തുടർന്ന് സർക്കാരിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ പിഎസ്‌സി തീരുമാനം എടുക്കും. റാങ്ക് ലിസ്റ്റിൽ എത്ര പേരെ ഉൾപ്പെടുത്തണമെന്നു തീരുമാനിക്കാനുള്ള അധികാരം പിഎസ്‌സിക്കു മാത്രമാണ്.കൂടുതൽ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തുന്നതു ചൂഷണങ്ങൾക്കും അനഭിലഷണീയ പ്രവണതകൾക്കും വഴിവയ്ക്കുമെന്നാണ് സർക്കാർ നിലപാട്.