കണ്ണുർ: വിദ്യാഭ്യാസ മേഖലയിലെ കണ്ണൂർ ജില്ലയോടുള്ള സർക്കാർ അവഗണനക്കെതിരേ വിദ്യാഭ്യാസ അവകാശ സമരത്തിന്റെ ഭാഗമായി ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ലാ കമ്മിറ്റി കലക്ടറേറ്റ് മാർച്ച് നടത്തി. നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന മാർച്ച് കണ്ണൂർ ചേംബർ ഓഫ് കോമേഴ്‌സ് പരിസരത്തു നിന്ന് ആരംഭിച്ചു.

കലക്ട്രേറ്റ് പരിസരത്ത് പൊലീസ് ബാരിക്കേഡ് കെട്ടി തടയുകയും പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി തഷ്രീഫ് കെ.പി മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സർക്കാർ എന്തെങ്കിലും തരുന്നത് കാത്തുനിൽക്കാൻ വിദ്യാർത്ഥികൾ ചോദിക്കുന്നത് ഭിക്ഷയല്ല മറിച്ചു അവകാശമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമരങ്ങൾ കണ്ടില്ലെന്ന് നടിച്ചു അവഗണന തുടരാനാണ് സർക്കാർ ഭാവമെങ്കിൽ നീതി ലഭിക്കും വരെ ഫ്രറ്റേണിറ്റി സമര രംഗത്തു തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയിൽ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാർത്ഥികൾക്കെതിരേയുള്ള പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തെ വിമർശിച്ച അദ്ദേഹം ഗുണ്ടായിസം കൈമുതലാക്കിയ മന്ത്രി ഭരിക്കുന്ന വകുപ്പിൽ നിന്നും നീതി ലഭിക്കാൻ വിദ്യാർത്ഥികൾ കാണിക്കുന്ന നിയമലംഘനങ്ങൾ തെറ്റല്ല എന്നും അഭിപ്രായപ്പെട്ടു. ഗുണ്ടായിസങ്ങളുടെ അപ്പോസ്തലൻ മന്ത്രിയായിരിക്കുന്നിടത്ത് വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ പൊലീസിനെ ഉപയോഗിച്ച് നേരിടുന്നതിനെ അദ്ദേഹം ശക്തമായി വിമർശിച്ചു.

കെ.എസ്.ടി.എം ജില്ലാ പ്രസിഡന്റ് നൗഷാദ് ചേലേരി ആശംസ അർപ്പിച്ചു സംസാരിച്ചു. ഈ സമരം ഒരു തുടക്കം മാത്രമാണെന്നും പ്രശ്നം പരിഹരിക്കപെടാത്തിടത്തോളം കൂടുതൽ ശക്തമായി സമരമുഖത്ത് ഉണ്ടാകുമെന്നും ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ലുബൈബ് ബഷീർ പറഞ്ഞു. ജനപ്രതിനിധികളെയും മന്ത്രിമാരെയും അടക്കം വേണ്ടി വന്നാൽ സമ്മർദം ചെലുത്താനും ഉപരോധിക്കുന്നതിനെ കുറിച്ചും ആലോചിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തിൽ ജവാദ് അമീർ, ആരിഫ മെഹബൂബ് സംസാരിച്ചു. ഫ്രറ്റേണിറ്റി ജില്ലാ നേതാക്കളായ ആദിൽ സിറാജ്, ഷബീർ എടക്കാട്, മഷൂദ് കെ.പി, ഫാത്തിമ എസ്.ബി.എൻ, സഫൂറ നദീർ, മിസ്അബ് ഷിബിലി തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.