തലശേരി: മാഹിയിലെ ബാറുകളിൽ ഇരുന്ന് മദ്യപിക്കാൻ സർക്കാർ അനുമതിയായി.എന്നാൽ മദ്യത്തിനൊപ്പം ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുണ്ട്. മദ്യത്തിനൊപ്പം യാതൊരു വിധ ഭക്ഷണ സാധനങ്ങളും വിളമ്പരുതെന്നാണ് പുതുച്ചേരി സർക്കാറിന്റെ ഉത്തരവ്..
ഈ സാഹചര്യത്തിൽ തിങ്കളാഴ്‌ച്ചയോടെ മാഹിയിലെ ബാറുകൾ ഭൂരിഭാഗവും തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്.

എന്നാൽ മിക്കവാറും ബാറുകളിലും വളരെ കുറച്ച് ജീവനക്കാർ മാത്രമേയുള്ളൂ. തിരക്ക് ഒഴിവാക്കാൻ വിൽപ്പന ക്രമപ്പെടുത്തിയിട്ടുണ്ടെന്ന് ബാറുടമകൾ അറിയിച്ചു. മാഹിയിൽ കൊ വിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് ബാറുകൾ കേരളത്തിലേതുപോലെ തന്നെ അടച്ചു പൂട്ടിയത്.

പിന്നീട് ഒരേ സമയം കേരളത്തിൽ തുറക്കുന്നതിനൊപ്പം മാഹിയിലും തുറന്നുവെങ്കിലും പാർസൽ വിൽപ്പന മാത്രമാക്കി ചുരുക്കി.'മദ്യത്തിന് ചുമത്തിയ കോവിഡ് സെസ് ഒഴിവാക്കിയതിനാൽ വിലയിൽ കേരളത്തിലേതിനെക്കാൾ കുറവുണ്ടെങ്കിലും കണ്ണൂർ - കോഴിക്കോട് ജില്ലാ അതിർത്തികളിൽ എക്‌സൈസ് പരിശോധന ശക്തമായതിനാൽ പാർസൽ വാങ്ങിപ്പോകുന്നവർ പിടിയിലാകുന്ന സാഹചര്യവുമുണ്ടായി.

ഇ തോടെ വിൽപ്പന നന്നേ ' കുറയുകയും ഇതര സംസ്ഥാനക്കാരായ ജീവനക്കാരെ ബാറുടമകൾ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി നാട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തു. ഇപ്പോൾ പകുതിയിൽ താഴെ ജീവനക്കാർ മാത്രമേ ഓരോ ബാറുകളിലുമുള്ളൂ പുതുച്ചേരി സർക്കാരിന് വൻ നികുതി വരുമാനം നൽകുന്ന ബാറുകൾ നഷ്ടത്തിന്റെ ട്രാക്കിലോടാൻ തുടങ്ങിയതോടെയാണ് ബാറുകൾക്കകത്തു നിന്നും മദ്യം കഴിക്കാമെന്ന ഇളവു വരുത്താൻ സർക്കാർ തയ്യാറായത്.

85 ബാറുകൾ മാഹി, പന്തക്കൽ, പള്ളുർ ,കോപ്പാലം എന്നിവടങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര ഭരണ പ്രദേശമായ മാഹിയുമായി അതിർത്തി പങ്കിടുന്ന കേരളത്തിൽ ബാറുകളിൽ പാർസൽ സർവീസ് മാത്രമാണുള്ളത്. കൺടെയ്‌മെന്റ് സോണുകളിൽ ബീവ് റേജസ് ഔട്ട് ലെറ്റുകൾ അടച്ചിടുന്ന സാഹചര്യവും നിലനിൽക്കുകയാണ്. മാഹിയിൽ ബാറുകളിൽ ഇരുന്ന് മദ്യപിക്കാൻ അനുമതി നൽകിയതോടെ കേരളത്തിൽ നിന്നും മദ്യപന്മാരുടെ ഒഴുക്കുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.