- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാട്ടിലേക്കു മടങ്ങാൻ ഇന്ത്യക്കാരോട് എംബസി നിർദേശിച്ചത് ഏതാനും ദിവസം മുമ്പ്; കണക്കു കൂട്ടിയതിലും നേരത്തേ താലിബാൻ കാബൂൾ പിടിച്ചത് രക്ഷാദൗത്യത്തേയും ബാധിച്ചു; വിമാനത്താവളത്തിലെ ജനകൂട്ടത്തിന് പിന്നിലും താലിബാനോ? പ്രതിസന്ധിയിലായത് 60 രാജ്യങ്ങൾ
കാബൂൾ: കാബൂളിലെ വിമാനത്താവളത്തിലെ പ്രശ്‌നത്തിന് കാരണം താലിബാനോ? രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറായതോടെ വിവിധ രാജ്യങ്ങളുടെ രക്ഷാദൗത്യവും അനിശ്ചിത്വത്തിലാണ്. ഇതിന് വേണ്ടി താലിബാനാണ് വിമാനത്താവളത്തിലെ ഇടപെടലുകൾ നടത്തിയതെന്നാണ് സംശയം. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ രക്ഷാപ്രവർത്തനം താളം തെറ്റിയിട്ടുണ്ട്.
നയതന്ത്ര തലത്തിൽ ഒറ്റപ്പെടുമെന്നതിനാൽ നയതന്ത്ര പ്രതിനിധികളെ താലിബാൻ ആക്രമിക്കില്ലെന്നാണ് പ്രതീക്ഷ. മിതവാദികളാണ് താലിബാനെന്ന് വരുത്താനുള്ള ബോധ പൂർവ്വ ശ്രമം അവർ നടത്തുന്നുണ്ട്. വിമാനത്താവളം ഇപ്പോഴും അമേരിക്കൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. എങ്കിലും വിമാനത്തിൽ തൂങ്ങി നിൽക്കാനും ഓടി കയറാനും ജനക്കൂട്ടം എത്തുന്നത് അമേരിക്കയുടെ രക്ഷാ ദൗത്യത്തിന് വെല്ലുവിളിയാണ്.
റൺവേയിൽനിന്ന് ജനക്കൂട്ടത്തെ ഒഴിപ്പിച്ചുവെങ്കിലും രക്ഷാദൗത്യം സംബന്ധിച്ച ആശയക്കുഴപ്പം തുടരുകയാണ്. സുരക്ഷിതമായ ഒഴിപ്പിക്കലിനു സൗകര്യമൊരുക്കണമെന്ന് 60 രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നാട്ടിലേക്കു മടങ്ങാൻ ഏതാനും ദിവസങ്ങൾ മുൻപ് ഇന്ത്യക്കാരോട് എംബസി നിർദേശിച്ചിരുന്നു. എന്നാൽ കണക്കുകൂട്ടിയതിലും നേരത്തേ താലിബാൻ കാബൂൾ പിടിച്ചത് അധികൃതരുടെ കണക്കുകൂട്ടൽ തെറ്റിച്ചു. ഇത് തന്നെയാണ് മിക്കവാറും രാജ്യങ്ങൾക്കും സംഭവിച്ചത്.
എംബസി അധികൃതരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് കുടുങ്ങിക്കിടക്കുന്ന അഫ്ഗാനിലെ ഇന്ത്യക്കാർ പറയുന്നു. യുഎസ് എംബസിയെ ബന്ധപ്പെട്ടെങ്കിലും അമേരിക്കൻ പൗരന്മാരെ മാത്രമേ സഹായിക്കാൻ സാധിക്കൂവെന്ന് അവരും പറയുന്നു. ഇതോടെ അഫ്ഗാനിലെ ഇന്ത്യാക്കാരുടെ പ്രതിസന്ധി കൂടുന്നു. നിലവിൽ, സേനാ വിമാനങ്ങൾക്കു മാത്രമേ അഫ്ഗാൻ വ്യോമപാതയിലേക്കു പ്രവേശനാനുമതിയുള്ളൂ. ഇതും ഇന്ത്യ അടക്കമുള്ളവർക്ക് രക്ഷാ ദൗത്യത്തിന് വെല്ലുവിളിയാണ്.
അമേരിക്കക്കാരെ കൊണ്ടുപോകാനുള്ള യുഎസ് മറീനുകളുമായി അമേരിക്കൻ വിമാനങ്ങൾ എത്താനും മണിക്കൂറുകൾ വൈകി. കാബൂളിൽ ഇന്ത്യയുടെയടക്കമുള്ള എംബസികൾ സ്ഥിതി ചെയ്യുന്ന വസീർ അക്‌ബർ ഖാൻ മേഖലയും താലിബാന്റെ നിയന്ത്രണത്തിലാണ്. എംബസി അടച്ച ഇന്ത്യൻ ഉദ്യോഗസ്ഥർ സുരക്ഷിതമായ മറ്റൊരിടത്തു നിന്ന് രക്ഷാദൗത്യം ഏകോപിപ്പിക്കാനുള്ള ശ്രമത്തിലാണ്.
ഇന്ത്യയിലേക്ക് ഇന്നലെ നിശ്ചയിച്ചിരുന്ന എയർ ഇന്ത്യയുടെ ഏക സർവീസ് അധികൃതർ റദ്ദാക്കി. അഫ്ഗാൻ വ്യോമമേഖല ഒഴിവാക്കുന്നതിന്റെ ഭാഗമായി യുഎസിൽ നിന്നുള്ള 2 വിമാനങ്ങൾ ഷാർജയിലേക്കു തിരിച്ചുവിട്ടു. യാത്രാ വിമാന സർവീസ് പുനരാരംഭിച്ചാൽ എയർ ഇന്ത്യയും സർവീസ് നടത്തും.
അഫ്ഗാനിൽ റഷ്യയുടെയും ചൈനയുടെയും എംബസികൾ അടച്ചിട്ടില്ല. ഇന്ന് താലിബാൻ പ്രതിനിധികളുമായി റഷ്യയുടെ അംബാസഡർ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ