- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്കൂളിൽ ബോംബിട്ട് 90 പെൺകുട്ടികളെ കൊന്നു; സർവകലാശാലയിൽ പെൺകുട്ടികൾക്ക് നിരോധനം; ജിഹാദിക്ക് രസിക്കാൻ 12 വയസിൽ കൂടുതലുള്ള പെൺകുട്ടികളെ വേട്ടയാടുന്നു; വാതിലുകൾ മുട്ടിത്തുറന്ന് കൊല; താലിബാൻ-2 വിന്റെ നന്മയും വിസ്മയവും വെറും തട്ടിപ്പ്
കഴിഞ്ഞകാലം ആവർത്തിക്കില്ലെന്നും അന്താരാഷ്ട്ര സമൂഹവുമായി ഒത്തുപോകുമെന്നുമൊക്കെ പറയുമ്പോഴും താലിബാന് അതിന്റെ അടിസ്ഥാന രീതികളിൽ നിന്നും മാറാനാകില്ലെന്ന് തെളിയിക്കുകയാണ് അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ. മുൻ സർക്കാരിന് പിന്തുണ നൽകിവന്ന പാശ്ചാത്യ ശക്തികളുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന അഫ്ഗാൻ പൗർന്മാരെ വേട്ടയാടാൻ തുടങ്ങിയിരിക്കുന്നു താലിബാൻ എന്നണ് ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിവിധ ഓഫീസുകളിൽ പരിഭാഷകരായി പ്രവർത്തിച്ചിരുന്നവരേയും ഇവർ ലക്ഷ്യമിടുകയാണ്.
അഫ്ഗാൻ തലസ്ഥാനത്ത് വീടുവീടാന്തരം കയറിയിറങ്ങിയാണ് ഇത്തരക്കാർക്കായി ഭീകരർ തെരച്ചിൽ നടത്തുന്നത്. അതോടൊപ്പം തന്നെ മറ്റു നഗരങ്ങളിലും താലിബൻ സേനയുടെ അഴിഞ്ഞാട്ടം തുടരുകയാണ്. 12 വയസ്സിനു മുകളിലുള്ള പെൺകുട്ടികളെ ലൈംഗിക അടിമകളാക്കുവാൻ തട്ടിക്കൊണ്ടു പോയുള്ള നിർബന്ധിത വിവാഹം ആരംഭിച്ചതായും റിപ്പോർട്ടുകൾ വരുന്നു. ഇരുപതു വർഷത്തെ പാശ്ചാത്യ സാന്നിദ്ധ്യം ഇല്ലാതായതോടെ അഫ്ഗാനിലെ പെൺകുട്ടികളും സ്ത്രീകളും തികച്ചും അരക്ഷിതാവസ്ഥയിലായിരിക്കുകയാണ്.
ഓരോയിടങ്ങളിലേയും പള്ളികളിലെ ഇമാമുമാരോട് അതാതിടങ്ങളിലെ 12 നും 45 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളുടെയും സ്ത്രീകളുടെയും പേരുവിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഭീകരർ. യുദ്ധത്തടവുകാരായിട്ടാണ് ഇപ്പോൾ അവർ ഒരു ജനതയെ കാണുന്നത്. അക്കൂട്ടത്തിൽ പെടുന്ന സ്ത്രീകൾ വിജയിക്ക് അവകാശമുള്ള സ്വത്താണെന്ന അവകാശവാദമാണ് താലിബാൻ ഉയർത്തുന്നത്.
ജീവഭയത്താൽ സുരക്ഷിതത്വം തേടി പലായനം ചെയ്യുന്ന സാധാരണക്കാരെ കൊന്നു തള്ളുന്നതും സ്ത്രീകളേയും പെൺകുട്ടികളേയും ബലാത്സംഗം ചെയ്യുന്നതുമായ കഥകൾ വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. ഇറുകിയ വസ്ത്രം ധരിച്ചു എന്നാരോപിച്ച് ഒരു സ്ത്രീയെ ഭീകരർ വെടിവെച്ചു കൊന്നതായും റിപ്പോർട്ടുകൾ പറയുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും അടുത്ത ബന്ധുവായ പുരുഷനോടൊപ്പമല്ലാതെ സ്ത്രീകൾക്ക് പുറത്തിറങ്ങാനുള്ള അനുവാദം ഇല്ലാത്ത സാഹചര്യമാണ്. തൊണ്ണൂറുകളിലെ ഇരുണ്ടകാലം തിരിച്ചുവരുന്നു എന്നാണ് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ ആശങ്കപ്പെട്ടത്.
അതേസമയം, താലിബാൻ എത്തി തന്നെയും ഭർത്താവിനെയും കൊല്ലുന്നത് കാത്തിരിക്കുകയാണെന്നാണ് കാബൂളിന്റെ ആദ്യ വനിത മേയർ പറഞ്ഞത്. തന്നെ രക്ഷിക്കുവാൻ ആരുമുണ്ടാകില്ലെന്ന് അറിയാമെന്നും അവർ കൂട്ടിച്ചേർത്തു. വരുന്ന വിധിയെ സ്വീകരിക്കാൻ നിസ്സഹായരായി തങ്ങൾ കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു. കടുത്ത ശരിയത്ത് നിയമങ്ങളായിരുന്നു ഒന്നാം താലിബാന്റെ കാലത്ത് നടപ്പിലാക്കിയിരുന്നത്.
പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും സ്ത്രീകൾക്ക് തൊഴിലെടുക്കുന്നതിനുള്ള സ്വാതന്ത്ര്യവും നിഷേധിച്ച മതമൗലികവാദികൾ സ്ത്രീകളെ ശരീരം മുഴുവൻ മൂടുന്ന വസ്ത്രമണിയാൻ നിർബ്വന്ധിച്ചിരുന്നു. പൊതുയിടങ്ങളിൽ വധശിക്ഷ നടപ്പിലാക്കുക, പെൺകുട്ടികളേയും സ്ത്രീകളേയും ബലാത്സംഗം ചെയ്യുക തുടങ്ങിയ പ്രാകൃത നടപടികളും അന്ന് ധാരാളമായി അരങ്ങേറിയിരുന്നു. എന്നാൽ, കഴിഞ്ഞ 20 വർഷങ്ങളായി സ്ഥിതി ഏറെക്കുറേ മാറിയിരുന്നു.
സ്വാതന്ത്ര്യം അനുഭവിച്ചു തുടങ്ങിയ ജനതയേയാണ് വീണ്ടും മതനിയമങ്ങളുടെ പേരിൽ ചവിട്ടിക്കുഴക്കാൻ ഭീകരരെത്തുന്നത്. പുറമേ സൗമനസ്യം പ്രകടിപ്പിക്കുമ്പോഴും ഒന്നാം താലിബനെക്കാൾ ക്രൂരതയിൽ ഒട്ടും പിന്നിലല്ല രണ്ടാം താലിബനെന്നാണ് നിരീക്ഷകർ പറയുന്നത്. അമേരിക്കൻ സൈന്യത്തിന്റെ പിൻവാങ്ങൾ പ്രഖ്യാപിച്ച് ഒരു മാസത്തിനുള്ളിലാണ് താലിബാൻ അധികാരം പിടിച്ചെടുത്തിരിക്കുന്നത്. ഹെരാത് സർവ്വകലാശാലയിൽ പെൺകുട്ടികൾക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് അവർ അവരുടെ നിയമങ്ങൾ നടപ്പാക്കാനും ആരംഭിച്ചു.
അതിനു പുറമെയാണ് പെൺകുട്ടികളേയും വിധവകളേയും തങ്ങളുടെ പോരാളികളുടെ ഭാര്യമാരാകാൻ നിർബന്ധിക്കുന്നത്. ബാലപീഡനത്തോളം ഗുരുതരമായ കുറ്റകൃത്യങ്ങൾക്കാണ് ഇതുവഴി താലിബാൻ നിയമസാധുത നൽകുന്നത്. കൊള്ളയും കൊള്ളിവയ്പും സ്ത്രീ പീഡനവും രക്തത്തിൽ അലിഞ്ഞു ചേർന്ന താലിബാൻ അതെല്ലാം വീണ്ടും പുറത്തെടുക്കാൻ തുടങ്ങിയതായി വിവിധ പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മറുനാടന് മലയാളി ബ്യൂറോ