- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബൈഡന്റെ കൈകഴുകൽ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട്; അഫ്ഗാൻ ജനതയെ സ്വാതന്ത്ര്യം കാട്ടി വഞ്ചിച്ച് കൂട്ടിക്കൊടുത്തത് ട്രംപും ബൈഡനും ചേർന്ന്; അമേരിക്കയെ നാണം കെടുത്താൻ ലോക മാധ്യമങ്ങൾ ഒരുമിച്ചു
സ്വാതന്ത്ര്യത്തിലേക്ക് പിച്ചവെച്ചു തുടങ്ങിയ അഫ്ഗാൻ ജനതയുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തിയ ജോ ബൈഡനെതിരെ മറ്റ് വ്യത്യാസങ്ങളെല്ലാം മറന്ന് ലോക മാധ്യമങ്ങൾ ഒരുമിക്കുകയാണ്.
അമേരിക്കയുടെ കഴിഞ്ഞ 65 വർഷത്തെ വിദേശനയങ്ങളിൽ ഏറ്റവും വലിയ നാണക്കേടുണ്ടാക്കുന്നതാണ് അഫ്ഗാനിസ്ഥാനിൽ നിന്നും സൈന്യത്തെ പിൻവലിക്കുവാനുള്ള തീരുമാനം എന്നാണ് മാധ്യമങ്ങൾ ഒരേ സ്വരത്തിൽ പറയുന്നത്. ബൈഡന്റെ ഏറ്റവും വലിയ പ്രചാരകരായിരുന്ന സി എൻ എൻ, ന്യുയോർക്ക് ടൈംസ് തുടങ്ങിയ ഇടതുപക്ഷ ചായ്വ് പുലർത്തുന്ന മാധ്യമങ്ങൾ വരെ ബൈഡനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
അഫ്ഗാൻ പ്രതിസന്ധിയിൽ നിന്നും കൈകഴുകാനുള്ള അമേരിക്കൻ ശ്രമം ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടായി രേഖപ്പെടുത്തുമെന്നാണ് വാൾസ്ട്രീറ്റ് ജേർണൽ എഴുതിയത്. അമേരിക്കയുടെ സർവ്വസൈന്യാധിപൻ ലോകത്തിനു മുന്നിൽ പരാജിതനാകുന്ന കാഴ്‌ച്ചയാണിത്. അഫ്ഗാനിസ്ഥാനിൽ നിന്നും പിൻവാങ്ങാനുള്ള തീരുമാനം ബൈഡനെ സംബന്ധിച്ച് ഒരു രാഷ്ട്രീയ പരാജയമാണെന്നായിരുന്നു സി എൻ എൻ എഴുതിയത്. അഫ്ഗാൻ ജനതയോട് കാട്ടിയ കടുത്ത വഞ്ചന എന്നാണ് ദി അറ്റ്ലാന്റിക് എഴുതിയത്.
തന്റെ മുൻഗാമിയായ ഡൊണാൾഡ് ട്രംപ് എടുത്ത തീരുമാനം താൻ പിന്തുടർന്നതാണെന്ന ജോ ബൈഡന്റെ വാദം പച്ചക്കള്ളമാണെന്നായിരുന്നു ന്യുയോർക്ക് പോസ്റ്റ് തങ്ങളുടെ എഡിറ്റോറിയലിൽ എഴുതിയത്. ജോ ബൈഡൻ എന്ന അമേരിക്കൻ പ്രസിഡണ്ടിന്റെ ഔദ്യോഗിക ജീവിതത്തിലെ മായ്ച്ചാലും മായാത്ത കറയായി ഈ തീരുമാനം അവശേഷിക്കുമെന്ന് വാഷിങ്ടൺ പോസ്റ്റും എഴുതുന്നു. ഈ യുദ്ധത്തിൽ പങ്കെടുത്ത ആയിരക്കണക്കിന് അമേരിക്കൻ സൈനികർക്ക് കിട്ടിയ മുഖമടച്ചുള്ള അടിയാണ് ഈ തീരുമാനമെന്ന റിപ്പബ്ലിക്കൻ സെനറ്റർ ജോണി ഏണസ്റ്റിന്റെ വാക്കുകളാണ് ഫോക്സ് ന്യുസ് ഉദ്ധരിച്ചിരിക്കുന്നത്.
അമേരിക്കൻ മാധ്യമങ്ങൾ ജോ ബൈഡനെ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ ബ്രിട്ടീഷ് മാധ്യമങ്ങളും ഒട്ടും പുറകിലല്ല. 20 വർഷം ആളും അർത്ഥവും നൽകി പരിപോഷിപ്പിച്ച അഫ്ഗാൻ സൈന്യത്തെ ഏറ്റവും ആവശ്യമായ അവസരത്തിൽ കൈയൊഴിഞ്ഞത് വൈകുന്നേരം വരെ വെള്ളം കോരി നിറച്ചിട്ട് വൈകിട്ട് കലം തല്ലി ഉടയ്ക്കുന്നതിന് സമാനമാണെന്നായിരുന്നു സൺ എഴുതിയത്.1957-ലെ സൂയസ് കരാറിനു ശേഷമുള്ള ഏറ്റവും വലിയ മണ്ടൻ വിദേശനയം എന്നാണ് കോമൺസ് ഫോറിൻ അഫയേഴ്സ് കമ്മിറ്റി ചെയർമാൻ ടോം ടഗണ്ട് ടൈംസിൽ എഴുതിയത്.
അമേരിക്കയ്ക്ക് തങ്ങളുടെ സഖ്യകക്ഷികളോട് എത്രമത്രം ആത്മാർത്ഥതയുണ്ടെന്ന കാര്യത്തിൽ സംശയം ജനിപ്പിക്കുന്ന തീരുമാനമാണിതെന്ന് ഫിനാൻഷ്യൽ ടൈംസ് എഴുതിയപ്പോൾ, ഇസ്ലാമിക ഭീകരതയുടെ തിരിച്ചു വരവിന് ആരംഭമായി എന്നാണ് ഡെയ്ലി മെയിൽ വേവലാതിപ്പെടുന്നത്.
മറുനാടന് മലയാളി ബ്യൂറോ