- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒരു വർഷത്തിനുള്ളിൽ ഇന്ത്യ ആക്രമിക്കപ്പെടും; ചൈന-പാക്കിസ്ഥാൻ-താലിബാൻ കൂട്ടുകെട്ട് ഇതിന് നേതൃത്വം നൽകുമെന്ന സുബ്രഹ്‌മണ്യൻ സ്വാമി ട്വീറ്റ് ഗൗരവത്തോടെ എടുക്കേണ്ടത് തന്നെ; ദക്ഷിണേഷ്യയിൽ 'തീവ്രവാദം' വീണ്ടും ചർച്ചകളിലേക്ക്
ന്യൂഡൽഹി: അഫ്ഗാനിലെ ഭരണമാറ്റം ഇന്ത്യയെ യുദ്ധ ഭീതിയിലാക്കുന്നുവോ? ഒരു മുന്നറിയിപ്പുമായി എത്തുകയാണ് ബിജെപി നേതാവ് സുബ്രഹ്‌മണ്യം സ്വാമി. തള്ളിക്കയാൻ കഴിയാത്ത സാധ്യത ഈ പ്രസ്താവനയിൽ ഉണ്ടെന്നതാണ് വസ്തുത.
അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലെത്തുന്നതോടെ ഒരു വർഷത്തിനുള്ളിൽ ഇന്ത്യ ആക്രമിക്കപ്പെടുമെന്നാണ് സുബ്രഹ്‌മണ്യൻ സ്വാമിയുടെ മുന്നറിയിപ്പ്. ചൈന-പാക്കിസ്ഥാൻ-താലിബാൻ കൂട്ടുകെട്ട് ഇതിന് നേതൃത്വം നൽകുമെന്നും സുബ്രഹ്‌മണ്യൻ സ്വാമി ട്വീറ്റ് ചെയ്തു.
ഒരു വർഷത്തിനുള്ളിൽ അഫ്ഗാനിസ്ഥാൻ സുരക്ഷിത താവളമാക്കിക്കൊണ്ട് താലിബാനും പാക്കിസ്ഥാനും ചൈനയും ചേർന്ന് ഇന്ത്യയെ ആക്രമിക്കും. സുബ്രഹ്‌മണ്യൻ സ്വാമി ട്വീറ്റ് ചെയ്തു. അഫ്ഗാനിസ്ഥാനിൽ താലിബാന് പിന്തുണ നൽകുന്നത് ചൈനയും പാക്കിസ്ഥാനുമടക്കമുള്ള രാജ്യങ്ങളാണെന്ന് വിവിധ ഭാഗങ്ങളിൽ നിന്ന് ആരോപണമുയർന്നിരുന്നു.
അൽഖ്വയ്ദയും ഐഎസും ഇന്ത്യയ്ക്ക് വലിയ തീവ്രവാദ ഭീഷണിയായി മാറിയിരുന്നു. പാക്കിസ്ഥാനിൽ നടത്തിയ രണ്ട് സർജിക്കൽ സ്‌ട്രൈക്കിലൂടെ കാശ്മീരിൽ അടക്കം ഭീകര ഇടപെടൽ കുറഞ്ഞു. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയും ഇന്ത്യയ്‌ക്കൊപ്പമായി. പാക്കിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധിയും ഭീകരരെ വലച്ചു. അഫ്ഗാനിലെ താലിബാൻ കടന്നു വരവ് പുതിയ ഊർജ്ജം ഭീകരർക്ക് നൽകും. ഇത് വെല്ലുവിളിയാണ് ഇന്ത്യയ്ക്കും.
അഫ്ഗാനിസ്ഥാൻ വീണ്ടെടുക്കാനായി സൈനിക നീക്കം നടത്തുന്നതിന് എല്ലാ താലിബാൻ വിരുദ്ധ ശക്തികൾക്കും ഇന്ത്യ വാതിൽ തുറക്കണമെന്ന് സുബ്രഹ്‌മണ്യൻ സ്വാമി നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മുന്നറിയിപ്പ്. നേരത്തെ ഇന്ത്യ സൈനിക നീക്കത്തിന് മുതിർന്നാൽ മറ്റ് രാജ്യങ്ങൾക്ക് സംഭവിച്ചതുണ്ടാകുമെന്ന് താലിബാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
അമേരിക്കയും ബ്രിട്ടണും താലിബാൻ ഭരണത്തെ അംഗീകരിക്കില്ല. എന്നാൽ ചൈനയും പാക്കിസ്ഥാനും അവരെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിലുമാണ്. എംബസികളും അടച്ചിട്ടില്ല. താലിബാൻ നേതാക്കളുമായി ചൈന പരസ്യ ചർച്ച പോലും നടത്തിയിരുന്നു. അതുകൊണ്ട് തന്നെ സുബ്രഹ്‌മണ്യം സ്വാമിയുടെ വിലയിരുത്തൽ പ്രസക്തവുമാണ്.
അഫ്ഗാനിസ്താനിലെ താലിബാൻ ഭരണത്തെ പൂർണമായി അംഗീകരിക്കുന്ന നിലപാടാണ് ചൈന സ്വീകരിച്ചത്. താലിബാനുമായി സൗഹൃദബന്ധത്തിനും സഹകരണത്തിനും തയ്യാറാണെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ഹുവാ ചുനിയിങ് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. കാബൂളിന്റെ നിയന്ത്രണം പിടിച്ചെടുത്തതിന് പിന്നാലെയാണ് താലിബാനുമായി സഹകരിക്കാൻ തയ്യാറാണെന്ന് ചൈന വ്യക്തമാക്കിയത്.
അഫ്ഗാനിലെ ചൈനീസ് എംബസിയുടെ പ്രവർത്തനം ഉടൻതന്നെ സാധാരണ നിലയിലാക്കുമെന്നും ചൈന വ്യക്തമാക്കി. താലിബാൻ നേതൃത്വത്തെ അംഗീകരിക്കുന്ന ആദ്യരാജ്യമാണ് ചൈന. അഫ്ഗാൻ ജനതയ്ക്ക് അവരുടെ വിധി സ്വതന്ത്രമായി നിർണയിക്കാനുള്ള അവകാശത്തെ ചൈന വിലമതിക്കുന്നു. അഫ്ഗാനിസ്താനുമായി സഹകരിക്കാനും സൗഹൃദം പുലർത്താനും ചൈന താൽപര്യപ്പെടുന്നു.
അഫ്ഗാനിസ്താനമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള അവസരത്തെ ചൈന സ്വാഗതം ചെയ്യുന്നെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു. ചൈനയുമായി നല്ല ബന്ധം വളർത്തിയെടുക്കാമെന്ന പ്രതീക്ഷ താലിബാൻ ആവർത്തിച്ച് പ്രകടിപ്പിച്ചിട്ടുണ്ട്. അഫ്ഗാനിസ്താന്റെ പുനർനിർമ്മാണത്തിനും വികസനത്തിനും ചൈനയുടെ പങ്ക് പ്രതീക്ഷിക്കുന്നതായും അവർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ ചൈന സ്വാഗതം ചെയ്യുന്നെന്നും വക്താവ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ