- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
6000 അമേരിക്കൻ പട്ടാളക്കാരുടെ സുരക്ഷയിൽ താലിബാനെ അകറ്റി നിർത്തുമ്പോഴും കാബൂൾ എയർപോർട്ടിൽ നാട്ടുകാർ ഓടിക്കയറി; ഒഴിപ്പിക്കേണ്ടത് 40,000 വിദേശികളെ; വിമാനത്താവളം കൂടി താലിബാൻ പിടിച്ചാൽ നാണം കെടുക അമേരിക്ക തന്നെ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ നിന്നും സൈന്യത്തെ പിൻവലിച്ച നടപടി അമേരിക്കയ്ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്ക ഉയരുന്നു. അമേരിക്കക്കാരും ബ്രിട്ടീഷുകാരും അഫ്ഗാൻ പൗരന്മാരും ഉൾപ്പടെ 40,000 ത്തോളം പേരെയാണ് അവിടെനിന്നും രക്ഷപ്പെടുത്തേണ്ടത്. നിലവിൽ അമേരിക്കൻ നിയന്ത്രണത്തിലുള്ള കാബൂൾ വിമാനത്താവളത്തിൽ ഒത്തുകൂടിയിരിക്കുന്ന ആയിരങ്ങളെ രക്ഷിച്ച് പുറത്തുകടത്തുവാൻ ആഴ്‌ച്ചകളോളം എടുക്കും. രക്ഷപ്പെടാനുള്ള തത്രപ്പാടിൽ റൺവേയിലൂടെ വിമാനത്തിനു പുറകെ ഓടുകയും മറ്റുംചെയ്യുന്ന അഫ്ഗാൻ പൗരന്മാർ സൃഷ്ടിക്കുന്ന തടസ്സങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ ഇത് പിന്നെയും നീളാനാണ് സധ്യത.
ആറായിരത്തോളം അമേരിക്കൻ സൈനികരാണ് ഇപ്പോൾ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ, പലായനത്തിനൊരുങ്ങിയെത്തിയ തദ്ദേശവാസികളെ ഫലപ്രദമായി തടയാൻ ഇവർക്ക് ഇന്നലെയായില്ല. പ്രതിദിനം 5000 പൗരന്മാരെ ഒഴിപ്പിക്കുവാനാണ് അമേരിക്ക തീരുമാനിച്ചത്. 1000 പേരെ വീതം ഓരോ ദിവസവും നാട്ടിലെത്തിക്കാൻ ബ്രിട്ടനും തീരുമാനിച്ചിരുന്നു. എന്നാൽ ഇതി9ന്റെ ചെറിയൊരു അംശം ആളുകളെ മാത്രമേ ഇതുവരെ നാട്ടിലേക്ക് അയയ്ക്കാൻ ആയിട്ടുള്ളു.
ഈ നിരക്ക് വർദ്ധിപ്പിച്ചില്ലെങ്കിൽ, മുഴുവൻ ആളുകളേയും സുരക്ഷിതമായി നാട്ടിലെത്തിക്കുക എന്നത് മാസങ്ങളോളം നീണ്ടേക്കാം. വിദേശ രാജ്യങ്ങളിലെ പൗരന്മാർക്കൊപ്പം, അവരോടൊപ്പം താലിബാനികൾക്കെതിരെ നിന്ന അഫ്ഗാൻ പൗരന്മാരെയും രക്ഷിച്ചെടുക്കേണ്ട ബാദ്ധ്യത ഈ രാജ്യങ്ങൾക്കുണ്ട്. അതുകൂടിയാകുമ്പോൾ ഈ ഒഴിപ്പിക്കൽ അത്ര എളുപ്പമാകില്ല എന്നർത്ഥം. രാജ്യം വിടാൻ ആകില്ലെന്ന നിരാശബോധത്തിൽ നിന്നും വിമാനത്താവളത്തിൽ ഒത്തുകൂടിയിരിക്കുന്ന അഫ്ഗാനികൾ ലഹളയ്ക്കൊ കലാപത്തിനോ മുതിർന്നാൽ കാര്യങ്ങൾ കൂടുതൽ ഗുരുതരമാകും.
അതിനിടയിലാണ്, അഫ്ഗാൻ വിടാൻ ആഗ്രഹിക്കുന്ന അഫ്ഗാൻ പൗരന്മാരെ അതിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് 60 രാഷ്ട്രങ്ങൾ ഒപ്പു വച്ച പ്രസ്താവന പുറത്തുവന്നത്. ഇത് അനുവദിച്ചാൽ വിദേശങ്ങളിലേക്ക് പോകാൻ എത്തുന്നവരുടെ എണ്ണം ഇനിയും വർദ്ധിക്കും. ഇനിയും വിമാനത്താവളത്തിൽ എത്തിച്ചേരാത്ത നിരവധി വിദേശികൾ ഇനിയുമുണ്ട്. അവരുടെ വാസസ്ഥലങ്ങളിൽ നിന്നും സുരക്ഷിതരായി അവരെ വിമാനത്താവളത്തിൽ എത്തിക്കേണ്ടതുമുണ്ട്.
ജർമ്മനി, പോളണ്ട്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ സുരക്ഷിതരായി എത്തിക്കാനുള്ള ശ്രമത്തിലാണ്. ഇങ്ങനെ പലായനത്തിന് തിരക്കു കൂടുമ്പോൾ അത് വൈകുന്നതാണ് ഏവരേയും പരിഭ്രാന്തിയിലാക്കുന്നത്. കാബൂൾ വിമാനത്താവളം ഒഴിച്ച് അഫ്ഗാൻ മുഴുവൻ താലിബാന്റെ നിയന്ത്രണത്തിലായിക്കഴിഞ്ഞു. വിമാനത്താവളത്തിനു മേലുള്ള നിയന്ത്രണം എത്രനാൾ നിലനിർത്താനാകും എന്നതാണ് ഇപ്പോൾ ആശങ്ക ഉയർത്തുന്ന പ്രധാന പ്രശ്നം.
വിമാനത്താവളത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായാൽ ഒഴിപ്പിക്കൽ നടപടികൾ മുഴുവൻ അവതാളത്തിലാകും. ഇത് അമേരിക്കയ്ക്ക് തീർത്താൽ തീരാത്ത കളങ്കമായിരിക്കും ചാർത്തി നൽകുക എന്നതിൽ സംശയമില്ല.
മറുനാടന് മലയാളി ബ്യൂറോ