കാബൂൾ: സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരണവുമായി ഇറങ്ങിയിട്ടുള്ള മലയാളികൾ ഉൾപ്പടെയുള്ള താലിബാൻ അനുകൂലികൾ പറയുന്നത് അക്രമ രഹിത, അഴിമതി രഹിത, പലിശരഹിത സമാധാനം നിറഞ്ഞ രാജ്യമാണ് താലിബാൻ മുന്നോട്ടു വയ്ക്കുന്ന രാജ്യമെന്നാണ്. ഏതായാലും പാലും തേനുമൊഴുകുന്ന ആ രാജ്യത്തുനിന്നും എങ്ങനെയെങ്കിലും ജീവിനുംകൊണ്ടും രക്ഷപ്പെടാൻ അന്നാട്ടുകാർ വെപ്രാളം കൂട്ടുകയാണ്. വിദേശികളെ ഒഴിപ്പിക്കാൻ എത്തിയ വിമാനങ്ങളിലേക്ക് ഇടിച്ചുകയറാൻ തിരക്കുകൂട്ടുന്ന തദ്ദേശവാസികൾക്ക് നേരെ ഈ സമാധാനത്തിന്റെ കാവൽക്കാർ ഇന്നലെ വെടിയുതിർക്കുകയും ചെയ്തു.

വിമാനത്താവളം ഇപ്പോഴും അമേരിക്കൻ നിയന്ത്രണത്തിലാണെങ്കിലും അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളെല്ലാം തന്നെ, വിമാനത്താവളത്തിലേക്കുള്ള വഴികൾ ഉൾപ്പടെ, താലിബാന്റെ നിയന്ത്രണത്തിലായിക്കഴിഞ്ഞു. അതായത്, ആരൊക്കെ രാജ്യം വിടണം, ആരൊക്കെ ഇവിടെത്തന്നെ കഴിയണം എന്ന് ഇനി താലിബാന് തീരുമാനിക്കാൻ കഴിയും. എന്നിരുന്നാലും വിമാനത്താവളത്തിലെ തിരക്കിന് ഇപ്പോഴുമൊരു കുറവുമില്ല. വിമാനത്തിൽ കയറുവാൻ തടിച്ചുകൂടിയ തദ്ദേശവാസികൾ ഓർമ്മിപ്പിക്കുന്നത് ഒരു കാളച്ചന്തയിലെ രംഗങ്ങളാണ്.

ബ്രിട്ടീഷ് എംബസി ജീവനക്കാരിയായ ഒരു സ്ത്രീക്ക് തിക്കിലും തിരക്കിലും അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകൾ ബ്രിട്ടനിൽ ഏറെ വിവാദമായിരിക്കുകയാണ്. അവരെ വാതിൽ തുറന്ന് അകത്തു കയറ്റാൻ ആദ്യം ബ്രിട്ടീഷ് സൈനികർ അനുവദിച്ചില്ല എന്ന അവരുടേ മുൻഭർത്താവിന്റെ ആരോപണമാണ് വിവാദമായിരിക്കുന്നത്. അതുപോലെ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ടേക്കുമെന്ന് ഭയന്നു എന്ന് മറ്റൊരു ബ്രിട്ടീഷ് യുവതിയും പറയുന്നു. വരാൻ പോകുന്ന പ്രാകൃതഭരണത്തിന്റെ ദുരന്തങ്ങൾ മനസ്സിലാക്കി, ജീവനുംകൊണ്ട് ഓടാൻ ശ്രമിക്കുന്നവർക്ക് മുൻപിൽ മാനുഷിക മര്യാദകളെല്ലാം അപ്രസക്തമാവുന്ന കാഴ്‌ച്ചകളാണ് കാബൂൾ വിമാനത്താവളത്തിൽ അരങ്ങേറുന്നത്.

താലിബാൻ നിയന്ത്രണം ഏറ്റെടുത്തതോടെ കാബൂൾ ഒരു പ്രേതനഗരമായി മാറിയെന്ന് അഫ്ഗാൻ പൗരയായ ആയിഷ പറയുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന ഒരു സന്നദ്ധസംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്ന അവർ ഇപ്പോൾ താലിബാനിൽ നിന്നും ഭീഷണി നേരിടുകയാണ്. മറ്റൊരു വഴിയുമില്ലാത്തതുകൊണ്ടാണ് രാജ്യം വിടാൻ തീരുമാനിച്ചതെന്നും അവർ പറയുന്നു. നയങ്ങളിൽ മാറ്റം വരുത്തിയെന്ന് താലിബാൻ പറയുമ്പോഴും അത് വിശ്വസിക്കാൻ കഴിയില്ലെന്നാണ് ആയിഷ പറയുന്നത്. ഇപ്പോൾ തന്നെ ചില പ്രവിശ്യകളിൽ സ്ത്രീകൾ ജോലിക്ക് പോകുന്നതിനെതിരെ അവർ തിട്ടൂരം ഇറക്കികഴിഞ്ഞിരിക്കുന്നു.

അതിനിടയിൽ ഇന്നലെ 12 വിമാനങ്ങളാണ് വിവിധ വിദേശരാജ്യ പൗരന്മാരെയും അഫ്ഗാൻ പൗരന്മാരെയും വഹിച്ചുകൊണ്ട് കാബൂളിൽ നിന്നും പറന്നുയർന്നത്. മദ്ധ്യപൂർവ്വ ദേശങ്ങളിലെ വിവിധ വിമാനത്താവളങ്ങളിൽ അവർ യാത്രക്കാരെ ഇറക്കും. അവിടെ നിന്ന് ചാർട്ടേർഡ് വിമാനങ്ങളിലായിരിക്കും അവർ സ്വദേശത്തേക്ക് മടങ്ങുക. മിക്ക വിദേശരാജ്യങ്ങളും, അഫ്ഗാനിൽ തങ്ങൾക്കൊപ്പം പ്രവർത്തിച്ചിരുന്ന തദ്ദേശീയരേയും അഫ്ഗാനിസ്ഥാനിൽ നിന്നും രക്ഷിച്ച് തങ്ങളുടെ രാജ്യത്തിലേക്ക് കൊണ്ടുവരുന്നുണ്ട്.

ഇന്നലെ 7000 ത്തോളം പേരെയാണ് അഫ്ഗാനിസ്ഥാനിൽ നിന്നും ഇപ്രകാരം പുറത്തെത്തിച്ചത്. ഏകദേശം 56,000 പേരോളം ഇനിയും അഫ്ഗാന്റെ പുറത്തു കടക്കാനുണ്ട് എന്ന് പറയുമ്പോൾ തന്നെ മനസ്സിലാകും താലിബാൻ ഭരണകൂടത്തെ ജനങ്ങൾ എത്രമാത്രം ഭയപ്പെടുന്നു എന്ന്. ഇതിൽ അമേരിക്ക താത്ക്കാലിക കുടിയേറ്റ വിസ നൽകിയ 22,000 പേരും അതോടൊപ്പം ജർമ്മനി സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയ 10,000 അഭയാർത്ഥികളും ഉൾപ്പെടുന്നു.

താലിബാൻ ലോകത്തിനുയർത്തുന്ന ഭീഷണിയുടെ പ്രതീകാത്മക ചിത്രമാണ് വിമാനത്തിന്റെ ചിറകിൽ പറ്റിപ്പിടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരു യുവാവിന്റെത്. പറന്നുയരുന്ന വിമാനത്തിന്റെ ചിറകിൽ പറ്റിച്ചേർന്ന് കിടക്കുന്ന യുവാവിന്റെ വീഡിയോ നിങ്ങളോടു പറയും, താലിബാൻ എന്ന ഭീകരർ കഴിഞ്ഞകാലങ്ങളിൽ അഫ്വാനിൽ ചെയ്തതെന്തെന്നും ഇനി അവരിൽ നിന്നും പ്രതീക്ഷിക്കാവുന്നത് എന്തെന്നും. സ്വന്തം ജീവൻ പോലും കൈവിട്ടുപോയേക്കാം എന്ന് തിരിച്ചറിയുമ്പോഴും, ഈ പ്രാകൃത ഭരണത്തേക്കാൾ അതാണ് മെച്ചം എന്ന് കരുതുകയാണ് സാധാരണ അഫ്ഗാൻ പൗരൻ.

ഇത്തരത്തിൽ പറന്നുയർന്നവരിൽ മൂന്നുപേർ താഴെ വീഴുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അമേരിക്കയും നാറ്റോ സഖ്യവും അഫ്ഗാൻ വിടാൻ തീരുമാനിച്ച തീരുമാനം തെറ്റായിരുന്നു എന്ന് ഉറപ്പിച്ചു പറയുന്നതായിരുന്നു ആ അന്ത്യം..