കാബൂൾ: താലിബാന് കരുത്ത് ചൈനയും റഷ്യയും തന്നെ. നിലവിളികളും മുറവിളികളും ഒന്നും അവർ കേൾക്കുന്നില്ല. അമേരിക്കൻ വിരോധം കൊണ്ടും അഫ്ഗാനിൽ പുതിയ താൽപ്പര്യങ്ങൾ ഉറപ്പിക്കാനും മുന്നിൽ നിൽക്കുകയാണ് ചൈനയും റഷ്യയും. താലിബാൻ സർക്കാരിനെ അവർ അംഗീകരിക്കാനും സാധ്യതയുണ്ട്. പാക്കിസ്ഥാനും ചൈനയും റഷ്യയുമാണ് താലിബാനെ പിന്തുണയ്ക്കുന്ന മൂവർ ശക്തിയെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

സൈന്യത്തെ പിൻവലിച്ച് താലിബാന് അധികാം പിടിക്കാൻ അവസരം നൽകിയത് അമേരിക്കയാണ്. ബ്രിട്ടണും ഈ സമയം മൗനത്തിലായി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ അഫ്ഗാനിൽ ആശങ്കയിലും. എന്നാൽ എല്ലാം ശുഭമാണെന്ന് കാണുകയാണ് റഷ്യ. അഷ്‌റഫ് ഗനി സർക്കാരിന്റെ കാലത്തെക്കാൾ ശാന്തവും നിയന്ത്രണാധീനവുമാണു താലിബാനു കീഴിൽ കാബൂൾ എന്ന് റഷ്യയുടെ അഫ്ഗാൻ അംബാസഡർ ദിമിത്രി ഷെർനോവ് അറിയിച്ചതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

താലിബാൻ മുന്നേറ്റം മുതലെടുത്ത് മോഷ്ടാക്കളുടെയും കൊള്ളസംഘങ്ങളുടെയും ശല്യമുണ്ടായാൽ വിവരം വിളിച്ചു പറയാൻ ജനങ്ങൾക്കു ഫോണുകളും താലിബാൻ കൈമാറിയിട്ടുണ്ടെന്ന് പോലും റഷ്യ ആഗോള സമൂഹത്തെ അറിയിക്കുകയാണ്. അതായത് മത മൗലിക വാദികളുടെ സർക്കാരിന് ക്ലീൻ ചിറ്റ് നൽകുകയാണ് അവർ. ചൈന പോലും അഫ്ഗാനിലെ സാഹചര്യത്തെ അനുകൂലമായി കാണുന്നില്ല. ചൈനയും റഷ്യയും കാബൂളിലെ എംബസി തുടർന്നും പ്രവർത്തിക്കുകയാണ്.

അഫ്ഗാൻ ജനതയുടെ പലായനവും റഷ്യ കാണുന്നില്ല. ഇതിന് പിന്നിൽ താലിബാനെ ചേർത്തു നിർത്തി ദക്ഷിണേഷ്യയിൽ പിടിമുറുക്കാനുള്ള തന്ത്രമാണ്. ഇത് ഇന്ത്യ ഗൗരവത്തോടെ കാണും. നാടുവിടാൻ തിരക്കുകൂട്ടി പരിഭ്രാന്തരായ അഫ്ഗാൻകാർ റൺവേയിൽ തടിച്ചുകൂടിയതും സംഘർഷമുണ്ടായതും കാരണം തിങ്കളാഴ്ച വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറായിരുന്നു. അത്രയേറെ പ്രതിസന്ധിയാണ് അഫ്ഗാനിലുള്ളത്.

റൺവേയിൽനിന്ന് ആളുകളെ നീക്കി ഇന്നലെ വിവിധരാജ്യങ്ങളുടെ വിമാനങ്ങൾ ആളുകളെ ഒഴിപ്പിക്കുന്ന നടപടി പുനരാരംഭിച്ചിട്ടുണ്ട്. 12 സേനാവിമാനങ്ങളാണ് ഇന്നലെ കാബൂൾ വിമാനത്താവളത്തിൽനിന്ന് പറന്നു പൊങ്ങിയത്. വിമാനത്താവളത്തിന്റെ നിയന്ത്രണം യുഎസിന്റെ കയ്യിലാണ്. എന്നാൽ യാത്രാ വഴികൾ താലിബാന്റെ നിയന്ത്രണത്തിലും.

യുഎസ് പൗരത്വമുള്ളവരെയും അഫ്ഗാൻ ദ്വിഭാഷികൾ ഉൾപ്പെടെ സംഘങ്ങളെയും ഒഴിപ്പിക്കുന്നതു വരും ആഴ്ചകളിൽ തുടരുമെന്ന് പെന്റഗൺ വക്താവ് ജോൺ കെർബി അറിയിച്ചു. പതിനായിരത്തോളം യുഎസുകാരാണ് ഇപ്പോൾ കാബൂൾ മേഖലയിലുള്ളത്. 22,000 അഫ്ഗാൻകാരെ വരെ പാർപ്പിക്കാനുള്ള താൽകാലിക സൗകര്യം അമേരിക്കയിൽ സൈന്യം ഒരുക്കുന്നു. 150 യുഎസ് പൗരന്മാർ ഉൾപ്പെടെ 700 പേരെ ഇന്നലെ രാവിലെ വരെ ഒഴിപ്പിച്ചതായി പെന്റഗൺ വക്താവ് പറഞ്ഞു.

നാറ്റോ സഖ്യസേനയിലേക്ക് യുഎസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സൈനികരെ നിയോഗിച്ചിരുന്ന ജർമനിയും ഒഴിപ്പിക്കൽ നടപടികൾക്കു ശ്രമിക്കുന്നുണ്ട്. കാബൂൾ വിമാനത്താവളത്തിലെ ബഹളം മൂലം ഇറങ്ങാൻ കഴിഞ്ഞ ദിവസമെത്തിയ ആദ്യത്തെ ജർമൻ വിമാനത്തിന് കഴിഞ്ഞിരുന്നില്ല.