ലണ്ടൻ: റഷ്യയും ചൈനയും പാശ്ചാത്യരാജ്യങ്ങൾക്കെതിരെ താലിബാനെ വരുംകാലത്ത് ആയുധമാക്കാനിടയുണ്ടെന്ന് മുന്നറിയിപ്പ്. താലിബാന്റെ തിരിച്ചുവരവിൽ പാക്കിസ്ഥാനെ കുറ്റപ്പെടുത്തിയും താലിബാന് ആണവായുധം കിട്ടാനുള്ള സാധ്യതയും ചർച്ചയാക്കുന്നത് ബ്രിട്ടന്റെ മുൻ സൈനിക കമാൻഡർ കേണൽ റിച്ചഡ് കെംപ്റ്റ് ആണ്. താലിബാനെ വളരെ അടുത്ത് മനസ്സിലാക്കി സൈനിക ഉദ്യോഗസ്ഥനാ് കെംപ്റ്റ്,

അഫ്ഗാനിസ്ഥാനിലും ഇറാക്കിലും യുഎസ് സഖ്യസേനയുടെ ഭാഗമായിരുന്ന ബ്രിട്ടിഷ് സൈന്യത്തെ നയിച്ചയാളാണ് കെംപ്റ്റ്. താലിബാൻ വളരാനും നിലനിൽക്കാനും ഇപ്പോൾ തിരിച്ചുവരാനും പാക്കിസ്ഥാനുള്ള പങ്ക് വളരെ വലുതാണെന്ന് കെംപ് പറഞ്ഞു. താലിബാൻ തന്നെ പാക്കിസ്ഥാനു പണികൊടുക്കാനുള്ള സാധ്യതയും അദ്ദേഹം പങ്കുവച്ചു.

പാക്കിസ്ഥാനു കീഴിലുള്ള ആണവശേഖരത്തിലേക്കു താലിബാൻ കൈകടത്താനുള്ള സാധ്യതയുണ്ട്. പാക്കിസ്ഥാൻ സർക്കാരും ഇന്റലിജൻസ് വൃത്തങ്ങളും പാക്കിസ്ഥാനിലുള്ള വിവിധ ഭീകര ഗ്രൂപ്പുകളും പാക്ക് താലിബാനുമായിട്ട് അഫ്ഗാൻ താലിബാന് സങ്കീർണമായ ബന്ധമുണ്ട്. എന്നാൽ ആണവശേഷി ലഭിക്കുന്നത് താലിബാനെ ശക്തരും തീർത്തും അപകടകാരികളുമാക്കി മാറ്റും-കെംപ് പറഞ്ഞു.

ഇറാൻ, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ അഫ്ഗാൻ വിഷയത്തിലെ ഇടപെടലിനെയും അദ്ദേഹം വിമർശിച്ചു. താലിബാനെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിലും ആയുധങ്ങൾ നൽകുന്നതിലും ഇറാൻ പങ്കുവഹിച്ചു. റഷ്യയും ചൈനയും പാശ്ചാത്യരാജ്യങ്ങൾക്കെതിരെ താലിബാനെ വരുംകാലത്ത് ആയുധമാക്കാനിടയുണ്ട്.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നിലപാട് വിപരീത ഫലം സൃഷ്ടിക്കും. രാജ്യാന്തര ഭീകരർക്ക് ഒരു സുരക്ഷിത ഹബ്ബായി വരും കാലത്ത് താലിബാൻ നിയന്ത്രിത അഫ്ഗാനിസ്ഥാൻ മാറാനിടയുണ്ടെന്നും മുൻ ബ്രിട്ടീഷ് മുൻ സൈനിക ഉദ്യോഗസ്ഥൻ മുന്നറിയിപ്പു നൽകി.

മുഖം തിരിച്ചറിയാതിരിക്കാൻ എന്തൊക്കെ ചെയ്യണമെന്നും ഡിജിറ്റൽ രേഖകൾ എങ്ങനെ ഇല്ലാതാക്കാമെന്നും പഠിക്കുന്ന തിരക്കിലാണ് അഫ്ഗാനിസ്ഥാനിലെ പൗരാവകാശ പ്രവർത്തകരും മാധ്യമപ്രവർത്തകരും. താലിബാനിൽ നിന്ന് രക്ഷപ്പെടാനാണ് ഇത്. മുഖം തിരിച്ചറിയാതിരിക്കാൻ പലതരം മേക്കപ്പും മറ്റും ഉപയോഗിക്കുന്നതെങ്ങനെ എന്നും ഇവർ പഠിക്കുന്നു. ഇതാണ് അഫ്ഗാനിലെ അവസ്ഥ.