കോവിഡിനെ നേരിടാനുള്ള കരുതൽ വേണ്ടത് പ്രസംഗങ്ങളിലും മാധ്യമ പ്രചാരണങ്ങളിലുമല്ല, പ്രവൃത്തിയിലാണെന്ന് ഉറക്കെ വിളിച്ചു പറയുകയാണ് ന്യുസിലാൻഡ്. ഓക്ക്ലാൻഡിൽ ഒരു കോവിഡ് രോഗിയെ കണ്ടെത്തിയതിനെ തുടർന്ന് ലോകത്തെ തന്നെ ഏറ്റവും കർശനമായ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ് ന്യുസിലാൻഡിൽ. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ ഉൾപ്പടെ എല്ലാം അടച്ചിട്ടു. ഇന്നലെ രാത്രി 11:59 മുതൽ നിലവിൽ വന്ന ലോക്കഡൗൺ അടുത്ത മൂന്നു ദിവസത്തേക്ക് തുടരും. എന്നാൽ, ഓക്ക്ലാൻഡിലും കോമാൻഡൽ പെനിൻസുലയിലും ഇത് ഒരാഴ്‌ച്ചയോളം നീണ്ടുനിന്നെക്കും.

ഇക്കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം ഇതാദ്യമായാണ് ന്യുസിലാൻഡിൽ തികച്ചും ഫുരൂഹമായ സാഹചര്യത്തിൽ തദ്ദേശീയമായി വ്യാപിച്ച കോവിഡിന്റെ സാന്നിദ്ധ്യം കണ്ടെത്തുന്നത്. എല്ലാവരോടും വീടുകളിൽ തന്നെ ഒതുങ്ങിക്കൂടുവാനാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുകയാണെങ്കിൽ നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണമെന്നുമ്നിർദ്ദേശമുണ്ട്. ഇന്നലെ, ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായ ഉടനെ സൂപ്പർമാർക്കറ്റുകളിലും മറ്റും വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്.

സ്‌കൂളുകളും ശിശുപരിപാലന കേന്ദ്രങ്ങളും അടച്ചുപൂട്ടിയതോടെ പകരം സംവിധാനം ഏർപ്പെടുത്താൻ മാതാപിതാക്കൾ വിഷമിക്കുകയാണ്. അത്യാവശ്യ സേവന വിഭാഗങ്ങളിൽ ജോലിചെയ്യുന്നവരുൾപ്പടെയുള്ളവരുടെ കുട്ടികളെ പരിപാലിക്കുന്നതിന് മറ്റൊരു സംവിധാനം ഒരുക്കാൻ സർക്കാരിനായിട്ടില്ല. ഓക്ക്ലാൻഡിലെ ഒരു കഫേയും ഫാർമസിയും ഉൾപ്പടെയുള്ള വിവിധ ബിസിനസ്സ് സ്ഥാപനങ്ങളിൽ കഴിഞ്ഞ വാരാന്ത്യത്തിൽ ഈ കോവിഡ് ബാധിതൻ സന്ദർശിച്ചതായി തെളിഞ്ഞതോടെ അവിടങ്ങളിൽ പ്രത്യേക സുരക്ഷാ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.

അതേസമയം, സൂപ്പർമാർക്കറ്റുകളും അത്യാവശ്യ വസ്തുക്കൾ വിൽക്കുന്ന മറ്റു ചില്ലറ വില്പന ശാലകളും ആൾത്തിരക്കിൽ മുങ്ങിയതോടെ പല അവശ്യ സാധനങ്ങൾക്കും ദൗർലഭ്യം അനുഭവപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. പല സൂപ്പർമാർക്കറ്റുകളിലും നീണ്ട നിര ദൃശ്യമായിരുന്നു. ഈ ഒരു സായാഹ്നത്തിൽ സൂപ്പർമാർക്കറ്റുകളിൽ പോയി സാധനങ്ങൾ വാങ്ങാൻ പണം കൈയിൽ ഇല്ലാത്ത കുടുംബങ്ങളെ ഓർത്ത് ദുഃഖിക്കുന്നു എന്നാണ് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായ ആൻഡ്രെ അഫമസാഗ പറഞ്ഞത്.

ഷോപ്പുകളിൽ പോകാൻ സാധിക്കാതെ വന്നവർ ഓൺലൈൻ ഷോപ്പിംഗിൽ അഭയം പ്രാപിച്ചതോടെ പല ഓൺലൈൻ ഷോപ്പിങ് സൈറ്റുകളുടെ വെബ്സൈറ്റുകളും നിശ്ചലമായി. ഒരേസമയം, സന്ദർശകരുടെ വൻ തിരക്ക് അനുഭവപ്പെട്ടതായിരുന്നു കാരണം. അതേസമയം, രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സൂപ്പർ മാർക്കറ്റുകൾ ലോക്ക്ഡൗൺ കാലത്തും തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പൊലീസിന്റെ ശക്തമായ സാന്നിദ്ധ്യം സൂപ്പർമാർക്കറ്റുകളിലുണ്ടാകും. സാമൂഹ്യ അകലം ഉൾപ്പടെയുള്ളകോവിഡ് പ്രോട്ടോക്കോൾ ജനം പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനാണിത്.

പെട്ടെന്നുള്ള തീരുമാനമായതിനാൽ ഈ ലോക്ക്ഡൗൺ കടുത്ത പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. അത്യാവശ്യ സേവന വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്ക് കുട്ടികളെ വീടുകളിൽ തനിയെ വിട്ട് ജോലിക്ക് പോകേണ്ടതായി വരുന്നു. അതുപോലെ, ഇലക്ട്രോണിക് ഡിവൈസുകൾ സ്‌കൂളുകളിൽ വെച്ചു വരുന്നതിനാൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനവും സാധ്യമല്ലാതാകുന്നു.

വാക്സിൻ എടുക്കാത്ത ഒരു 58 കാരന് കഴിഞ്ഞദിവസം നടന്ന പരിശോധനയിൽ കോവിഡ് ബാധയുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്നാണ് സർക്കാർ സത്വര നടപടികൾ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചു ദിവസമായി ഇയാൾക്ക് രോഗബാധയുണ്ടെന്നും തെളിഞ്ഞു. ഇയാൾ ഭാര്യയുമൊത്ത് വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തുകയും ചെയ്തിട്ടുണ്ട്. അതീവ വ്യാപനശേഷിയുള്ള ഇന്ത്യൻ ഡെൽറ്റ ഇനത്തിൽ പെടുന്ന വൈറസാണ് ഇയാളെ ബാധിച്ചിരിക്കുന്നതെന്ന് കരുതപ്പെടുന്നു. എന്നാൽ, ഇന്ന് ജിനോം പരിശോധനാ ഫലം ലഭിച്ചതിനു ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയുകയുള്ളു.