- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഷ്ട്രീയ എതിരാളികളെ വലിച്ചിഴച്ചു കൊണ്ടുപോയി തൂക്കിക്കൊല്ലുന്നു; മാധ്യമ-വിദ്യാഭ്യാസ പ്രവർത്തകരെ അർധരാത്രിയിൽ വീടുകളിൽ നിന്നു ഇറക്കി വിടുന്നു; ആർത്തുലസിച്ച പാർക്കും നശിപ്പിച്ചു; ചൈനയേയും റഷ്യയേയും ഞെട്ടിച്ച് താലിബാൻ ക്രൂരതകൾ; അഫ്ഗാൻ ജനത പ്രതിസന്ധിയിൽ തന്നെ
കാബൂൾ: താലിബാൻ യഥാർത്ഥ സ്വഭാവം കാട്ടി തുടങ്ങി. മിതവാദികൾ എന്ന് പറഞ്ഞ് താലിബാനെ ന്യായീകരിക്കാൻ ശ്രമിക്കുന്ന ചൈനയ്ക്കും റഷ്യയ്ക്കും ഇറാനും പോലും അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ നടക്കുന്നത്. കഴിഞ്ഞ ദിവസം താലിബാൻ അംഗങ്ങൾ കളിച്ചുല്ലസിച്ച പാർക്ക് അവർ തീയിട്ടു നശിപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
കാർ മോഷ്ടിച്ചെന്ന് ആരോപിച്ച് ഒരാളുടെ ദേഹത്ത് ടാർ ഒഴിക്കുന്നതും ബുർഖ ധരിക്കാൻ വിസമ്മതിച്ച സ്ത്രീയെ വെടിവച്ചു വീഴ്‌ത്തിയെന്നും ഉൾപ്പെടെയുള്ള ക്രൂരതകളാണ് പുറത്തു വരുന്നത്. ബ്രിട്ടിഷ് മാധ്യമമായ 'ഡെയ്ലി മേയിൽ' ആണ് ഇക്കാര്യങ്ങൾ റിപ്പോർട്ടു ചെയ്തത്. രാഷ്ട്രീയ എതിരാളികളെ അവരുടെ വീടുകളിൽനിന്ന് വലിച്ചിഴച്ചുകൊണ്ടുപോയി തൂക്കിക്കൊല്ലുകയാണെന്നും ആരോപണം ഉണ്ട്. മാധ്യമപ്രവർത്തകരെയും വിദ്യാഭ്യാസ പ്രവർത്തകരെയും അർധരാത്രിയിൽ വീടുകളിൽനിന്നു ഇറക്കിവിടുന്നു. എല്ലാ അർത്ഥത്തിലും സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യുകയാണ് താലിബാൻ.
20 വർഷത്തിനുശേഷം അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുക്കുന്നത് 'പുതിയ താലിബാൻ' ആണെന്ന വാദമാണ് ഈ ക്രൂരതകൾ പൊളിക്കുന്നത്. പാർക്ക് കത്തിക്കൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. താലിബാൻ കത്തിച്ച പാർക്ക് കാബൂളിലേതല്ലെന്നും ഷെബർഗാൻ നഗരത്തിലുള്ളതാണെന്നും സമൂഹമാധ്യമങ്ങളിൽ തന്നെ ചിലർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാർക്കിലുള്ള ചില ശിൽപങ്ങളും പ്രതിമകളും മറ്റും അനുവദിനീയമല്ലാത്തതിനാലാണ് പാർക്ക് നശിപ്പിച്ചതത്രേ. ഭരണം പിടിച്ച താലിബാൻ അംഗങ്ങളിൽ ചിലർ കാബൂളിലെ പാർക്കുകളിൽ ഉല്ലസിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ വൈറലായിരുന്നു. താലിബാനെതിരെ ചെറുത്തു നിൽപ്പും ഇത്തവണ ഉണ്ടാകുന്നുണ്ട്. അതിനേയും കർശനമായി നേരിടുകയാണ് താലിബാൻ.
നാല് മക്കളുടെ അമ്മയായ സ്ത്രീയെ മകളുടെ മുന്നിൽവച്ച് തല്ലിക്കൊന്നു. ശേഷം വീട്ടിലേക്ക് ഗ്രനേഡ് എറിഞ്ഞ സംഭവവും വൈറലാണ്. ജലാലാബാദിൽ, താലിബാൻ വിരുദ്ധ പ്രക്ഷോഭത്തിനു നേരേ നടന്ന വെടിവയ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. പന്ത്രണ്ടിലധികം പേർക്ക് പരുക്കേറ്റതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്തു. അഫ്ഗാനിസ്ഥാനിലെ പാക്ക് അതിർത്തിയോടു ചേർന്നുള്ള നഗരമാണ് ജലാലാബാദ്. നഗരത്തിൽ താലിബാൻ പതാക നീക്കി അഫ്ഗാനിസ്ഥാന്റെ ദേശീയപതാക ഉയർത്താൻ ശ്രമിച്ചവർക്കു നേരെയാണു വെടിവയ്പ് ഉണ്ടായത്. മരണം കൂടാമെന്നാണ് വിലയിരുത്തൽ.
അഫ്ഗാനിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായാണ് ഒരുകൂട്ടം ജനങ്ങൾ ജലാലാബാദ് നഗരപ്രദേശത്ത് താലിബാൻ പതാക മാറ്റി പകരം അഫ്ഗാൻ പതാക ഉയർത്താൻ ശ്രമിച്ചത്. താലിബാൻ അംഗങ്ങൾ ആകാശത്തേക്കു വെടിവയ്ക്കുന്നതും ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ആളുകളെ ബാറ്റൺ ഉപയോഗിച്ച് ആക്രമിക്കുന്നതും പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളിൽ കാണാം. താലിബാൻ തന്നെയും മറ്റൊരു ഏജൻസിയിൽ നിന്നുള്ള ടിവി ക്യാമറാമാനെയും മർദിച്ചതായി പ്രാദേശിക വാർത്താ ഏജൻസിയുടെ റിപ്പോർട്ടറായ ബബ്രാക് അമീർസാദ പറഞ്ഞു.
ഓഗസ്റ്റ് 19നാണ് അഫ്ഗാനിസ്ഥന്റെ സ്വാതന്ത്ര്യദിനം. താലിബാൻ അഫ്ഗാൻ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ ഇവർക്കു നേരേയുണ്ടാകുന്ന ആദ്യ പ്രതിഷേധമാണ് ജലാലാബാദിലേത്. ഞായറാഴ്ച, കാബൂളിന്റെ നിയന്ത്രണമേറ്റെടുത്തപ്പോൾ താലിബാനെതിരെ ചില സ്ത്രീകൾ ചേർന്നു പ്രതിഷേധിച്ചിരുന്നു. കാർ മോഷ്ടാവെന്ന് ആരോപിക്കപ്പെട്ടയാളുടെ ദേഹത്ത് ടാർ ഒഴിച്ച സംഭവം കാബൂളിലാണ്.
ഇയാളെ കൈകൾ കൂട്ടിക്കെട്ടി ആൾക്കൂട്ടം ചുറ്റും നിൽക്കുന്നതും ഒരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ നിസ്സാഹയനായി നോക്കിനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. താഖർ പ്രവിശ്യയിലെ തലോഖാനിലാണ് ബുർഖ ധരിക്കാൻ വിസമ്മതിച്ച സ്ത്രീയെ താലിബാൻ വെടിവച്ചു കൊലപ്പെടുത്തിയത്. സ്ത്രീയുടെ മൃതദേഹത്തിനു സമീപം രക്തം തളംകെട്ടി കിടക്കുന്നതും മാതാപിതാക്കൾ സമീപം ഇരിക്കുന്നതിന്റെയും ചിത്രം പോളണ്ടിലെ അഫ്ഗാൻ അംബാസഡർ താഹിർ ഖാദ്രി പങ്കുവച്ചു.
കാബൂൾ വിമാനത്താവളത്തിനു പുറത്തു താലിബാൻ സംഘം എകെ 47 തോക്ക് ഉൾപ്പെടെ ഉപയോഗിച്ച് ആകാശത്തേക്കു വെടിവയ്ക്കുന്നതും ജനക്കൂട്ടം ഭയന്ന്, നിലവിളിച്ച് ഓടുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നു.
മറുനാടന് മലയാളി ബ്യൂറോ