- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രക്ഷപ്പെടാൻ വേറെ നിവർത്തിയൊന്നുമില്ലായിരുന്നു; ആ ചിത്രങ്ങൾ ഒക്കെ പഴയതാണ്; വിമർശന ശരങ്ങൾക്കൊടുവിൽ നുണ പറഞ്ഞും വീഴ്ച്ച സമ്മതിച്ചും ജോ ബൈഡൻ; അഫ്ഗാനികളെ വഞ്ചിച്ച അമേരിക്കക്കെതിരെ ലോകം എമ്പാടും വിമർശനവും വികാരവും നുരഞ്ഞുപൊങ്ങുന്നു
അഫ്ഗാൻ വിഷയത്തിൽ ഒരു തികഞ്ഞ പരാജയമാണെന്ന ആരോപണം ശക്തമാകുമ്പോൾ അത് ഫലപ്രദമായി പ്രതിരോധിക്കാനാകാതെ വലയുകയാണ് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. ഭീകരഭരണത്തിൽ നിന്നും രക്ഷപ്പെടാനുള്ള തദ്ദേശവാസികളുടെ പരാക്രമങ്ങളും, രക്ഷപ്പെടുന്നതിനിടയിൽ ജീവൻ പൊലിയുന്ന കാഴ്‌ച്ചകളുമൊക്കെ പഴയ ചിത്രങ്ങളാണെന്നാണ് ബൈഡൻ പറയുന്നത്.നാലോ അഞ്ചോ ദിവസം മുൻപത്തെ കാര്യങ്ങളാണവ എന്നുപറഞ്ഞാണ് അദ്ദേഹം ആരോപണങ്ങളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നത്.
മാത്രമല്ല, ഇതെല്ലാം ഒഴിവാക്കാൻ ആകാത്ത കാര്യങ്ങളാണെന്നും അദ്ദേഹം പറയുന്നു. ബിൽ ക്ലിന്റന്റെ കാലത്ത് വൈറ്റ്ഹൗസ് ജീവനക്കാരനായ ജോർജ്ജ് സ്റ്റെഫാനോപോലസുമായി എ ബി സി ന്യുസിൽ നടത്തിയ അഭിമുഖത്തിലാണ് ബൈഡൻ സ്വയം ന്യായീകരിക്കാൻ ശ്രമിച്ച് പരാജയപ്പെടുന്ന കാഴ്‌ച്ച വന്നത്. അതുമാത്രമല്ല, 2021 അവസാനം വരെയെങ്കിലും കാബൂൾ പിടിച്ചെടുക്കാൻ താലിബാന് കഴിയില്ലെന്നായിരുന്നു അമേരിക്കൻ രഹസ്യാന്വേഷണ സംഘങ്ങളുടെ റിപ്പോർട്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിവിധ ഏജൻസികൾ വിവിധ തരത്തിലുള്ള റിപ്പോർട്ടുകളാണ് നൽകിയതെന്നും അദ്ദേഹം പറയുന്നു.
അഫ്ഗാനിൽ നിന്നും പിൻവാങ്ങാനെടുത്ത തീരുമാനത്തേയും ബൈഡൻ ന്യായീകരിക്കുന്നുണ്ട്. ആളും അർത്ഥവും മുടക്കി അമേരിക്ക പരിശീലിപ്പിച്ച 3 ലക്ഷത്തോളം വരുന്ന അഫ്ഗാൻ സൈന്യം ചെറിയൊരു പ്രതിരോധം പോലും ഉയർത്താതെയായിരുന്നു പലയിടങ്ങളിലും താലിബാന് കീഴടങ്ങിയതെന്ന് ബൈഡൻ ചൂണ്ടിക്കാണിക്കുന്നു. പ്രസിഡണ്ട് വരെ രാജ്യം വിട്ടുപോയി. പിന്നെ അമേരിക്കയ്ക്ക് അവിടെ എന്താണ് ചെയ്യുവാനുള്ളത് എന്നാണ് ബൈഡൻ ചോദിച്ചത്.
എന്നാൽ, ഇപ്പോൾ അവിടെ ബാക്കിയുള്ള അമേരിക്കൻ സൈന്യത്തെ ഉടൻ പിൻവലിക്കുമെന്ന റിപ്പോർട്ട് ബൈഡൻ നിഷേധിച്ചു. അവിടെയുള്ള അവസാന അമേരിക്കൻ പൗരനെ വരെ തിരികെ രാജ്യത്തെത്തിക്കുന്നതുവരെ അരിക്കൻ സൈന്യം അഫ്ഗാനിൽ തുടരുമെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. നിലവിൽ ഓഗസ്റ്റ് 31 ന് മുൻപായി എല്ലാ പൗരന്മാരെയും തിരികെ അമേരിക്കയിൽ എത്തിക്കാനുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
അഫ്ഗാനിൽ നിന്നും അമേരിക്ക പിൻവാങ്ങിയതിനെതിരെ കടുത്ത വിമർശനങ്ങളാണ് ഇപ്പോൾ ലോകമാകെ ഉയരുന്നത്. തീർത്തും പ്രതിരോധത്തിലായ ജോ ബൈഡനും വൈറ്റ്ഹൗസ് വൃത്തങ്ങളും കഴിഞ്ഞ ഒരാഴ്‌ച്ചയായി ഇതിനെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു. താലിബാന്റെ ശക്തി തിരിച്ചറിയുന്നതിൽ അമേരിക്ക പരാജയപ്പെട്ടു എന്നാണ് പൊതുവെ വിലയിരുത്തുന്നത്.
അതേസമയം കാബൂൾ വിമാനത്താവളത്തിൽ തുടരുന്ന ചില പ്രധാന നയതന്ത്ര ഉദ്യോഗസ്ഥർ ഒഴിച്ച് എല്ലാ എംബസി ജീവനക്കാരെയും അമേരിക്കയിൽ എത്തിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇവർ ഉൾപ്പടെ ഇതുവരെ 3,200 അമേരിക്കക്കാരെ തിരികെ എത്തിച്ചു എന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചത്. ബാക്കിയുള്ള അമേരിക്കൻ പൗരന്മാർ കൂടി തിരികെ വിമാനം കയറുന്നതുവരെ ആ നയതന്ത്ര ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ തുടരും.
മറുനാടന് മലയാളി ബ്യൂറോ