രാജ്യത്തിന്റെ സുപ്രീം കമാൻഡർ കൂടിയായ പ്രസിഡണ്ട് പക്ഷെ തന്റെ ജനതയുടെ രക്ഷയ്ക്കല്ല സ്വരക്ഷയ്ക്കാണ് പ്രാധാന്യം നൽകിയതെന്ന് സമ്മതിക്കുന്നു. കിട്ടാവുന്നത്ര പണവുമായാണ് പ്രസിഡണ്ട് നാടുവിട്ടതെന്ന് നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, താൻ ആരുടെയും പണം എടുത്തിട്ടില്ലെന്നും ഒരു വൻ രക്തച്ചൊരിച്ചിൽ ഒഴിവാക്കുവാനായാണ് നാടുവിട്ടതെന്നുമാണ് അഫ്ഗാൻ പ്രസിഡണ്ട് അഷറഫ് ഗാനി പറയുന്നത്.

താലിബാൻ ഭീകരർ തലസ്ഥാന നഗരം കൈയേറാൻ തുടങ്ങിയതോടെ നാടുവിട്ട പ്രസിഡണ്ടിനെതിരെ വിമർശനവുമായി പല മന്ത്രിമാരും എത്തിയിരുന്നു. ഇപ്പോൾ യു എ ഇയിൽ ഉണ്ടെന്ന് സ്ഥിരീകരിച്ച ഗാനി താൻ ഉടനെ അഫ്ഗാനിലേക്ക് മടങ്ങുമെന്നും അറിയിച്ചു. എന്നാൽ, അത്യന്തം ഗുരുതരമായ സാഹചര്യത്തിൽ സ്വന്തം ചുമതലകൾ നിറവേറ്റാതെ ഒളിച്ചോടിയ ഗാനിയെ, സുഹൃത്തായ അമേരിക്ക പോലും ഇപ്പോൾ ഗൗനിക്കുന്നില്ലെന്നതാണ് സത്യം.

അഫ്ഗാൻ രാഷ്ട്രീയത്തെ സംബന്ധിച്ച് യാതോരു പ്രാധാന്യവുമില്ലാത്ത ഒരു വ്യക്തിയാണ് ഇപ്പോൾ ഗാനി എന്നാണ് യു എസ് ഡെപ്യുട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് വെൻഡി ഷെർമാൻ പറഞ്ഞു. എന്നാൽ, യു എ ഇ ഗാനിക്ക് രാഷ്ട്രീയ അഭയം നൽകുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് അവർ കൃത്യമായ മറുപടി നൽകിയില്ല. ഒളിവിൽ പോയതിനുശെഷം ഇതാദ്യമായാണ് ഗാനിയുടെ ഒരു പരസ്യ പ്രസ്താവന പുറത്തുവരുന്നത്.

ഫേസ്‌ബുക്ക് ലൈവിലൂടെയായിരുന്നു ഗാനി പ്രത്യക്ഷപ്പെട്ടത്. സർക്കാർ ഉദ്യോഗസ്ഥരുടെ ഉപദേശപ്രകാരമാണ് താൻ നാടുവിട്ടതെന്നാണ് ഗാനി പറഞ്ഞത്. താൻ അഫ്ഗാനിൽ തുടർന്നിരുന്നെങ്കിൽ കാബൂളിൽ ഒരു വൻ രക്തചൊരിച്ചിൽ ഉണ്ടാകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.മറ്റൊരു യെമനോ സിറിയയോ ആകാതെ അഫ്ഗാനിസ്ഥാനെ താൻ കാത്തുരക്ഷിക്കുകയായിരുന്നു എന്നാണ് അദ്ദേഹം ഇപ്പോൾ അവകാശപ്പെടുന്നത്. ധാരാളം പണവുമായാണ് മുങ്ങിയതെന്ന വാർത്തയും അദ്ദേഹം നിഷേധിച്ചു.

ഹെലികോപ്റ്ററിനകത്ത് 169 മില്ല്യൺ ഡോളറുമായാണ് ഗാനി നാടുവിട്ടതെന്നായിരുന്നു വാർത്തകൾ വന്നത്. മനുഷ്യത്വ പരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് ദുബായിൽ രാഷ്ട്രീയ അഭയം തേടിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ. എന്നൽ, ജന്മനാട്ടിലേക്ക് ഉടൻ തിരിച്ചെത്താനാവുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ട്. അതിനായുള്ള ചർച്ചകൾ തുടർന്നുകൊണ്ടിരിക്കുകയാണെന്നും ഗാനി കൂട്ടിച്ചേർത്തു..ഗാനിക്ക് അഭയം നൽകിയ കാര്യം നേരത്തേ യു എ ഇയും സ്ഥിരീകരിച്ചിരുന്നു.

25 വർഷങ്ങൾക്ക് മുൻപ് സംഭവിച്ചത് വീണ്ടും സംഭവിക്കുകയായിരുന്നു എന്നും രാജ്യത്തിന്റെ അന്തസ്സും അഭിമാനവും ലോക സമൂഹത്തിനു മുന്നിൽ ഉയർത്തിപ്പിടിക്കേണ്ടതുണ്ടെന്നും ഗാനി പറഞ്ഞു. തനിക്ക് അഫ്ഗാൻ വിടേണ്ടി വന്നെങ്കിലും ഒരു വൻ രക്തച്ചൊരിച്ചിൽ ഒഴിവാക്കാനായി എന്നതിൽ ചാരിതാർത്ഥ്യം ഉണ്ടെന്നും അദ്ദെഹം കൂട്ടിച്ചേർത്തു. താലിബാനും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു.