കാബൂൾ: അഫ്ഗാനിസ്ഥാനിൽ അവശേഷിക്കുന്ന ആയുധങ്ങളും അഫ്ഗാൻ വ്യോമസേന ഉപേക്ഷിച്ച എല്ലാ വിമാനങ്ങളും ഹെലികോപ്റ്ററുകളും അമേരിക്ക നശിപ്പിക്കുമെന്ന് റിപ്പോർട്ട്. അഫ്ഗാനിലെ ഒഴിപ്പിക്കൽ പൂർത്തിയാക്കിയ ശേഷമാകും ഈ നീക്കമെന്നാണ് സൂചനകൾ.

അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാൻ പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാന്റെ കൈവശമുണ്ടായിരുന്ന സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും മറ്റു ആയുധങ്ങളും താലിബാൻ കൈവശപ്പെടുത്തി. അഫ്ഗാൻ സൈനികർ പലായനവും ചെയ്തു. ഈ സാഹചര്യത്തിൽ അഫ്ഗാന് സ്വന്തമായുള്ള വിമാനങ്ങളുടെ ഇനിയുടെ അവസ്ഥ എന്താകുമെന്ന ചർച്ച സജീവമാണ്. പലതും താലിബാൻ സ്വന്തമാക്കിയതായി സോഷ്യൽ മീഡിയാ ചർച്ചകൾ വ്യക്തമാക്കുന്നു.

യുഎസ് നിർമ്മിത ബ്ലാക്ക് ഹോക്‌സ്, സോവിയറ്റ് നിർമ്മിത മി -17 തുടങ്ങിയ സൈനിക ഹെലികോപ്റ്ററുകൾക്ക് സമീപം താലിബാൻ ഭീകരർ നിൽക്കുന്ന ഫോട്ടോകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മസാരെ ഷരീഫ് വിമാനത്താവളം കൂടി പിടിച്ചെടുത്തതോടെ കൂടുതൽ ചിത്രങ്ങൾ വരാൻ തുടങ്ങി. ഇത്തവണ താലിബാൻ ഭീകരർ എ -29 സൈനിക വിമാനത്തിനും എംഡി -530 യൂട്ടിലിറ്റി ഹെലികോപ്റ്ററിനും സമീപം നിൽക്കുന്നതായിരുന്നു ചിത്രങ്ങൾ.

അഫ്ഗാൻ വ്യോമസേനയ്ക്ക് യുഎസ് നൽകിയ വിമാനങ്ങളും ഹെലികോപ്റ്ററുകളും താലിബാന് ലഭ്യമായി കഴിഞ്ഞു. ഇത് ഉപയോഗിക്കാൻ താലിബാന് കഴിഞ്ഞേക്കില്ല. പരിശീലനം കിട്ടാത്തവർക്ക് ആർക്കും ഇത് ഉപയോഗിക്കാൻ കഴിയില്ല. നിലവിലെ സാഹചര്യത്തിൽ ഇതെല്ലാം തിരിച്ചെടുക്കാൻ യുഎസ് സൈന്യത്തിനും സാധ്യമായിരിക്കില്ല. അതുകൊണ്ടാണ് ഒഴിപ്പിക്കലിന് ശേഷം ഇതെല്ലാം നശിപ്പിക്കാനുള്ള ആലോചന അമേരിക്ക നടത്തുന്നത്. അത് യുദ്ധത്തിലേക്കും കാര്യങ്ങൾ എത്തിക്കും.

അഫ്ഗാനിസ്ഥാൻ വ്യോമസേനയുടെ കൈവശം മൊത്തം 211 എയർക്രാഫ്റ്റുകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഏകദേശം 167 വിമാനങ്ങളും ഹെലികോപ്റ്ററുകളും മാത്രമാണ് പ്രവർത്തിക്കുന്നത്. അഫ്ഗാൻ വ്യോമസേന 23 എ-29 അറ്റാക്കിങ് വിമാനങ്ങളും നാല് സി-130 ചരക്ക് വിമാനങ്ങളും സെസ്‌ന കാരവന്റെ മൊത്തം 33 സൈനികവൽക്കരിച്ച വിമാനങ്ങളുമാണ് ഉപയോഗിച്ചിരുന്നത്. ഇവയിൽ ചിലത് നേരിയ ആക്രമണ ദൗത്യത്തിനായി ക്രമീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

അമേരിക്കൻ നിർമ്മിത യുഎച്ച്-60 ബ്ലാക്ക് ഹോക്ക് യൂട്ടിലിറ്റി ഹെലികോപ്റ്റർ, എംഡി-530 എന്നിവയും അഫ്ഗാൻ വ്യോമസേന ഉപയോഗിച്ചിരുന്നു. അഫ്ഗാൻ സേനയ്ക്ക് ഏകദേശം 150 ഹെലികോപ്റ്ററുകൾ ഉണ്ടായിരുന്നു എന്നാണ് കണക്ക്.

പിടിച്ചെടുത്ത വിമാനങ്ങൾ വിൽക്കാൻ താലിബാൻ ശ്രമിക്കുമെങ്കിലും അഫ്ഗാൻ വ്യോമസേന നടത്തുന്ന വിമാനങ്ങളിലോ ഹെലികോപ്റ്ററുകളിലോ ചൈനയോ റഷ്യയോ പോലുള്ള രാജ്യങ്ങൾക്ക് ഉപയോഗപ്രദമായ സെൻസിറ്റീവ് സാങ്കേതികവിദ്യകളില്ല. അതുകൊണ്ട് തന്നെ ഇതിന് വലിയ വില കിട്ടില്ല. ആരും വാങ്ങുകയുമില്ല.

അവശേഷിക്കുന്ന വിമാനങ്ങളും ഹെലികോപ്റ്ററുകളും താലിബാൻ ഉപയോഗിക്കാനും പരിമിതിയുണ്ട്. താലിബാനിൽ പരിശീലനം ലഭിച്ച പൈലറ്റുമാരില്ലെന്നതാ് ഇതിന് കാരണം. ഇതിനിടെ ചില വിമാനങ്ങൾ അതിർത്തി കടന്നിട്ടുണ്ട്. ഞായറാഴ്ച രാത്രി അഫ്ഗാൻ വ്യോമസേനയുടെ മൂന്ന് വിമാനങ്ങളും രണ്ട് ഹെലികോപ്റ്ററുകളും 143 സൈനികരെ കൊണ്ടുപോവുകയുണ്ടായി. അയൽ രാജ്യത്തെ അധികാരികളിൽ നിന്ന് അനുമതി ലഭിച്ച ശേഷം തജിക്കിസ്ഥാനിൽ സുരക്ഷിതമായി ഇറങ്ങി.

22 സൈനിക വിമാനങ്ങളും 24 ഹെലികോപ്റ്ററുകളും 585 സൈനികരെയും വഹിച്ച് ഓഗസ്റ്റ് 14, 15 തിയതികളിൽ രാജ്യത്തേക്ക് പറന്നതായി ഉസ്‌ബെക്കിസ്ഥാനിലെ പോഡ്രോബ്‌നോ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.