- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബുർക്ക ധരിക്കാതെ അവൾ ചോദിച്ചൂ, വെൽ മിസ്റ്റർ താലിബാൻ, പറയൂ സ്ത്രീകളുടെ അവകാശങ്ങൾ നിങ്ങൾ സംരക്ഷിക്കുമോ ? ഉത്തരം പറയാൻ പകച്ച് വക്താവ്; താലിബാന്റെ പത്രസമ്മേളനത്തിൽ ചോദ്യശരങ്ങൾ എറിഞ്ഞ ധീരയായ വനിതാ മാധ്യമ പ്രവർത്തകയുടെ കഥ
തണ്ടും ചൊടിയുമുള്ള ഒരു പെണ്ണ് നട്ടെല്ലു നിവർത്തിനിന്നാൽ കൊഴിഞ്ഞുപോകാനുള്ളതേയുള്ളൂ ഈ വർഗ്ഗീയ ഭ്രാന്തന്മാരുടെ ശൗര്യമൊക്കെയെന്ന് തെളിഞ്ഞത് അഫ്ഗാൻ പിടിച്ചടക്കിയശേഷം നടന്ന ആദ്യ പത്ര സമ്മേളനത്തിലാണ്. ന്യുസിലൻഡുകാരിയായ ഷാർലറ്റ് ബെല്ലിസിന്റെ ചോദ്യശരങ്ങൾക്ക് മുന്നിൽ ഭീകരർ വിയർത്തു. ആ പത്രസമ്മേളനത്തിൽ പങ്കെടുത്ത ഏക വനിത കൂടിയായിരുന്നു ഇവർ.
ബുർക്കയും ശിരോവസ്ത്രവുമില്ലാതെ തന്നെ പത്രസമ്മേളനത്തിനെത്തിയ ഈ യുവ പത്രപ്രവർത്തക ചോദിച്ചത് ഭയചകിതരായി കഴിയുന്ന അഫ്ഗാനിലെ ആയിരക്കണക്കിന് സ്ത്രീകളുടെ അവകാശങ്ങൾ നിങ്ങൾ എങ്ങനെ സംരക്ഷിക്കുമെന്നായിരുന്നു. 2019 മുതൽ അൽ ജസീറയ്ക്ക് വേണ്ടി അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുകയാണ് ഈ ന്യുസിലാൻഡുകാരി. പത്രസമ്മേളനത്തിൽ പങ്കെടുത്ത ഏക വനിത പത്രപ്രവർത്തകയായ അവർ കിട്ടിയ അവസരം പാഴാക്കിയില്ല എന്നതാണ് വാസ്തവം.
പരിഭ്രാന്തി നിറഞ്ഞു നിന്ന അന്തരീക്ഷത്തിൽ തികച്ചും ശാന്തയായാണ് അവർ സ്വയം പരിചയപ്പെടുത്തിയതും ചോദ്യം ചോദിച്ചതും. സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങളെ കുറിച്ച് തനിക്ക് സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് അവർ ആരംഭിച്ചത്. സ്ത്രീകൾക്ക് ജോലിക്ക് പോകാൻ അനുവാദമുണ്ടാകുമോ? പെൺകുട്ടികൾക്ക് വിദ്ദ്യാഭ്യാസം തുടരാനാകുമോ ? അവർ ചോദ്യശരങ്ങൾ എയ്തു തുടങ്ങിയതും പെട്ടെന്നായിരുന്നു. അവരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് എന്തുറപ്പാണ് നിങ്ങൾക്ക് നൽകാൻ കഴിയുക എന്നും അവർ ചോദിച്ചു.
ശരിയത്ത് നിയമം അനുശാസിക്കുന്ന വകാശങ്ങൾ സ്ത്രീകൾക്ക് നൽകുമെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് പറഞ്ഞു. സ്ത്രീകൾ സമൂഹത്തിന്റെ ഭാഗമാണെന്നും നിയമം അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും അവർക്ക് ലഭിക്കുമെന്നു മുജാഹിദ് തുടർന്നു പറഞ്ഞു. എന്നാൽ, എല്ലാ അവകാശങ്ങളുംഇസ്ലാമിക തത്വങ്ങളുടെ പരിധിയിൽ ഉള്ളതായിരിക്കുമെന്നും അയാൾ കൂട്ടിച്ചേർത്തു.
ആയിരക്കണക്കിന് അഫ്ഗാൻ വനിതകൾ ഉയർത്തുന്ന ചോദ്യമായിരുന്നു ബെല്ലിസ് ചോദിച്ചത്. രണ്ടാം താലിബാൻ താരതമ്യേന മിതവാദ രാഷ്ട്രീയമായിരിക്കുമ്മ് പിന്തുടരുക എന്ന് അവകാശപ്പെടുമ്പോഴും അവിടെ നടക്കുന്ന കാര്യങ്ങൾ അടിവരയിടുന്നത് താലിബാന് അടിസ്ഥാനപരമായ ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നു തന്നെയാണ്. ബുർക്കയിടാത്തതിന് ഒരു സ്ത്രീയെ പരസ്യമായി വെടിവെച്ചുകൊല്ലുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അത് പറയുന്നതും ഭീകരർക്ക് തെല്ലും മാറ്റമുണ്ടായിട്ടില്ല എന്നുതന്നെയാണ്.
അതുപോലെ പാശ്ചാത്യ രാജ്യങ്ങളുടെ എംബസികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരേയും അവരുടെ മറ്റു സന്നദ്ധ സേവാ പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നവരേയും വീടുവീടാന്തരം കയറിയിറങ്ങി ഭീകരർ പിടിക്കുന്നതായുള്ള വാർത്തകളുംപുറത്തുവരുന്നുണ്ട്. അതുപോലെ 12 വയസ്സിനും 45 വയസ്സിനും ഇടയിൽ പ്രായമുള്ള അവിവാഹിതകളെ ലൈംഗിക അടിമകളാക്കുവാനായി പിടിച്ചുകൊണ്ടുപോകുന്നതായി വാർത്തകൾ പുറത്തുവരുന്നു.
ആദ്യ താലിബാൻ ഭരണകൂടത്തിന്റെ കാലത്ത് സ്ത്രീകൾക്ക് ഒറ്റക്ക് വീടിനു വെളിയിൽ ഇറങ്ങാനുള്ള അനുവാദം പോലുമുണ്ടായിരുന്നില്ല. പഠനവും തൊഴിലും സ്ത്രീകൾക്ക് ആലോചിക്കുവാൻ പോലുമാകാത്ത കാര്യങ്ങളായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബെല്ലീസ് എന്ന ധീരയായ വനിതാ ജേർണലിസ്റ്റിന്റെ ചോദ്യങ്ങളെ കാണേണ്ടത്. ഇത്തരത്തിലുള്ള ചോദ്യങ്ങൾ ഇനിയുമിനിയും അഫ്ഗാൻ സമൂഹത്തിൽ നിന്നുയർന്നുവരുവാൻ ഇത് പ്രേരണയായേക്കും. അഫ്ഗാൻ സ്ത്രീകൾക്ക് നേരിയ പ്രതീക്ഷയെങ്കിലും ഇത് നൽകുന്നുണ്ട്.
നിലവിൽ താലിബാൻ അല്പം മയപ്പെട്ടാണ് കാണപ്പെടുന്നതെങ്കിലും, ഇപ്പോഴും അവർ ഒരു ഹിറ്റ്ലിസ്റ്റ് സൂക്ഷിക്കുന്നു എന്നാണ് ബെല്ലീസ് എ എം റേഡിയോട് പറഞ്ഞത്. നേരത്തേ താലിബാനു കീഴിലായ പ്രദേശങ്ങളിലെ അനുഭവങ്ങളാണ് പലരെയും ആശങ്കാകുലരാക്കുന്നത്. അവിടങ്ങളിൽ നിന്നും നിരവധി അക്രമസംഭവങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നു. അവർക്ക് ഒരു ഹിറ്റ്ലിസ്റ്റ് ഉണ്ട്, അതിനനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ടവരെ അവർ കൊല്ലുന്നുമുണ്ട്. അതിലൊന്നും അവർ ഖേദം പ്രകടിപ്പിച്ചിട്ടുമില്ല. ബെല്ലീസ് പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ