- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രസിഡണ്ട് ശതകോടികളുമായി പ്രത്യേക വിമാനത്തിൽ ദുബായ്ക്ക് മുങ്ങി; മകൾ അതിനു മുൻപ് അത്യാഡംബര ജീവിതത്തിൽ; സമ്പന്നർ സുഖിക്കുമ്പോൾ ജീവിക്കാൻ വേണ്ടി മരിച്ചു വീണു പാവം അഫ്ഗാൻ വനിതകൾ
കാബൂൾ: മടിശ്ശീലയിൽ നിറയെ പണമുള്ളവന് ദുരിതങ്ങളിൽനിന്നൊക്കെ രക്ഷനേടാൻ എളുപ്പമാണ്. അതിജീവനത്തിനായി തത്രപ്പെടുന്നത് സാധാരണക്കാർ മാത്രമായിരിക്കും. ലോകത്തിലെവിടെയും കാണപ്പെടുന്ന ഈ സത്യം ഇപ്പോൾ അഫ്ഗാനിസ്ഥാനിലും സംഭവിക്കുകയാണ്. 169 മില്ല്യൺ ഡോളറടങ്ങിയ സ്യുട്ട്കേസുമായി ഹെലികോപ്റ്ററിൽ മുങ്ങിയ മുൻ അഫ്ഗാൻ പ്രസിഡണ്ടിന് ദുബായിൽ രാഷ്ട്രീയ അഭയം ലഭിച്ചിരിക്കുന്നു. ഗാനിയുടെ മകളാണെങ്കിൽ വളരെ മുൻപ് മുതൽ തന്നെ ന്യുയോർക്ക് നഗരത്തിൽ ആഡംബര ജീവിതം നയിക്കുകയാണ്.
സാധാരണക്കാരായ അഫ്ഗാൻ വനിതകൾ ലൈംഗിക അടിമകളായി മറപ്പെടുന്ന സാഹചര്യത്തിലാണ് പ്രസിഡണ്ടിന്റെ പുത്രിയുടെ ആഡംബര ജീവിതം വാർത്തയാകുന്നത്. ന്യുയോർക്ക് നഗരത്തിലെ സമ്പന്നരുടെ കോളനികളിലൊന്നായ ബ്രൂക്ക്ലിൻസ് ക്ലിന്റൺ ഹില്ലിലെ ആഡംബര വസതിയിൽ സുഖ ജീവിതം നയിക്കുകയാണ് 42 കാരിയായ മറിയം ഗാനി. അമേരിക്കയിൽ ജനിച്ചു വളർന്ന മറിയം അഫ്ഗാൻ സ്ത്രീകളിൽനിന്നും വിഭിന്നമായി ബൊഹീമിയൻ രീതിയിലുള്ള ജീവിതമാണ് നയിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു വിഷ്വൽ ആർട്ടിസ്റ്റും സിനിമാ സംവിധായികയും കൂടിയാണിവർ.
താൻ ഒരു ബ്രൂക്ക്ലിൻ ക്ലീഷെയാണെന്ന് എപ്പോഴും പറയാറുള്ള മറിയം തന്റെ ആഡംബര വസതിക്കുള്ളിലെ ജീവിതമാണ് തന്റെ സ്വർഗ്ഗം എന്നും പറഞ്ഞിട്ടുണ്ട്. അഫ്ഗാനിലെ വർത്തമാനകാല സംഭവവികാസങ്ങളെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാൻ വിസമ്മതിക്കുന്ന മറിയം പക്ഷെ അഫ്ഗാൻ ജനതയെ സഹായിക്കുവാൻ അമേരിക്കക്കാരെ പ്രേരിപ്പിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനു വേണ്ടി എന്തു ചെയ്യാൻ കഴിയുമെന്ന് ട്വീറ്ററിലൂടെ ചോദിച്ച മറിയം, അഫ്ഗാൻ ജനതയെ താലിബാന്റെ പിടിയിൽ നിന്നും മോചിപ്പിക്കാൻ അമേരിക്കൻ ജനപ്രതിനിധികളെ പ്രേരിപ്പിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുന്നുമുണ്ട്.
അതിനുപുറമെ വ്യക്തിഗതമായ രീതിയിലുള്ള സഹായങ്ങളും ഓരോ വ്യക്തിയും ചെയ്യണമെന്നും അവർ അഭ്യർത്ഥിച്ചു. താലിബാന്റെ ഭരണത്തിൻ കീഴിൽ ഏറ്റവുമധികം ക്രൂരത അനുഭവിക്കേണ്ടി വരിക കലാകാരന്മാർക്കായിരിക്കും എന്നു പറഞ്ഞ അവർ കലാ സാംസ്‌കാരിക സംഘടനകളോടും സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ബ്രൂക്ക്ലിനിൽ ജനിച്ച് മേരിലാൻഡിൽ വളർന്ന മറിയം കലാ രംഗത്തും അദ്ധ്യാപന രംഗത്തും സജീവമാണ്. അവരുടെ ചിത്രങ്ങൾ നിരവധി മ്യുസിയങ്ങളിൽ പ്രദർശനത്തിനു വച്ചിട്ടുമുണ്ട്.
അമേരിക്കയിൽ ജനിച്ചു വളർന്ന മറിയത്തിന് 24 വയസ്സാകുന്നതുവരെ അഫ്ഗാൻ സന്ദർശിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. 2002-ൽ താലിബാന്റെ വീഴ്‌ച്ചക്ക് ശേഷം മാത്രമാണ് അതിനൊരു അവസരം ലഭിച്ചത്. 2002 മുതൽ അവരുടെ പിതാവ് അഫ്ഗാൻ സർക്കാരിൽ സേവനമനുഷ്ഠിക്കൻ തുടങ്ങി. താലിബാൻ കാബൂൾ പിടിച്ചടക്കിയപ്പോൾ അദ്ദേഹം യു എ ഇയിലെക്ക് പറക്കുകയായിരുന്നു.
169 മില്ല്യൺ ഡോളറിന്റെ പണവുമായാണ് ഗാനി അഫ്ഗാൻ വിട്ടതെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് അഫ്ഗാനിസ്ഥാനിലെ റഷ്യൻ എമ്പസിയായിരുന്നു. എന്നാൽ, ഇക്കാര്യം ഗാനി നിഷേധിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ