തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിലായവർക്കു രവിപിള്ള ഫൗണ്ടേഷൻ പ്രഖ്യാപിച്ച കാരുണ്യസ്പർശം ധനസഹായ പദ്ധതിയുടെ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. രവി പിള്ള ഫൗണ്ടേഷന്റെയും ആർ പി ഗ്രൂപ്പിന്റെയും ചെയർമാനായ പത്മശ്രീ ബി. രവി പിള്ള ചടങ്ങിൽ പങ്കെടുത്തു. വൈകിട്ട് നാലു മണിക്ക് സെക്രട്ടേറിയേറ്റിൽ നടന്ന ചടങ്ങിൽ 8 പേർക്ക് ധനസഹായം കൈമാറി.

നോർക്ക നിർദ്ദേശിച്ച രണ്ടു പേർക്കും ആർ പി ഫൗണ്ടേഷൻ തെരഞ്ഞെടുത്ത ആറുപേർക്കുമാണ് വിതരണോദ്ഘാടനത്തിന്റെ ഭാഗമായി സഹായം വിതരണം ചെയ്തത്. കോവിഡ് വന്ന് മരണപ്പെട്ട പ്രവാസികളുടെ മക്കളായ ആര്യ മോഹൻ, അർച്ചന മധുസൂദനൻ എന്നിവർക്ക് ഒരു ലക്ഷം രൂപ വീതം കൈമാറി. നോർക്ക വഴിയുള്ള അപേക്ഷയിലാണ് ഇവർ സഹായത്തിന് അർഹരായത്. റസിയ പി, സുമി, സുനിത, അനിൽ, സയ്യിദ് കുഞ്ഞ്, എം.ജെ. ജോസ് എന്നിവരും സഹായം ഏറ്റുവാങ്ങി.

15 കോടിയുടെ സഹായമാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചതെങ്കിലും പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ അപേക്ഷകൾ ലഭിച്ചതിനാൽ 17 കോടി വിതരണം ചെയ്യാനാണ് തീരുമാനം. 15,000 പേർക്ക് ഈ മാസം സഹായം നൽകുമെന്നും സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി ബാക്കിയുള്ളവർക്കുകൂടി ധനസഹായം വിതരണം ചെയ്യുമെന്നും ഡോക്ടർ രവി പിള്ള പറഞ്ഞു.

ധനസഹായത്തിനർഹയായ റസിയയുടെ ഭർത്താവ് വഴിയോരക്കച്ചവടം നടത്തുകയായിരുന്നു. കോവിഡ് ബാധിച്ച് ഭർത്താവ് മരിച്ചതിനെ തുടർന്ന് റസിയയും മൂന്നു പെൺകുട്ടികളും വളരെ ദുരിതത്തിലായി. ഭർത്താവും ഭർത്താവിന്റെ സഹോദരനും പിതാവും കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് സുമിയും കുടുംബവും വളരെ കഷ്ടത്തിലായിരുന്നു. നിരാശ്രയരായ ഇവരെക്കുറിച്ച് മാധ്യമങ്ങൾ വാർത്തകളും മറ്റും കൊടുത്തിരുന്നു. സുനിതയുടെ അവസ്ഥയും വ്യത്യസ്തമല്ല. ചോർന്നൊലിക്കാത്ത വീടെന്ന സ്വപ്നം പോലും സാധ്യമാക്കാതെയാണ് ഭർത്താവിന് കോവിഡിന് കീഴടങ്ങേണ്ടിവന്നത്. കോവിഡ് ബാധിച്ച് മകനും ചികിത്സയിലായിരുന്നു. 21കാരനായ അനിൽ മസ്‌കുലാർ ഡിസ്‌ട്രോഫി, ഓട്ടിസം ബാധിതനാണ്. സഹോദരൻ അജിത്തും ഗുരുതര രോഗാവസ്ഥയിലായ അച്ഛനും അടങ്ങുന്നതാണ് അനിലിന്റെ കുടുംബം. അമ്മ നേരത്തേ മരിച്ചു. മൂന്നു പെൺമക്കളുള്ള സയ്യിദ് കുഞ്ഞിന് രണ്ടു മാസം മുമ്പ് കാൽ മുറിച്ചുമാറ്റേണ്ടിവന്നു. നിത്യജീവിതവൃത്തിക്ക് ഒരു തൊഴിൽപോലും ചെയ്യാൻ പറ്റാത്ത സ്ഥിതിയിലാണ് അദ്ദേഹം. ഭാര്യ ഓമനയുടെ ചികിത്സയുടെ ഭാഗമായാണ് ജോസിനും കുട്ടികൾക്കും വീട് നഷ്ടപ്പെട്ടത്. വലിയ ചെലവുള്ള ചികിത്സക്കായി വീടും സ്ഥലവും വിൽക്കേണ്ടിവന്നു. എന്നാൽ ഓമനയുടെ ആരോഗ്യം ഇന്നും മോശമാണ്. മാസം 12000 രൂപ മരുന്നിനു മാത്രം ചെലവുണ്ട്. വിവിധ ബാങ്കുകളിലായി പത്ത് ലക്ഷത്തിലേറെ രൂപയുടെ കടവും.

കഴിഞ്ഞ ജൂണിലാണ് കോവിഡ് ദുരിത ബാധിതർക്കായി രവിപിള്ള ഫൗണ്ടേഷൻ ധനസഹായ പദ്ധതി പ്രഖ്യാപിച്ചത്. ലഭിച്ച രണ്ടരലക്ഷത്തിലധികം അപേക്ഷകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് സഹായം നൽകുന്നത്. നോർക്ക റൂട്ട്‌സ് വഴി തിരഞ്ഞെടുത്തവർക്കു അഞ്ചുകോടിയുടെ സഹായം നൽകും. പ്രവാസികളുടെ മക്കളുടെ കല്യാണ ആവശ്യങ്ങൾക്കാണ് ഇത് കൂടുതലും ചെലവാക്കുന്നത്. ഇപ്പോൾ വിദേശത്തുള്ളവർക്കും നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾക്കും ഈ സഹായം ലഭിക്കും. ബാക്കിതുക എംഎൽഎമാരുടെയും എംപിമാരുടെയും ശുപാർശയോടെ വന്ന അപേക്ഷകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഫൗണ്ടേഷൻ നേരിട്ട് നൽകും. ഏകദേശം 40,000 പേരെ സഹായിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് കാരണം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾ, രക്ഷിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾ, പെൺകുട്ടികളുടെ വിവാഹം, ചികിത്സാ ആവശ്യങ്ങൾ, സാമ്പത്തിക പരാധീനതയുള്ള വിധവകളായ സ്ത്രീകൾ എന്നിങ്ങനെയുള്ളവർക്കാണ് ആർപി ഫൗണ്ടേഷന്റെ കാരുണ്യസ്പർശം വഴി ധനസഹായം ലഭിക്കുക.

24 മണിക്കൂറും പ്രവർത്തിക്കുന്ന 200 പേരടങ്ങുന്ന സംഘമാണ് ഓൺലൈനായി ലഭിച്ച അപേക്ഷകൾ പരിശോധിച്ച് അർഹരായവരെ തിരഞ്ഞെടുത്തത്. കഴിഞ്ഞ ഒന്നര വർഷമായി എല്ലാ രാജ്യങ്ങളും എല്ലാ മേഖലകളും കടുത്ത പ്രതിസന്ധി നേരിടുകയാണ്. നമുക്ക് പ്രിയപ്പെട്ട പലരെയും നഷ്ടമായി. കേരളത്തിലേതിന് സമാനമായ സ്ഥിതിയാണ് പ്രവാസലോകത്ത്. ഈ സാഹചര്യത്തിലാണ് ഇങ്ങനെയൊരു സഹായപദ്ധതിയെക്കുറിച്ച് ആലോചിച്ചതെന്നു രവി പിള്ള പറഞ്ഞു. വളരെ വൈകാതെ ലോകം പ്രതിസന്ധിയെ മറികടക്കുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവച്ചു. ധനലക്ഷ്മി ബാങ്ക് വഴിയാണ് ധനസഹായം വിതരണം ചെയ്യുന്നത്.