കണ്ണുർ: പൂക്കളുടെ മറവിൽ കേരളത്തിലേക്ക് കടത്തുകയായിരുന്ന 14000 പാക്കറ്റ് പുകയില ഉൽപന്നങ്ങൾ ഇരിട്ടി പൊലീസ് പിടികൂടി. വാഹനത്തിലുണ്ടായിരുന്ന കണ്ണവം സ്വദേശി കെ. അബ്ദുൾ നാസർ, മാനന്തേരി സ്വദേശികളായ പി. കെ. സജീർ, എം. അഷ്‌റഫ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇരിട്ടി പ്രിൻസിപ്പൽ എസ്‌ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷന് മുന്നിൽ നടന്ന വാഹന പരിശോധനക്കിടെയാണ് ഇവ പിടികൂടിയത്. കേരളത്തിൽ നിരോധനമുള്ള പുകയില ഉൽപന്നങ്ങളായ ഹാൻസ്, കൂൾ ലിപ്പ് എന്നിവയാണ് പിടികൂടിയത്. മാക്കൂട്ടം ചുരം വഴി കർണാടകയിൽ നിന്നും കേരളത്തിലേക്ക് പൂക്കൾ കൊണ്ടുവരികയാണെന്ന വ്യാജേന പൂക്കൾക്കിടയിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ഇവയുണ്ടായിരുന്നത്.

കൂട്ടുപുഴയിലെ ആർടിഒ ചെക്ക് പോസ്റ്റും , കിളിയന്തറയിലെ എക്‌സൈസ് ചെക്ക് പോസ്റ്റും കടന്നാണ് വാഹനം ഇരിട്ടി പൊലീസ് സ്റ്റേഷന് മുന്നിൽ എത്തിയത്. ഓണക്കാലത്തെ സുരക്ഷ പരിഗണിച്ച് ഇരിട്ടി പൊലീസ് സ്റ്റേഷന് മുന്നിൽ വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്. മുൻകാലങ്ങളിലും പച്ചക്കറി, മത്സ്യ വാഹനങ്ങളിൽ കടത്തിയ മദ്യം, മയക്കുമരുന്ന്, കഞ്ചാവ് അടക്കമുള്ള ലഹരി ഉത്പന്നങ്ങൾ നിരവധി തവണ പിടികൂടിയിട്ടുണ്ട്. ഇതിൽ ഏറെ തവണയും പിടികൂടിയത് ഇരിട്ടി പൊലീസ് നടത്തിയ വാഹന പരിശോധനകളിലായിരുന്നു.