- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യാത്രാ വഴിയിൽ താലിബാൻ ഇല്ലെന്ന് ഉറപ്പാക്കിയത് അഫ്ഗാനി; ഹോട്ടൽ വരെ സുരക്ഷിതരായി 70 പേരും എത്തി; റോഡിലെ സംഘർഷങ്ങൾ മുമ്പോട്ടുള്ള യാത്ര തടഞ്ഞു; അഫ്ഗാനിലെ ഇന്ത്യാക്കാരുടെ മടങ്ങി വരവിന് തടസ്സങ്ങൾ ഏറെ; രക്ഷാ ദൗത്യത്തിന് ഇന്ത്യൻ വ്യോമസേന വിമാനം കാബൂളിൽ
ന്യൂഡൽഹി: ഇന്ത്യാക്കാരുടെ മടങ്ങി വരവിന് താലിബാൻ ഭീഷണി. അഫ്ഗാനിൽ എല്ലായിടത്തും നിലയുറപ്പിച്ച താലിബാൻ ഇന്ത്യാക്കാരുടെ സ്വന്തം രാജ്യത്തിലേക്കുള്ള യാത്ര മുടക്കുകയാണ്. താലിബാന്റെ കണ്ണുവെട്ടിച്ച് ഇന്ത്യയിലേക്കു മടങ്ങാനുള്ള ശ്രമത്തിലാണ് മലയാളിയുൾപ്പെടെ 70 അംഗ ഇന്ത്യൻ സംഘം.
വ്യോമസേനയുടെ സി17 ഗ്ലോബ്മാസ്റ്റർ വിമാനം ഇന്നലെ കാബൂളിലെത്തി. സംഘത്തിലെ മുഴുവൻ പേർക്കും സുരക്ഷിതരായി വിമാനത്താവളത്തിലെത്താൻ കഴിഞ്ഞില്ല. അതുകൊണ്ട് ഇന്നലെ രാത്രി വൈകിയും വിമാനത്തിന് ഇന്ത്യയിലേക്കു തിരിക്കാനായില്ല. വിമാനത്താവളത്തിലേക്കു പുറപ്പെട്ട മലയാളിയുൾപ്പെടെയുള്ള സംഘാംഗങ്ങൾക്ക് വിമാനത്താവളത്തിൽ എത്താൻ കഴിഞ്ഞില്ല.
യാത്ര അനിശ്ചിതത്വത്തിലായതോടെ വിമാനത്താവളത്തിനു സമീപത്തെ ഹോട്ടലിൽ രാത്രി ഒളിവിൽ കഴിയുകയാണ് ഇവർ. വിമാനത്താവളത്തിന്റെ നിയന്ത്രണം അമേരിക്കൻ സൈന്യത്തിനാണെങ്കിലും പുറത്ത് താലിബാൻ പരിശോധനയാണ്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടല്ലാതെ അഫ്ഗാനിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാരെ രക്ഷിക്കാനുള്ള ശ്രമമാണ് ഇന്ത്യയുടേത്.
ഇതിന് വേണ്ടി വ്യോമസേന നടത്തിയ ആദ്യ ദൗത്യമായിരുന്നു ഇന്നലത്തേത്. എംബസി ഉദ്യോഗസ്ഥർ, എംബസിയുടെ സുരക്ഷാ ചുമതലയുള്ള ഐടിബിപി സേനാംഗങ്ങൾ, സംഘർഷം റിപ്പോർട്ട് ചെയ്ത 4 മാധ്യമപ്രവർത്തകർ എന്നിവരടക്കം 150 പേരെ 2 വിമാനങ്ങളിലായി കഴിഞ്ഞ ദിവസങ്ങളിൽ സേന ഇന്ത്യയിലെത്തിച്ചിരുന്നു.
അതിനിടെ ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയ അധികൃതർ ബുധനാഴ്ച രാത്രി ഇന്ത്യൻ സംഘത്തെ മൂന്നായി തിരിച്ചു. 70 പേരുൾപ്പെട്ട ആദ്യ സംഘത്തിൽ മലയാളികളുമുണ്ട്. വിമാനത്താവളത്തിലേക്കു സുരക്ഷിത യാത്രയൊരുക്കാൻ അഫ്ഗാൻ സ്വദേശിയെ അധികൃതർ ഏർപ്പാടാക്കിയിരുന്നു. അദ്ദേഹം വിമാനത്താവളം വരെ സഞ്ചരിച്ച്, വഴിയിൽ താലിബാൻ സംഘമില്ലെന്ന് ഉറപ്പാക്കി സന്ദേശം നൽകിയ ശേഷമാണ് ഇവർ വീടുകളിൽനിന്നു പുറത്തിറങ്ങിയത്.
വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിലേക്കു പോകാനായിരുന്നു നിർദ്ദേശം. വഴിയിൽ താലിബാൻ സംഘം തടഞ്ഞാൽ ഹോട്ടലിന്റെ കാര്യം വെളിപ്പെടുത്തരുതെന്നും വിമാനത്താവളത്തിലേക്കു പോകുകയാണെന്നു പറയണമെന്നും നിർദ്ദേശിച്ചു. വഴിയിൽ ആരും തടഞ്ഞില്ല. പുറത്തുനിന്നു നോക്കിയാൽ കാണാത്ത രീതിയിൽ ഹോട്ടൽ മുറ്റത്തു ഇവർ എത്തി.
പരിശോധനയ്ക്കായി താലിബാൻ സംഘമെത്തിയാൽ ഹോട്ടലിനു പുറത്തിറങ്ങരുതെന്നും നിർദ്ദേശം ലഭിച്ചു. ഹോട്ടൽമുറിയിൽ മണിക്കൂറുകൾ ഒളിച്ചിരുന്നു. ഇതിനിടെ കാബൂളിൽ ചിലയിടങ്ങളിൽ സംഘർഷമുണ്ടായതോടെ സംഘത്തിലെ ചിലർ വഴിയിൽ കുടുങ്ങി. ഇതോടെ, ഉച്ചയ്ക്ക് 2 മണിക്കു നിശ്ചയിച്ചിരുന്ന യാത്ര നീണ്ടു. രാത്രി വൈകിയും കാത്തിരിപ്പു തുടർന്നു-സംഘത്തിലെ മലയാളി കാര്യങ്ങൾ വിശദീകരിച്ചത് ഇങ്ങനെയാണ്.
അതിനിടെ അഫ്ഗാനിസ്ഥാനിൽ താലിബാൻ വിവിധ നഗരങ്ങൾ പിടിച്ചെടുക്കും മുൻപെ തന്നെ ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങൾ രക്ഷാദൗത്യം തുടങ്ങിയിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. വടക്കൻ അഫ്ഗാനിസ്ഥാനിലെ പ്രദേശങ്ങൾ താലിബാൻ പിടിച്ചടക്കുന്നതിന്റെ ഏതാനും ദിവസങ്ങൾക്ക് മുൻപ് വ്യോമസേനയുടെ വിമാനം 50 ഇന്ത്യക്കാരെ രക്ഷിച്ചിരുന്നു.
ഓഗസ്റ്റ് 11ന് ഹിന്ദാൻ വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം മസാരെ ഷരീഫിലെ ഇന്ത്യയുടെ കോൺസുലേറ്റിലെ അംഗങ്ങളെയും ഐടിബിപി ഉദ്യോഗസ്ഥരെയും സുരക്ഷിതമായി ഇന്ത്യയിലെത്തിച്ചിരുന്നു എന്ന് ഉന്നത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. അമ്പതോളം ഇന്ത്യൻ ഉദ്യോഗസ്ഥരെയാണ് മസാരെയിൽ നിന്ന് രക്ഷിച്ചത്. വ്യോമസേനയുടെ സി17 ഗ്ലോബൽമാസ്റ്റർ വിമാനത്തിലായിരുന്നു രക്ഷാപ്രവർത്തനം.
ഇന്ത്യൻ കോൺസുലേറ്റ് സ്ഥിതി ചെയ്യുന്ന കാണ്ടഹാറിൽ നിന്നുള്ള ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തുന്നതിന് മുൻപാണ് മസാരെയിലെ ഇന്ത്യൻ ദൗത്യം പൂർത്തിയാക്കിയത്. അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ ഇന്ത്യൻ വ്യോമസേന തജിക്കിസ്ഥാൻ പോലുള്ള അയൽരാജ്യങ്ങളിലെ വ്യോമതാവളങ്ങളാണ് ഉപയോഗിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കാബൂളിൽ നിന്നുള്ള രണ്ട് സി -17 വിമാനങ്ങളും ഇന്ത്യയിലെത്തിയിരുന്നു.
ബുധനാഴ്ച ഒരു വിമാനത്തിൽ 46 ഓളം ഉദ്യോഗസ്ഥരും മറ്റൊന്നിൽ വ്യാഴാഴ്ച രാവിലെ 120 പേരെയും ഇന്ത്യയിലെത്തിച്ചു.
മറുനാടന് മലയാളി ബ്യൂറോ