കാബൂൾ: താലിബാൻ ഭീകരതയെ അങ്ങനെ അംഗീകരിക്കാൻ പഴയതു പോലെ അഫ്ഗാൻ ജനത തയ്യാറല്ല. അവർ പ്രതിഷേധത്തിലാണ്. അട്ടിമറിയിലൂടെ ഭരണം പിടിച്ചവർക്കെതിരായ പ്രതിരോധം. അഫ്ഗാനിസ്ഥാന്റെ സ്വാതന്ത്ര്യദിനമായിരുന്ന ഇന്നലെ രാജ്യത്തെ വിവിധ നഗരങ്ങളിൽ നടന്ന ആഘോഷങ്ങളിൽ നിറഞ്ഞത് താലിബാനെതിരായ പ്രതിഷേധം. ഒരിക്കലും സായുധ സംഘം ഈ പ്രതിഷേധങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. കാബൂളിലും സ്ത്രീകൾ അടക്കം ഒട്ടേറെപ്പേർ ദേശീയ പതാകയുമായി തെരുവിലിറങ്ങി.

പ്രതിഷേധം തുടരുമ്പോൾ താലിബാൻ സർക്കാർ രൂപീകരണം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. മതനിയമം അടിസ്ഥാനമാക്കി താലിബാൻ ഉന്നതസമിതിയാകും ഭരണം നിയന്ത്രിക്കുക എന്ന സൂചനയാണുള്ളത്. താലിബാൻ മേധാവി ഹൈബത്തുല്ല അഖുൻസാദയ്ക്കാവും പരമാധികാരം. സ്ത്രീ സ്വാതന്ത്ര്യത്തെ അടക്കം തടസ്സപ്പെടുത്തുന്ന മത ഭരണം അംഗീകരിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

കിഴക്കൻ അഫ്ഗാനിലെ അസദാബാദ് നഗരത്തിൽ ദേശീയപതാകയുമായി തെരുവിലിറങ്ങിയ ജനങ്ങൾ താലിബാന് താക്കീതാണ് നൽതിയത്. ഈ പ്രകടനത്തിന് നേരെ താലിബാൻ നടത്തിയ വെടിവയ്പിൽ 2 പേർ കൊല്ലപ്പെട്ടു. ജലാലാബാദിൽ ഇന്നലെ നടന്ന പ്രകടനത്തിനു നേരെയും താലിബാൻ വെടിവച്ചു. ബാലൻ അടക്കം 2 പേർക്കു പരുക്കേറ്റു. വെടിയേറ്റു ചോരയൊലിക്കുന്നവർ ഇനിയും പ്രതിഷേധിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു.

മുമ്പ് അഫ്ഗാൻ താലിബാൻ പിടിച്ചു നിന്നപ്പോൾ ആളുകളെല്ലാം ഭയന്ന് വീട്ടിൽ അടച്ചിരുന്നു. എന്നാൽ ഇപ്പോൾ താലിബാനെതിരെ പ്രതിഷേധിക്കാൻ തയ്യാറാകുന്നവരും ഉണ്ട്. ഇത് താലിബാനേയും ഞെട്ടിക്കുന്നു. അടിച്ചൊതുക്കാനാണ് അവരുടെ തീരുമാനം. അതുകൊണ്ട് തന്നെ തെരുവിൽ ഇനിയും ചോരപ്പുഴ ഒഴുകും. ഖോസ്ത് നഗരത്തിൽ പ്രതിഷേധപ്രകടനം തടയാൻ താലിബാൻ 24 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു. കിഴക്കൻ അഫ്ഗാനിസ്ഥാനിലാണ് പ്രതിഷേധത്തിന് കൂടുതൽ ശക്തി.

താലിബാൻ വിരുദ്ധ സഖ്യമായ നോർത്തേൺ അലയൻസിന്റെ നേതൃത്വത്തിൽ സായുധ ചെറുത്തു നിൽപ്പും നടക്കുന്നു. 2001ൽ യുഎസ് സേനയുടെ പിന്തുണയോടെ താലിബാനെ പുറത്താക്കിയത് നോർത്തേൺ അലയൻസാണ്.

അതിനിടെ കാബൂളിൽ രണ്ടും കൽപ്പിച്ചാണ് താലിബാൻ നിലയുറപ്പിക്കാൽ. യുഎസ് ആർമിയുടെ യൂണിഫോം ധരിച്ച് അവരുടെ ഔദ്യോഗിക വാഹനത്തിൽ അമേരിക്കയെ പരസ്യമായി വെല്ലുവിളിക്കുകയാണ് താലിബാൻ പ്രവർത്തകർ. യുഎസ് മിലിറ്ററി വാഹനത്തിലാണ് താലിബാന്റെ സ്വൈര വിഹാരം. അമേരിക്കൻ നിർമ്മിത തോക്കുകളായ എം4, എം18 തുടങ്ങിയ ആയുധങ്ങളേന്തിയാണ് താലിബാന്റെ റോന്ത് ചുറ്റൽ. ഇത് അമേരിക്കയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയിട്ടുണ്ട്.

യുഎസിന്റെ ഹെലികോപ്ടറുൾപ്പെടെ താലിബാൻ സംഘത്തിന്റെ കയ്യിലുണ്ട്. അഫ്ഗാന് അമേരിക്ക വർഷങ്ങളായി സൈനിക ആവശ്യത്തിനായി നൽകിയതാണ് ഇതെല്ലാം. വൈറ്റ് ഹൗസിനെ പരസ്യമായി വെല്ലുവിളിക്കുകയാണ് താലിബാൻ. ഇരുപത് വർഷമായി അമേരിക്ക അഫ്ഗാന് നൽകിയ ആയുധങ്ങളെല്ലാം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും അതെല്ലാം തന്നെ താലിബാന്റെ കൈവശമെത്തിയിരിക്കാമെന്നും വൈറ്റ്ഹൗസ് സെക്യൂരിറ്റി അഡൈ്വസർ ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഇനിയും അമേരിക്കക്കാരുടെ ജീവൻ താലിബാന് നൽകാനാവില്ലെന്ന് പറഞ്ഞാണ് ബൈഡൻ യുഎസ് സൈന്യത്തെ അഫ്ഗാനിൽ നിന്ന് തിരിച്ച് വിളിച്ചത്. ഇത് ഒട്ടേറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.