- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കഞ്ചാവ് കൃഷി കത്തിക്കാനായി 64,000 കോടി രൂപ; വിമാനത്തിൽ 4000 കോടി ആവിയായി; സൈന്യത്തിന് കരുത്താകാൻ മുടക്കിയ 6.17 ലക്ഷം കോടിയും നാണക്കേടായി; ലാദനും മുല്ലാ ഉമറും കൊല്ലപ്പെട്ടത് മാത്രം ആശ്വാസം; 20 കൊല്ലം കൊണ്ട് അമേരിക്ക മുടക്കിയത് 74 ലക്ഷം കോടി; ശതകോടികൾ പാഴായ കഥ
ന്യൂയോർക്ക്: സൈനിക യൂണിഫോമിട്ട് അമേരിക്കൻ സൈനിക വാഹനത്തിൽ അമേരിക്കൻ ആയുധങ്ങളുമായി രാജ്യത്തെ കീഴടക്കുന്ന തീവ്രവാദികൾ.... അഫ്ഗാനിലെ ഈ ദൃശ്യങ്ങൾ ലോക പൊലീസ് ചമയുന്ന അമേരിക്കയ്ക്ക് തിരിച്ചടിയാണ്. നാണക്കേടും. ചെലവാക്കിയതെല്ലാം പാഴായി എന്ന തിരിച്ചറിവും. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിലെ പ്രധാന സൂത്രധാരൻ ഉസാമാ ബിൻ ലാദന് വേണ്ടി തുടങ്ങിയ ഓപ്പറേഷൻ. ലാദനും താലിബാൻ നേതാവ് മുല്ല ഉമറും കൊല്ലപ്പെട്ടു. അതു മാത്രമാണ് ആശ്വാസം.
അതൊഴിച്ചാൽ 20 വർഷത്തെ അഫ്ഗാൻ ദൗത്യകാലത്ത് യുഎസ് ചെലവഴിച്ച ഒരു ലക്ഷം കോടി ഡോളറും വെറുതെയായി. അഫ്ഗാനിൽ സമാധാനം എത്തിക്കാൻ അമേരിക്ക പൊടിച്ച 74 ലക്ഷം കോടി രൂപയിലേറെയും വെറുതെയായി എന്ന് വേണം ഇപ്പോഴത്തെ സ്ഥിതി ഗതികളിൽ നിന്നും വായിച്ചെടുക്കാൻ. തുക ചെലവഴിച്ചത് പല പ്രവർത്തനങ്ങൾക്കാണ്. ലഹരിയെ തടയാൻ പോലും ശതകോടികൾ മുടക്കി. അതൊന്നും ഫലം കണ്ടില്ല. മയക്കു മരുന്ന് മാഫിയയുടെ കരുത്തിലാണ് താലിബാൻ അഫ്ഗാനിൽ വീണ്ടും പിടിമുറുക്കാന് കഴിയുന്ന ശക്തിയായി മാറിയത്.
അഫ്ഗാനിസ്ഥാനിൽ പണം ചെലവഴിക്കുന്നതു നിരീക്ഷിക്കാൻ യുഎസ് കോൺഗ്രസ് പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിരുന്നു. സ്‌പെഷൽ ഇൻസ്‌പെക്ടർ ജനറൽ ഓഫ് അഫ്ഗാനിസ്ഥാൻ റീകൺസ്ട്രക്ഷൻ സിഗാറിന്റെ പഠനപ്രകാരം അമേരിക്ക അഫ്ഗാനിസ്ഥാനിൽ പ്രധാനമായും പാഴാക്കിയ തുകകൾ വ്യക്തമാണ്. 'പാട്ട' വിമാനങ്ങൾ 4000 കോടി രൂപ മുടക്കി. ശക്തിയില്ലാത്ത സൈന്യത്തിന് മൂർച്ഛ കൂട്ടാൻ 6.17 ലക്ഷം കോടി രൂപയും ചെലവാക്കി. എന്നാൽ താലിബാൻ ഇരച്ചു വന്നപ്പോൾ ഈ സൈന്യം അന്യരാജ്യത്തേക്ക് ജീവനും കൊണ്ടു രക്ഷപ്പെട്ടു.
അഫ്ഗാനിസ്ഥാന് വ്യോമസേന രൂപീകരിക്കാൻ ഇറ്റലിയിൽ നിന്ന് ജി222 ട്വിൻ ടർബോപ്രോപ് യുദ്ധവിമാനങ്ങൾ 20 എണ്ണം വാങ്ങി. എന്നാൽ, ഇവയുടെ പരിപാലനം തുടർച്ചയായി പ്രശ്‌നമായതോടെ 16 എണ്ണവും പറക്കാതായി. കാബൂൾ വിമാനത്താവളത്തിൽ വെറുതേ കിടന്നു തുരുമ്പെടുത്ത വിമാനങ്ങൾ ഒടുവിൽ പാട്ടവിലയ്ക്കു വിറ്റു 24 ലക്ഷം രൂപയ്ക്കാണ്.
അഫ്ഗാൻ സൈന്യത്തിന്റെ ശാക്തീകരണത്തിനും ആധുനികവൽക്കരണത്തിനും മറ്റുമായി ചെലവഴിച്ച സഹസ്ര കോടികൾ പാഴായി. റോഡ് നിർമ്മിക്കാൻ 1300 കോടി ചെലവാക്കി. യുഎസ് ഏജൻസിയായ ഇന്റർനാഷനൽ ഡവലപ്‌മെന്റ് അഫ്ഗാനിലെ ഗാർഡെസ് നഗരത്തിൽനിന്ന് ഖോസ്റ്റ് പ്രവിശ്യയിലേക്ക് 101 കിലോമീറ്റർ റോഡ് നിർമ്മിച്ചു. എന്നാൽ, ഒരു മാസത്തിനുള്ളിൽ ഇതിന്റെ 5 റീച്ചുകൾ നശിപ്പിക്കപ്പെട്ടു. 2 റീച്ചുകളുടെ ഭാഗങ്ങൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയി.
208 കോടി രൂപയാണ് അഫ്ഗാൻ സൈനികർക്ക് യൂണിഫോം വാങ്ങാൻ ചെലവഴിച്ചത്. യൂണിഫോമിന്റെ പ്രച്ഛന്ന സ്വഭാവവും മറ്റും അഫ്ഗാൻ അന്തരീക്ഷത്തിനു യോജിക്കുന്നതായിരുന്നില്ലെന്നു പിന്നീട് കണ്ടെത്തി. ലഹരി തടയാൻ 64,000 കോടി രൂപയും മുടക്കി. ലോകത്തിലെ ഏറ്റവും കൂടുതൽ കഞ്ചാവു കൃഷിയും ലഹരി ഉൽപാദനവും നടക്കുന്നത് അഫ്ഗാനിസ്ഥാനിലാണ്.
ഭീകരസംഘടനകളുടെ പ്രധാന സാമ്പത്തിക സ്രോതസ്സാണിത്. ഇതു തടയാൻ 15 വർഷം കൊണ്ട് കണക്കില്ലാതെ പണം ചെലവഴിച്ചെങ്കിലും കൃഷിയും ഉൽപാദനവും അതു പോലെ തുടരുന്നു.
മറുനാടന് മലയാളി ബ്യൂറോ