സൈന്യത്തെ പിൻവലിച്ചുകൊണ്ട് അമേരിക്ക ദുരിതത്തിലേക്ക് തള്ളിവിട്ട, നിസ്സഹായരായ അഫ്ഗാൻ സ്ത്രീകളുടെ ശാപമാണോ? പാശ്ചാത്യ രാജ്യങ്ങളുടെ രക്ഷാപ്രവർത്തനങ്ങളും അവതാളത്തിലാവുകയാണ്. സ്വന്തം പൗരന്മാരെ സുരക്ഷിതരായി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു എന്ന് പറയുമ്പോഴും കാബൂൾ വിമാനത്താവളത്തിലെ സ്ഥിതി ആകെ അലങ്കോലമാണ്. ഇന്നലെയൊരു ബ്രിട്ടീഷ് വിമാനം പറന്നുയർന്നത് ഒരേയൊരു യാത്രക്കാരിയുമായാണ് എന്നു പറയുമ്പോൾ തന്നെ അറിയാം കാബൂളിലെ സാഹചര്യം.

ആയിരക്കണക്കിൻ ആളുകൾ ഇപ്പോഴും കാബൂളിൽ കുടുങ്ങിക്കിടക്കുമ്പോഴായിരുന്നു ഒരു സൈനികന്റെ ഗർഭിണിയായ മുൻ ഭാര്യയേയും വഹിച്ചുകൊണ്ട് ബ്രിട്ടന്റെ വിമാനം പറന്നുയർന്നത്. ആയിരക്കണക്കിന് ബ്രിട്ടീഷുകാർ തിരികെയെത്താൻ ആവലാതിപ്പെടുമ്പോൾ തന്റെമുൻ ഭാര്യയേ മാത്രം കൊണ്ട് ഒരു വിമാനം പറന്നുയർന്ന കാര്യം അവരുടെ മുൻ ഭർത്താവ് തന്നെയാണ് ട്വീറ്ററിലൂടെ പങ്കുവച്ചത്. എന്നാൽ, ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും പാശ്ചാത്യ രാജ്യങ്ങൾ ഒന്നായി ആളുകളെ ഒഴിപ്പിക്കാൻ കഠിനാദ്ധ്വാനം ചെയ്യുകയാണെന്നും പ്രതിരോധ സെക്രട്ടരി ബെൻ വാലസ് അറിയിച്ചു.

സ്ഥലവും സമയവും പാഴാക്കില്ലെന്ന് ബ്രിട്ടീഷ് അധികാരികൾ ഉറപ്പിച്ചു പറയുമ്പോഴും ഈ ആഴ്‌ച്ചയിൽ തന്നെ ഇതിനു മുൻപും വിരലിലെണ്ണാവുന്നവരെ മാത്രം കയറ്റി വിമാനങ്ങൾ പറന്നുയർന്നതായ റിപ്പോർട്ടുകൾ വന്നിരുന്നു.താലിബാൻ ഭീകരർ ആളുകളെ വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കാതിരുന്നതിനാൽ, ചുരുങ്ങിയത് ഒരു വിമാനമെങ്കിലും വളരെ കുറച്ചു യാത്രക്കാരുമായി പറന്നുയർന്നതായി സ്ഥിരീകരിച്ചിട്ടുമുണ്ട്. ആയിരക്കണക്കിന് വിദേശികളും തദ്ദേശീയരും നാടുവിടാൻ തത്രപ്പെടുമ്പോഴാണിതെന്ന് ഓർക്കണം.

അമേരിക്ക സൈന്യത്തെ പൂർണ്ണമായും പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഓഗസ്റ്റ് 31 ന് മുൻപായി ഒഴിപ്പിക്കൽ പൂർത്തിയാക്കേണ്ടതായിട്ടുണ്ട്. എന്നാൽ, ഇന്നത്തെ രീതിയിൽ പോയാൽ അത് നടക്കുമെന്ന് തോന്നുന്നില്ല. ഈ ദിവസം കഴിഞ്ഞാലും നിരവധി ബ്രിട്ടീഷ്-അമേരിക്കൻ പൗരന്മാർ അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുമെന്നത് ഉറപ്പാണ്. എന്നാൽ, രക്ഷാ പ്രവർത്തനങ്ങൾക്ക് അങ്ങനെ ഒരു അവസാന തീയതി ആരും തീരുമാനിച്ചിട്ടില്ല എന്നാണ് ബ്രിട്ടീഷ് സർക്കാർ വക്താവ് പറഞ്ഞത്.

അതിനിടയിൽ, 6,000 വരുന്ന അമേരിക്കക്കാർ നാട്ടിലേക്ക് പറക്കാൻ തയ്യാറായതായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് അറിയിച്ചു. വിദേശപൗരന്മാരും അതുപോലെ പല വിദേശ രാജ്യങ്ങളിലേക്കും വിസയുള്ളവരുംവിമാനത്താവളത്തിൽ എത്തുന്നുണ്ടെങ്കിലും പുറത്തെ വൻ ആൾക്കൂട്ടം കാരണം അവർക്ക് അകത്തേക്ക് കടക്കാൻ കഴിയുന്നില്ല എന്നതാണ് പ്രധാനമായും ഒഴിപ്പിക്കൽ പ്രക്രിയ മന്ദഗതിയിലാക്കുന്നത്. ഇടയ്ക്കിടെ ആകാശത്തെ വെടിയുതിർത്ത് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ അമേരിക്കൻ സൈന്യം ശ്രമിഃക്കുന്നുണ്ടെങ്കിലും ജീവന്മരണപോരാട്ടത്തിനെത്തിയ അഫ്ഗാൻ സ്വദേശികളെ നിയന്ത്രിക്കുന്നതിൽ അത് വിഫലമാവുകയാണ്.

വിമാനത്താവളത്തിനു പുറത്ത് താലിബാനും വെടിയുതിർത്തുകൊണ്ട് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിക്കുന്നുണ്ട്. ആളുകളുടെ തലയ്ക്ക് മുകളിലൂടെ വെടിയുതിർക്കുകയും അവരെ തോക്കുകൾ കൊണ്ട് മർദ്ദിക്കുകയും ഒക്കെ ചെയ്താണ് ഭീകരർ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിക്കുന്നത്. അവസാനത്തെ അമേരിക്കൻ പൗരനേയും അഫ്ഗാനിൽ നിന്നും പുറത്തുകൊണ്ടുവരുന്നതുവരെ അമേരിക്കൻ സൈന്യം അഫ്ഗാനിൽ തുടരുമെന്ന് ജോ ബൈഡൻ ഉറപ്പു പറയുന്നുണ്ടെങ്കിലും അത് ആരും വിശ്വസിക്കുന്നതായി തോന്നുന്നില്ല.