കാബൂൾ: അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ മുഖം മിനുക്കിയെത്തിയ രണ്ടാം താലിബാന്റെ മുഖംമൂടി അഴിഞ്ഞുവീഴുകയാണ്. ആട്ടിൻ തോൽ അഴിഞ്ഞുവീണ ചെന്നായ്ക്കളുടെ ക്രൂരതകളുടെ ചിത്രങ്ങൾ പുറത്തുവരാൻ തുടങ്ങിയിരിക്കുന്നു.

താലിബാൻ സൈന്യത്തെ ചെറുത്തു നിൽക്കുന്നതിൽ നേതൃത്വം നൽകിയ അഫ്ഗാൻ പൊലീസിലെ ഒരു മേഖലാധികാരിയെ ക്രൂരമായി കൊല്ലുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കണ്ണുകൾ കെട്ടി നിരത്തിലൂടെ വലിച്ചിഴച്ചുകൊണ്ടുവന്ന് അവസാനം മുട്ടിൽ നിർത്തി വെടിവെച്ചുകൊല്ലുകയായിരുന്നു ബാദ്ഗിസ് പ്രവിശ്യയിലെ പൊലീസ് തലവനായിരുന്ന ജനറൽ ഹാജി മുല്ലാ ആചാകസിയെ.

തുർക്ക്മെനിസ്ഥാൻ അതിർത്തിയോട് ചേർന്നുകിടക്കുന്ന ഈ പ്രവിശ്യ, താലിബാന്റെ അധീനതയിലായ ഉടനെ പൊലീസ് മേധാവിയെ താലിബാൻ പിടികൂടിയതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.ബി ബി സിയുടെ മുൻ പേർഷ്യൻ ജേർണലിസ്റ്റായിരുന്ന നസ്രിൻ നാവയാണ് മുല്ലയെ കൊന്നുതള്ളുന്ന വീഡിയോ ദൃശ്യങ്ങൾ ട്വീറ്ററിൽ പങ്കുവച്ചിരിക്കുന്നത്.

താലിബാന്റെ, ഏറെ ആഘോഷിക്കപ്പെടുന്ന മാനവികത എന്ന കുറിപ്പോടെയാണ് ഇത് പങ്കുവച്ചിരിക്കുന്നത്. തങ്ങൾ ഭരണം ഏറ്റെടുത്തതിനു ശേഷം മുൻ സർക്കാരിനു വേണ്ടി പ്രവർത്തിച്ചിരുന്നവരോട് ശത്രുത പുലർത്തുകയില്ലെന്ന് താലിബാൻ പ്രഖ്യാപിച്ചിരുന്നതുമാണ്.

എന്നാൽ, ഒരു ജനറലിൽ ഒതുങ്ങുന്നില്ല താലിബാന്റെ മനുഷ്യവേട്ട എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. നേരത്തെ ബ്രിട്ടൻ, അമേരിക്ക, നാറ്റോ അംഗരാജ്യങ്ങൾ എന്നിവയുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന അഫ്ഗാൻ പൗരന്മാർക്കുവേണ്ടിയുള്ള വേട്ടയും താലിബാൻ ആരംഭിച്ചിരിക്കുന്നു. ഭീകരരിൽ ഒരു വിഭാഗം സർക്കാർ ഉദ്യോഗസ്ഥരുടെയും, വിവിധ വിദേശ എംബസികളിലെ മുൻ ജീവനക്കാരുടെയുമൊക്കെ വീടുകളിൽ കയറിയിറങ്ങുമ്പോൾ മറ്റൊരു വിഭാഗം ഭീകരർ വിമാനത്താവളത്തിനു പുറത്ത് ആളുകളെ തടയുകയാണ്.

ഇത്തരത്തിൽ ലക്ഷ്യംവയ്ക്കുന്നവരേയും അവരുടെ ബന്ധുക്കളേയും തടവിൽ ആക്കുവാനും ആരംഭിച്ചതായി റിപ്പോർട്ടുകൾ വരുന്നു. താലിബാന് മുന്നിൽ സ്വയം കീഴടങ്ങാത്തവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് താലിബാൻ അറിയിച്ചിട്ടുമുണ്ടത്രെ. അതിനിടയിൽ ഭ്രാന്തുമൂത്ത ഒരുപറ്റം ഭീകരന്മാർ വടക്കൻ അഫ്ഗാനിസ്ഥാനിലെ ഒരു അമ്യുസ്മെന്റ് പാർക്ക് തീയിട്ടു നശിപ്പിച്ചു.

അതിനുള്ളിൽ ചില പ്രതിമകൾ ഉണ്ടെന്നുള്ളതാണ് അതിനു കാരണമായി പറഞ്ഞത്. ഷെബെർഗാൻ നഗരത്തിലെ അമ്യുസ്മെന്റ് പാർക്കി കഴിഞ്ഞദിവസം ഭീകരർ കളിച്ചുല്ലസിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു.

ഇസ്ലാം എതിർക്കുന്ന വിഗ്രഹാരാധയെ പ്രോത്സാഹിപ്പിക്കുന്നതാണ് പ്രതിമകൾ എന്നാണ് താലിബാൻ പറയുന്നത്. കലയോടും സാംസ്‌കാരിക പ്രവർത്തനങ്ങളോടുമൊക്കെ ഭാവിയിൽ ഈ നരാധമന്മാർ എന്തു സമീപനമായിരിക്കും സ്വീകരിക്കുക എന്നതിന്റെ ഒരു സൂചനയായാണ് പലരും ഈ സംഭവത്തെ കാണുന്നത്.