''ഇന്നലെയോളമെന്തെന്നറിഞ്ഞീല ഇനി നാളെയുമെന്തെന്നറീഞ്ഞീല...'' ജീവിതത്തിന്റെ അനിശ്ചിതാവസ്ഥ വിവരിക്കുന്ന പൂന്താനത്തിന്റെ വരികൾ സത്യമെന്നു തെളിയിക്കുന്ന ഒരു ദുഃഖകഥ ബ്രിട്ടനിൽനിന്നും.

താലിബാൻ ഭീകരർ കൈയടക്കിയഅഫ്ഗാനിസ്ഥാനിൽ നിന്നും പുറത്തുകടക്കുവാൻ ആയിരങ്ങൾ ജീവൻ പണയം വച്ചും ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ അവിടെ നിന്നും രക്ഷപ്പെടാൻ ഭാഗ്യം സിദ്ധിച്ച ചുരുക്കം ചിലരി ഒരാളായിരുന്നു അഞ്ചുവയസ്സുകാരനായ മുഹമ്മദ് മൊനിബ്. അച്ഛൻ ഒമർ മജീദിക്കും അമ്മ ഷേക്കിബയ്ക്കുമൊപ്പം വിമാനമേറി ബ്രിട്ടനിലെ സുരക്ഷിതത്വത്തിൽ അണയാൻ അവന് കഴിഞ്ഞു.

എന്നാൽ, താലിബാനെ പോലെത്തന്നെ ക്രൂരമായ വിധി അവനെ ജീവിതമാസ്വദിക്കാൻ അനുവദിച്ചില്ല. അഭയം തേടി എത്തിയ മുഹമ്മദിന്റെ കുടുംബം താമസിഛ്കിരുന്ന ഷെഫീൽഡിലെ ഓയോ മെട്രോപോളിറ്റൻ ഹോട്ടലിന്റെ ഒമ്പതാം നിലയിലെ മുറിയിൽ നിന്നും താഴേക്ക് വീണു മരിക്കാനായിരുന്നു അവന്റെ വിധി. ആഴ്‌ച്ചകൾക്ക് മുൻപ് അഫ്ഗാനിസ്ഥാനിൽ നിന്നും ബ്രിട്ടനിലെത്തിയ ഈ കുരുന്നിനൊപ്പം മതാപിതാക്കൾ കൂടാതെ രണ്ട് സഹോദരന്മാരും രണ്ട് സഹോദരിമാരും ഉണ്ടായിരുന്നു. കിടപ്പുമുറിയിലെ ജനലിലൂടെ നോക്കുന്നതിനിടയിലായിരുന്നു ഈ ബാലൻ വീണത്.

സ്വന്തം അമ്മ കണ്ടു നിൽക്കവേയാണ് ഈ ദുരന്തമുണ്ടായത്. തന്റെ മകനെ രക്ഷിക്കണമെന്ന അമ്മയുടെ വിലാപം പക്ഷെ വിധി കേട്ടില്ല. സാധാരണഗതിയിൽ 5 സെന്റീമീറ്റർ മാത്രം തുറക്കാനാകുന്ന ജനൽ എന്തോ കേടുപാടുകൾ സംഭവിച്ചതിനാൽ കൂടുതൽ തുറന്നുപോയതാണ് അപകടകാരണമായി വിലയിരുത്തപ്പെടുന്നത്. ഹോട്ടലിനു പുറകിലെ കാർ പാർക്കിങ് ഏരിയയിലേക്കാണ് കുട്ടി 70 അടി ഉയരത്തിൽ നിന്നും വന്നുവീണത്.

കുട്ടിയെ കുടുംബം തിരിച്ചറിഞ്ഞു എന്നും അവർ അഫ്ഗാൻ സ്വദേശികളാണെന്നും സൗത്ത് യോർക്ക്ഷയർ പൊലീസ് സ്ഥിരീകരിച്ചു. ഇക്കാര്യം ഹോം ഡിപ്പാർട്ട്മെന്റിനെ അറിയിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഈ സംഭവവുമായി ബന്ധപ്പെട്ട എന്തെങ്കിലും കര്യങ്ങൾ അറിയാവുന്നവർ ഉണ്ടെങ്കിൽ അത് പൊലീസുമായി പങ്കുവയ്ക്കാൻ മുന്നോട്ടുവരണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.

മുഹമ്മദിന്റെ പിതാവ് കാബൂളിലെ ബ്രിട്ടീഷ് എംബസിയിലെ ജീവനക്കാരനായിരുന്നു. അവിടേ ദ്വിഭാഷിയായ ജോലിചെയ്തിരുന്ന ഇയാൾ താലിബാന്റെ നോട്ടപ്പുള്ളി കൂടിയാണ്. അതുകൊണ്ടുതന്നെയാണ് താലിബാൻ അധികാരം പിടിച്ചെടുക്കുന്നതിന് ആഴ്‌ച്ചകൾക്ക് മുൻപ് തന്നെ ഇയാൾ അഭയം തേടി ബ്രിട്ടനിലെത്തിയതും. ബിർമ്മിങ്ഹാം വിമാനത്താവളത്തിൽ ഇറങ്ങിയ ഇവർ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മാഞ്ചസ്റ്ററിൽ പത്തു ദിവസത്തെ ക്വാറന്റൈനും പൂർത്തിയാക്കിയ ശെഷമാണ് ഷെഫീൽഡിലെ ഹോട്ടലിൽ എത്തിയത്.