- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ഒഴിയും മുമ്പ് കാബൂൾ ഏംബസി വിടരുതെന്ന് താലിബാന്റെ സന്ദേശം; സുരക്ഷ തങ്ങൾ ഉറപ്പാക്കാമെന്ന് ഖത്തറിലെ രാഷ്ട്രീയ വിഭാഗ തലവന്റെ ഓഫീസിൽ നിന്ന് വാഗ്ദാനം; ഡൽഹിയിലും കാബൂളിലും ബന്ധപ്പെട്ടവരെ അറിയിച്ചത് ആക്രമണം ഭയക്കേണ്ട എന്ന്; ഭീകരസംഘടനകൾ ഏംബസി ആക്രമിക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകളും; താലിബാൻ ശ്രമിച്ചത് ഇന്ത്യയെ ചതിക്കാനോ?
ന്യൂഡൽഹി: കാബുൾ ഏംബസിയിൽ നിന്ന് ഇന്ത്യൻ നയതന്ത്രപ്രതിനിധികളെ ഒഴിപ്പിക്കേണ്ടതില്ലെന്ന് താലിബാൻ സന്ദേശം നൽകിയതായി റിപ്പോർട്ട്. ഉദ്യോഗസ്ഥരുടെയും, സുരക്ഷാ ജീവനക്കാരുടെയും സുരക്ഷ ഗ്രൂപ്പിന്റെ ഖത്തറിലെ ഓഫീസിൽ നിന്ന് ഉറപ്പ് നൽകി എന്നാണ് എൻഡി ടിവി റിപ്പോർട്ട് ചെയ്യുന്നത്.
താലിബാന്റെ രാഷ്ട്രീയ വിഭാഗത്തിന്റെ തലവൻ അബ്ബാസ് സ്റ്റാനിക്‌സായിയുടെ ഓഫീസിൽ നിന്നാണ് കാബൂളിലെയും ഡൽഹിയിലെയും ബന്ധപ്പെട്ടവർക്ക് സന്ദേശം എത്തിയത്. ഏംബസിയിൽ നിന്ന് ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നതിന് മുമ്പായിരുന്നു സന്ദേശം എത്തിയത്.
ഏംബസി ഉദ്യോഗസ്ഥരെ തങ്ങൾ ഉപദ്രവിക്കില്ല എന്നായിരുന്നു സന്ദേശത്തിന്റെ കാതൽ. ഏംബസിക്കോ ജീവനക്കാർക്കോ നേരേ ലഷ്‌കറി തോയിബയുടെയും ജയ്‌ഷെ മുഹമ്മദിന്റെയും ആക്രമണങ്ങളും ഭയക്കേണ്ടതില്ലെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു.
എന്നാൽ, ഇന്റലിജൻസ് റിപ്പോർട്ടുകൾ മറിച്ചായിരുന്നു. ഈ ഭീകരസംഘടനകളിൽ നിന്ന് ഇന്ത്യക്ക് ഭീഷണി ഉണ്ട് എന്നുതന്നെയായിരുന്നു റിപ്പോർട്ടുകൾ. താലിബാൻ ഇന്ത്യക്ക് വ്യാജ ഉറപ്പ് നൽകുകയായിരുന്നോ എന്ന് വ്യക്തമല്ല. എന്തായാലും നയതന്ത്ര ഉദ്യോഗസ്ഥരെ മാറ്റാൻ തന്നെയായിരുന്നു തീരുമാനം.
നിലവിൽ കാബൂളിലെയും മറ്റ് അഫ്ഗാൻ നഗരങ്ങളിലെയും ചില മേഖലകളിൽ ഇന്ത്യൻ പൗരന്മാരുണ്ട്. ഇക്കൂട്ടത്തിൽ 200 ഓളം വരുന്ന ഹിന്ദുക്കളും സിഖുകാരുമുണ്ട്. ഇവർ ഒരുഗുരുദ്വാരയിൽ അഭയം തേടിയിരിക്കുകയാണ്. ഇവരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് താലിബാന്റെ രാഷ്ട്രീയ വക്താവ് എം.നയീം വീഡിയോ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
മൂന്നുദിവസം മുമ്പ് ഒഴിപ്പിക്കലിന് ശേഷം കാബൂളിലെ ഇന്ത്യൻ എംബസി അടച്ചിരുന്നു. അടച്ചിട്ടതിന് പിന്നാലെ ഇന്ത്യൻ കോൺസുലേറ്റുകളിൽ താലിബാൻ സംഘം അരിച്ചുപെരുക്കി. കോൺസുലേറ്റുകളിലെത്തിയ താലിബാൻ സംഘം അവിടെ രേഖകൾ തിരയുകയും പുറത്ത് പാർക്ക് ചെയ്തിരുന്ന കാറുകളുമായി സ്ഥലംവിട്ടതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കാണ്ഡഹാറിലെയും ഹെറാത്തിലെയും ഇന്ത്യൻ കോൺസുലേറ്റുകളിലാണ് താലിബാൻ സംഘം പരിശോധന നടത്തിയത്.
കാബൂളിലെ എംബസി കൂടാതെ ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനിൽ നാല് കോൺസുലേറ്റുകൾ പ്രവർത്തിച്ചിരുന്നു. കാണ്ഡഹാറിനും ഹെറാത്തിനും പുറമേ മസാർ-ഇ-ഷെരീഫിലും ഇന്ത്യൻ കോൺസുലേറ്റ് പ്രവർത്തിച്ചിരുന്നു. പ്രദേശത്ത് താലിബാൻ നിയന്ത്രണം ഏറ്റെടുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ കോൺസുലേറ്റ് അടച്ചുപൂട്ടിയിരുന്നു.
അഫ്ഗാൻ തലസ്ഥാനമായ കാബൂൾ പിടിച്ചെടുത്ത ശേഷം ദേശീയ രഹസ്യാന്വേഷണ ഏജൻസിയായ നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റിയിൽ ജോലി ചെയ്തിരുന്ന അഫ്ഗാനികളെ തിരിച്ചറിയാൻ താലിബാൻ കാബൂളിൽ ഓരോ വീടുകളും കയറിയിറങ്ങി തിരച്ചിൽ നടത്തുകയാണ്.
തന്ത്രപ്രധാനമായ നീക്കത്തിലൂടെ വ്യോമസേനയുടെ രണ്ട് സി-17 വിമാനങ്ങളിൽ ഈയാഴ്ച എംബസി ജീവനക്കാരെ ഇന്ത്യ തിരിച്ചെത്തിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ അംബാസഡറെ നേരത്തെ ഇന്ത്യ തിരികെ നാട്ടിൽ എത്തിച്ചിരുന്നു. അഫ്ഗാനിൽ താലിബാൻ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം രാജ്യത്തുനിന്ന് രക്ഷപ്പെടാൻ നയതന്ത്രജ്ഞരും സാധാരണ ജനങ്ങളും വളരെയധികം ബുദ്ധിമുട്ടുകയാണ്. ചില ഇന്ത്യൻ പൗരന്മാർ ഇപ്പോഴും കാബൂളിൽ കുടുങ്ങിക്കിടക്കുകയാണ്.
അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ മിഷനിലെ 200 ഓളം ഉദ്യോഗസ്ഥരെ മൂന്ന് ദിവസത്തിനുള്ളിൽ ഒഴിപ്പിച്ചതായി ഇന്ത്യൻ പ്രതിനിധി രുദ്രേന്ദ്ര ടണ്ടൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.അതിനിടെ, അഫ്ഗാനിസ്ഥാനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഇന്ത്യൻ വ്യോമസേനയുടെ സി 17 ഗ്ലോബ്മാസ്റ്റർ വിമാനം കാബൂളിൽ എത്തി. മലയാളികൾ അടക്കമുള്ളവരുമായി വിമാനം വെള്ളിയാഴ്ച മടങ്ങുമെന്നാണു സൂചന. ഗുരുദ്വാരയിൽ കുടുങ്ങിയ എഴുപതോളം പേരെ കാബൂളിലെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയിരുന്നു. ഇവരെയും ഇന്ത്യയിലേക്കു തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ്.
പുരോഗമനപരമായ മാറ്റങ്ങളോടെയാകും ഇത്തവണ തങ്ങളുടെ ഭരണമെന്ന് താലിബാൻ ആവർത്തിക്കുമ്പോഴും ജനങ്ങൾ ആശങ്കയിലാണെന്നാണ് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുമെന്നും സമാധാനം പാലിക്കുമെന്നും താലിബാൻ പറയുമ്പോഴും ആയിരക്കണക്കിന് പേരാണ് കാബൂളിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്. 1996-2001 കാലഘട്ടത്തിലെ താലിബാൻ ഭരണത്തിന്റെ ഓർമകളാണ് ഇവരെയെല്ലാം ഭയപ്പെടുത്തുന്നത്.
അന്നത്തെ ഭരണകാലയളവിൽ സ്ത്രീകൾക്ക് പൊതുജീവിതത്തിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. പെൺകുട്ടികൾക്ക് സ്‌കൂൾ വിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്തു. പരസ്ത്രീ,പരപുരുഷ ബന്ധം കണ്ടെത്തിയാൽ കല്ലെറിഞ്ഞ് കൊല്ലുകയെന്നതായിരുന്നു ശിക്ഷ. സംഗീതത്തിനും ടെലിവിഷൻ പരിപാടികൾക്കും താലിബാൻ ഭരണകാലയളവിൽ വിലക്കേർപ്പെടുത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ