ന്യൂഡൽഹി: അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചാൽ എന്തു സംഭവിക്കുമെന്ന് നയതന്ത്ര ഉദ്യോഗസ്ഥർക്ക് അറിയമായിരുന്നു. അതുകൊണ്ട് തന്നെ ആദ്യം കിട്ടിയ വിമാനത്തിൽ അവർ നാട്ടിലേക്ക് രക്ഷപ്പെട്ടു. ഇതോടെ അഫ്ഗാനിലെ ഇന്ത്യൻ എംബസി നാഥനില്ലാ കളരിയായി. എപ്പോഴും തുറന്നു വച്ചിരിക്കുന്ന ആരുമില്ലാത്ത ഓഫീസ്. മറ്റ് രാജ്യങ്ങളുടെ എംബസികൾ ഇപ്പോഴും അഫ്ഗാനിൽ സജീവമാണ്. അതുകൊണ്ട് അവരുടെ ഒഴിപ്പിക്കലിനും തടസ്സമില്ല.

ഇന്ത്യാക്കാരുടെ മടങ്ങി വരവിന് താലിബാൻ ഭീഷണി ശക്തമാണ്. അഫ്ഗാനിൽ എല്ലായിടത്തും നിലയുറപ്പിച്ച താലിബാൻ ഇന്ത്യാക്കാരുടെ സ്വന്തം രാജ്യത്തിലേക്കുള്ള യാത്ര മുടക്കുകയാണ്. താലിബാന്റെ കണ്ണുവെട്ടിച്ച് ഇന്ത്യയിലേക്കു മടങ്ങാനുള്ള ശ്രമത്തിലാണ് മലയാളിയുൾപ്പെടെയുള്ള ഇന്ത്യൻ സംഘം. എന്നാൽ ഏകോപനത്തിലെ കുറവ് കാരണം ഒന്നും നടക്കുന്നില്ല.

ഇന്ത്യൻ ഉദ്യോഗസ്ഥർ രാജ്യം വിട്ടതു മൂലമാണ് അവിടെയുള്ള ഇന്ത്യക്കാരുടെ ഒഴിപ്പിക്കൽ വൈകുന്നതെന്നതാണ് വസ്തുത. യുഎസ് ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾ ഏതാനും ഉദ്യോഗസ്ഥരെ എംബസിയിൽ നിലനിർത്തി അവരുടെ പൗരന്മാരുടെ മടക്കയാത്ര ഏകോപിപ്പിക്കുകയാണ് ഇപ്പോൾ. എംബസി അടച്ചുപൂട്ടി അംബാസഡർ ഉൾപ്പെടെ രാജ്യം വിട്ടതോടെ അഫ്ഗാനിലെ ഇന്ത്യാക്കാരുടെ ദുരിതം കൂടി.

താലിബാൻ സംഘം കാബൂൾ പിടിച്ചടക്കിയതിനു പിന്നാലെ കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ വ്യോമസേനയുടെ സി 17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾ കാബൂളിലെത്തി. എംബസി ഉദ്യോഗസ്ഥർ, എംബസിയുടെ സുരക്ഷാ ചുമതലയുള്ള ഐടിബിപി സേനാംഗങ്ങൾ, സംഘർഷം റിപ്പോർട്ട് ചെയ്ത 4 മാധ്യമപ്രവർത്തകർ എന്നിവരടക്കം 150 പേരെയാണ് ഇന്ത്യയിലെത്തിച്ചത്.

ഇന്ത്യൻ ഉദ്യോഗസ്ഥർ താലിബാന്റെ ആക്രമണത്തിനിരയാകാൻ സാധ്യതയുണ്ടെന്നു കരുതി അതിവേഗം അവിടെ നിന്ന് മടങ്ങി. പാക്കിസ്ഥാന്റെ പിന്തുണയുള്ള താലിബാനെ ഭയന്ന് നടത്തിയ നീക്കം. താലിബാനിൽ ഇന്ത്യാ വിരുദ്ധ വികാരം ശക്തമാണെന്നാണു കേന്ദ്ര സർക്കാരിന്റെ നിഗമനം. 2008 ൽ ഇന്ത്യൻ എംബസിക്കു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 58 പേർ കൊല്ലപ്പെട്ടിരുന്നു.

അഫ്ഗാനിൽ എത്ര ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കണക്ക് പോലും കൃത്യമായി ഇല്ല. ഇന്ത്യക്കാർ വാട്‌സാപ് ഗ്രൂപ്പ് തുടങ്ങിയതോടെയാണ് 290 പേർ അവിടെയുണ്ടെന്നു അറിയുന്നത്. ഈ ഗ്രൂപ്പിൽ എംബസിയിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരും ഇപ്പോൾ അംഗങ്ങളാണ്. ഡൽഹിയിൽ ഇരുന്ന് അവർ ഗ്രൂപ്പിലൂടെ ഉപദേശിക്കുന്നു.

വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിലേക്ക് ഇവരെ എത്തിക്കാൻ അഫ്ഗാൻ സ്വദേശിയായ ആളെ നിയോഗിച്ചു. എന്നാൽ, ഹോട്ടലിൽ ഒരു ദിവസത്തിലധികം കാത്തിരുന്നിട്ടും ഇന്നലെ രാത്രി വരെ അവർക്ക് വിമാനത്താവളത്തിൽ എത്താൻ കഴിഞ്ഞില്ല.

യാത്ര അനിശ്ചിതത്വത്തിലായതോടെ വിമാനത്താവളത്തിനു സമീപത്തെ ഹോട്ടലിൽ രാത്രി ഒളിവിൽ കഴിയുകയാണ് ഇവർ. വിമാനത്താവളത്തിന്റെ നിയന്ത്രണം അമേരിക്കൻ സൈന്യത്തിനാണെങ്കിലും പുറത്ത് താലിബാൻ പരിശോധനയാണ്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടല്ലാതെ അഫ്ഗാനിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാരെ രക്ഷിക്കാനുള്ള ശ്രമമാണ് ഇന്ത്യയുടേത്.