ന്യൂഡൽഹി: അഫ്ഗാനികൾ ഭയത്തിലാണ്. എന്തും സംഭവിക്കാം. അതു മനസ്സിലാക്കി ജീവൻ രക്ഷിക്കാൻ പഴയതെല്ലാം മാച്ചു കളയുകയാണ് അഫ്ഗാനികൾ. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചതോടെയാണ് ഭയം പൗരന്മാർക്ക് തോന്നിയത്.

പഴയകാല സമൂഹമാധ്യമ ഇടപെടലുകളും പോസ്റ്റുകളും മായ്ക്കുകയാണ് അഫ്ഗാൻ പൗരന്മാർ. താലിബാന്റെ നോട്ടപ്പുള്ളിയാകുമോ എന്ന ഭയത്തിലാണ് മനുഷ്യാവകാശ പ്രവർത്തകരും മാധ്യമപ്രവർത്തകരും. യുഎസ് ഏജൻസികളുമായി മുൻപ് സഹകരിച്ചവരെ താലിബാൻ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. ഇന്ത്യൻ എംബസിയുമായി സഹകരിച്ചവരും ഭീതിയിലാണ്.

ഫേസ്‌ബുക്, ലിങ്ക്ഡ്ഇൻ, ട്വിറ്റർ അടക്കമുള്ള കമ്പനികൾ അഫ്ഗാനികളെ സഹായിക്കാൻ രംഗത്തുണ്ട്. അഫ്ഗാനികളുടെ വിവരങ്ങൾ അവർ സുരക്ഷിതമാക്കും.. യുഎസ് ഏജൻസിയായ യുഎസ്എയ്ഡ് വെബ്‌സൈറ്റുകൾ, സമൂഹമാധ്യമ അക്കൗണ്ടുകൾ എന്നിവയിൽ നിന്ന് അഫ്ഗാൻ പൗരന്മാരുടെ വിവരങ്ങൾ നീക്കി. യുഎസുമായി സഹകരിച്ച ചിത്രങ്ങളും രേഖകളും മാറ്റും.

ഒറ്റ ക്ലിക്കിൽ പ്രൊഫൈൽ ലോക്ക് ചെയ്യാനുള്ള സംവിധാനം അഫ്ഗാനിൽ ഫേസ്‌ബുക്ക് ഏർപ്പെടുത്തി. സുഹൃത്തുക്കളല്ലാത്തവർക്ക് പോസ്റ്റുകൾ കാണാനോ പ്രൊഫൈൽ പടം എടുക്കാനോ കഴിയില്ല. പ്രൊഫൈലുകളിൽ പോയി ഫ്രണ്ട്‌സ് ലിസ്റ്റ് തുറക്കുകയും അസാധ്യം.

നീക്കം ചെയ്ത ട്വീറ്റുകൾ സൂക്ഷിച്ചുവയ്ക്കുന്ന ഇന്റർനെറ്റ് ആർക്കൈവുകളിൽ നിന്ന് ആവശ്യമെങ്കിൽ നീക്കം ചെയ്യാൻ നേരിട്ട് ട്വിറ്റർ ആവശ്യപ്പെടും. അഫ്ഗാനിലുള്ളവരുടെ ലിങ്ക്ഡ്ഇൻ ലിസ്റ്റിലുള്ള വ്യക്തികളെ മറ്റുള്ളവർക്കു കാണാൻ കഴിയാത്ത തരത്തിൽ ലോക്ക് ചെയ്യും.

അഫ്ഗാനിലുള്ളവർക്ക് പ്രൊഫൈലുകൾ സുരക്ഷിതമാക്കാനായി പ്രത്യേക പോപ്അപ് അലർട്ടുകൾ ഇൻസ്റ്റാ ഗ്രാമും നൽകിത്തുടങ്ങി.