- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിമലക്കുന്നിൽ ദുശ്ശാസനസ്വാമിക്ക് അവിട്ടംനാളിൽ ഉത്സവം; കരിക്കും മദ്യവും കപ്പ ചുട്ടതും നേദ്യം; ശബരിമല വനത്തിലെ വേറിട്ട ഉത്സവം ഇങ്ങനെ
ചിറക്കടവ്: മണിമലക്കുന്നിൽ ഇത് ഉത്സവക്കാലം. ദുശ്ശാസനസ്വാമിക്ക് അവിട്ടംനാളിലാണ് ഉത്സവം. കൗരവരിൽ രണ്ടാമനായ ദുശ്ശാസനൻ ചിറക്കടവ് മണിമലക്കുന്നിലെ ഇഷ്ടമൂർത്തിയാണ്. ഇത്തവണ കോവിഡ് മാനദണ്ഡം പാലിച്ചാവും ചടങ്ങ്.
തിരുവോണത്തിന് പിറ്റേന്ന് ഉച്ചകഴിഞ്ഞാണ് കുന്നിന് മുകളിൽ വനത്തിന് സമാനമായ കാവിൽ സ്വാമിക്ക് പൂജയും നേദ്യവും നടത്തുന്നത്. വള്ളിപ്പടർപ്പുകൾക്കിടയിൽ കല്ലിലുള്ള പ്രതിഷ്ഠയിൽ മഞ്ഞൾ ചാർത്തി വിളക്ക് തെളിച്ചാണ് ചടങ്ങുകൾ തുടങ്ങുക. മഹാഭാരതത്തിൽ വില്ലനാണ് ദുശാസ്സനൻ. അതെല്ലാം ഇവിടെ ആരും പറയുകയോ ഓർക്കുകയോ ഇല്ല.
പേരൂർ കുടുംബത്തിന്റെ വകയാണ് കാവ്. ഭക്തർ ദുശ്ശാസനസ്വാമിക്ക് കരിക്ക് സമർപ്പിക്കും. പൂജകൾക്ക് ശേഷം കരിക്കേറ് വഴിപാട് നടത്തും. പാരമ്പര്യ ഗോത്രാചാരപ്രകാരമാണ് ചടങ്ങ്. കപ്പചുട്ടതും മദ്യവുമാണ് നേദിക്കുന്നത്.
ശബരിമല വനത്തിൽ കൗരവർ നൂറ്റൊന്നുപേരും ഓരോ മലകളിലായി കുടികൊള്ളുന്നുവെന്ന ഐതിഹ്യത്തിന്റെ തുടർച്ചകൂടിയാണ് ആചാരം. ശബരിമല വനത്തിന്റെ തുടർച്ചയായ ഭാഗമാണ് ചിറക്കടവ് ദേശം.
പൂജ നടത്തുന്നയാൾ ശബരിമല ദിക്കിലേക്ക് തിരിഞ്ഞ് മലവിളി നടത്തും. ഓരോ മലയെയും ദൈവസങ്കൽപ്പത്തിൽ വിളിച്ചുചൊല്ലിയാണ് മലവിളി. ഇതിന് കിഴക്ക് വിഴിക്കിത്തോട് മലങ്കോട്ടപ്പാറയിൽ ദുര്യോധനനുൾപ്പെടെ നൂറ്റവരെ പൂജിക്കുന്ന കാവുണ്ട്.