കാബൂൾ: സർക്കാർ രൂപവത്കരിക്കുന്നതിനുള്ള ചർച്ചകൾക്കായി താലിബാൻ സഹസ്ഥാപകൻ മുല്ല അബ്ദുൽ ഗനി ബരാദർ ശനിയാഴ്ച കാബൂളിലെത്തി. അമേരിക്കയുടെ പിന്തുണയുണ്ടായിരുന്ന അഫ്ഗാൻ സർക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ച താലിബാൻ ഭീകരരുടെ ഔദ്യോഗിക വെബ്‌സൈറ്റ് അപ്രത്യക്ഷമായി. അഫ്ഗാനിസ്ഥാനിലെ താലിബാൻ വിരുദ്ധ സേന മൂന്ന് ജില്ലകൾ തിരിച്ചുപിടിച്ചുവെന്നും റിപ്പോർട്ടുണ്ട്.

എത്രയും വേഗം അഫ്ഗാനിൽ താലിബാൻ ഭരണം കൊണ്ടു വരികയാണ് ബരാദറിന്റെ കാബൂളിലേക്കുള്ള വരവിന്റെ ലക്ഷ്യം. താലിബാനിലെ മറ്റ് പ്രധാന അംഗങ്ങളുമായും മറ്റ് രാഷ്ട്രീയക്കാരുമായുമാണ് പുതിയ അഫ്ഗാൻ സർക്കാർ രൂപവത്കരിക്കുന്നതിനെക്കുറിച്ച് ബരാദർ ചർച്ച നടത്തുക. 2010ൽ പാക്കിസ്ഥാനിൽ അറസ്റ്റിലായ ബരാദറിനെ അമേരിക്കയുടെ സമ്മർദ്ദം കാരണം 2018ൽ മോചിപ്പിക്കുകയായിരുന്നു.

ജയിൽ മോചിതനായശേഷം ബരാദർ ഖത്തറിലേക്ക് കടക്കുകയായിരുന്നു. പിന്നീട് ദോഹയിലുള്ള താലിബാന്റെ രാഷ്ട്രീയ ഓഫീസിന്റെ തലവനായി ബരാദറിനെ നിയമിച്ചു. അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുള്ള കരാറിൽ ഒപ്പിടുന്നതിന് ബരാദറാണ് നിർണ്ണായക ശക്തിയായി മാറിയത്. ചൊവ്വാഴ്ചയാണ് ബരാദാർ ഖത്തറിൽ നിന്ന് അഫ്ഗാനിസ്ഥാനിലെത്തിയത്.

തിരിച്ചുവരവിന് ബരാദർ തിരഞ്ഞെടുത്തത് താലിബാൻ പിറവികൊണ്ട സ്ഥലവും രാജ്യത്തെ രണ്ടാമത്തെ വലിയ നഗരവുമായ കാണ്ഡഹാറാണ്. ബരാദർ തിരിച്ചെത്തി മണിക്കൂറുകൾക്കുള്ളിൽത്തന്നെ താലിബാൻ അവരുടെ ഭരണം ഇത്തവണ 'വ്യത്യസ്തമായിരിക്കും' എന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്നാണ് കാബൂളിലേക്കുള്ള വരവ്. ഇതിനിടെയാണ് താലിബാൻ വെബ്‌സൈറ്റ് അപ്രത്യക്ഷമായത്.

ഇതിനു പിന്നിൽ സാങ്കേതിക പ്രശ്‌നമാണോ മറ്റെന്തെങ്കിലുമാണോയെന്ന് വ്യക്തമല്ല. പാഷ്‌തോ, ദാരി, അറബി, ഉർദു, ഇംഗ്ലീഷ് ഭാഷകളിൽ താലിബാൻ പ്രത്യേകം വെബ്‌സൈറ്റുകൾ പ്രവർത്തിപ്പിച്ചിരുന്നു. അതിനിടെ അഫ്ഗാനിസ്ഥാനിലെ താലിബാൻ വിരുദ്ധ സേന മൂന്ന് ജില്ലകൾ തിരിച്ചുപിടിച്ചു. ഖയിർ മുഹമ്മദ് അന്ദരാബിയിടെ നേതൃത്വത്തിലുള്ള ജനകീയ പ്രതിരോധ സേന പോൾ ഇ ഹെസാർ, ദെ സല, ബാനു ജില്ലകളാണ് തിരിച്ചുപിടിച്ചത്.

നിരവധി താലിബാൻ ഭീകരർ പോരാട്ടത്തിൽ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. അറുപതോളം താലിബാൻ ഭീകരർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്‌തെന്ന് അഫ്ഗാൻ വാർത്താ ഏജൻസി അസ്വാക പറയുന്നു. കാബൂളിന് വടക്ക് ഭാഗത്തായുള്ള പോൾ-ഇ-ഹെസർ ജില്ല വെള്ളിയാഴ്ചയാണ് പ്രതിരോധ സേന തിരിച്ചുപിടിച്ചത്.

അഫ്ഗാന്റെ താൽക്കാലിക പ്രസിഡന്റ് താനാണെന്ന് അവകാശപ്പെടുന്ന മുൻ വൈസ് പ്രസിഡന്റ് അംറുള്ള സാലെ പഞ്ച്ഷിറിലാണുള്ളത്. ഇവിടെനിന്നും താലിബാനെതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയാണ് അദ്ദേഹം.